ഗെയ്ല്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്, വൈഭവ് വെറും കുട്ടിയായി!! ചെയ്തതിങ്ങനെ, ഓടിയെത്തി അഭിഷേക്
ന്യൂചണ്ഡീഗഡ്: ലോക ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍ താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് ഐപിഎല്ലില്‍ വീണ്ടും വൈഭവ് സൂര്യവംശിയുടെ വണ്‍മാന്‍ ഷോ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള എലിമിനേറ്ററിലാണ് 15 കാരന്റെ ബാറ്റിങ് വിരുന്ന് കണ്ടത്.
ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡ് കൈയുംദൂരത്ത് വൈഭവിനു കൈവിടേണ്ടി വരികയായിരുന്നു. 30 ബോളില്‍ സെഞ്ച്വറിയെന്ന ഗെയ്‌ലിന്റെ ഐതിഹാസിക റെക്കോര്‍ഡാണ് താരത്തിനു ജസ്റ്റ് മിസ്സായത്.

photocredit/X
29 ബോളില്‍ 97 റണ്‍സ് വാരിക്കൂട്ടിയാണ് റോയല്‍സിന്റെ വണ്ടര്‍കിഡ് ക്രീസ് വിട്ടത്. 334.48 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ആറാട്ട്. 12 കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
29 ബോളില്‍ സെഞ്ച്വറിയുമായി താരം ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നു ഉറപ്പിച്ചിരിക്കവെയായിരുന്നു അപ്രതീക്ഷിത പുറത്താവല്‍. ഔട്ടായ ശേഷമുള്ള വൈഭവിന്റെ പ്രതികരണം എങ്ങനെ ആയിരുന്നെന്നു നോക്കാം.
വൈഭവിന്റെ പുറത്താവല്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് നിരയെ നിലം തൊടീക്കാതെ പറപ്പിച്ച വൈഭവ് സൂര്യവംശി ഒരു പഴുതും നല്‍കാതെയുള്ള ഇന്നിങ്‌സാണ് കെട്ടഴിച്ചത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയടക്കം ആരെയും താരം വെറുതെ വിട്ടില്ല. ഏഴോവര്‍ കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് പോവാതെ 96 റണ്‍സെടുത്തിരുന്നു.
ഇതില്‍ 72 റണ്‍സും വൈഭവിന്റൈ ബാറ്റില്‍ നിന്നായിരുന്നു. വെറും 23 ബോളിലാണിത്. 19 ബോളില്‍ 24 റണ്‍സുമായി യശസ്വി ജയ്‌സ്വാാളായിരുന്നു ക്രീസിന്റെ മറുഭാഗത്ത്. എട്ടാം ഓവറില്‍ ബൗള്‍ ചെയ്തത് പേസര്‍ പ്രഫുല്‍ ഹിംഗെയാണ്. ആദ്യ ബോളല്‍ സിംഗിളെടുത്ത് ജയ്‌സ്വാള്‍ സ്‌ട്രൈക്ക് വൈഭവിനു കൈമാറുകയായിരുന്നു.
അടുത്ത ബോളില്‍ വൈഭവിന്റെ സിക്‌സര്‍. മൂന്നാമത്തേത് വൈഡായിരുന്നു. തുടര്‍ന്ന് തുടരെ രണ്ടു ഫോറുകള്‍. അതിലൊന്ന് നോ ബോളുമായിരുന്നു. പിന്നാലെ ഫ്രീഹിറ്റില്‍ നിന്നും സിക്‌സര്‍. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സ്.
ഇതോടെ 28 ബോളില്‍ വൈഭവ് 97ലെത്തി. അടുത്ത ബോളില്‍ ഫോറോ, സിക്‌സോ പായിച്ചാല്‍ സെഞ്ച്വറിക്കൊപ്പം റെക്കോര്‍ഡും. ക്രിസ് ഗെയ്‌ലിന്റെ 30 ബോള്‍ സെഞ്ച്വറി റെക്കോര്‍ഡും തകരും.
എന്നാല്‍ വൈഭവിന്റെ സെഞ്ച്വറി പ്രതീക്ഷിച്ചവരെ കാത്തിരുന്നത് അപ്രതീക്ഷിത പുറത്താവലായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ തേര്‍ഡ് മാനിനു മുകളിലൂടെ അപ്പര്‍ കട്ടിനു താരം ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് ചെറുതായൊന്നു പാളിയപ്പോള്‍ സ്മരണ്‍ രവിചന്ദ്രന്‍ അല്‍പ്പം മുന്നോട്ടു ഡൈവ് ചെയ്ത് ബോള്‍ കൈക്കുള്ളിലാക്കി. ഇതു കണ്ട വൈഭവ് ആകെ തളര്‍ന്നു സ്തബ്ധനായി നിന്നു.

ഒരു സ്‌കൂള്‍ കുട്ടിയെപോലെ ഇല്ല ഞാന്‍ ക്രീസ് വിടില്ല എന്ന മട്ടില്‍ താരം നിന്നയിടത്തു തന്നെ അല്‍പ്പസമയം നില്‍ക്കുകയായിരുന്നു. ക്രീസ് വിടാന്‍ മടിച്ച് വൈഭവ് കടുത്ത നിരാശ പ്രകടിപ്പിച്ചപ്പോള്‍ എസ്ആര്‍എച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ അടുത്തേക്കു വന്ന് തോളില്‍ തട്ടി ആശ്വസിപ്പിക്കുകയായിരുന്നു.
എന്നിട്ടും വൈഭവ് ഗ്രൗണ്ട് വിടാന്‍ തയ്യാറായില്ല. ഒടുവില്‍ മനസില്ലാ മനസോടെ താരം മടിച്ച് മടിച്ച് പതിയെ ഡ്രസിങ് റൂമിലേക്കു തിരികെ നടന്നപ്പോള്‍ റോയല്‍സ് ഡ്രസിങ് റൂമില്‍ കോച്ച് കുമാര്‍ സങ്കക്കാരയടക്കം എല്ലാവരും ഏഴുന്നേറ്റു നിന്ന് കൈയടിച്ചാണ് താരത്തെ വരവേറ്റത്.
റെക്കോര്‍ഡുകള്‍ പഴങ്കഥ
എലിമിനേറ്ററിലെ ഈ അവിശ്വസനീയ ബാറ്റിങ് വിരുന്നിലൂടെ നിരവധി വമ്പന്‍ റെക്കോര്‍ഡുകളാണ് വൈഭവ് സൂര്യവംശി പഴങ്കഥയാക്കിയത്. ഒരു സീസണിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ഇതിലൊന്ന്. 2012ലെ സീസണില്‍ ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച 59 സിക്‌സറുകളെന്ന റെക്കോര്‍ഡ് വൈഭവ് തകര്‍ത്തിരിക്കുകയാണ്. 65 സിക്‌സറുകള്‍ ഇപ്പോള്‍ താരത്തിന്റെ പേരിലുണ്ട്.
ടി20 ചരിത്രത്തില്‍ അതിവേഗം 100 സിക്‌സറുകള്‍ നേടിയ താരമായും വൈഭവ് മാറിയിരിക്കുകയാണ്. 514 ബോളുകളിലാണ് താരം ഈ നേട്ടത്തിലെത്തിയത്. കരണ്‍ബീര്‍ സിങിന്റെ (813 ബോള്‍) പേരിലായിരുന്ന റെക്കോര്‍ഡാണ് താരം തിരുത്തിയത്.
ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്ത കൗമാര താരം, ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ താരം, ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ സിക്‌സറടിച്ച താരം എന്നീ റെക്കോര്‍ഡുകളും വൈഭവിനെ തേടിയെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


