സഞ്ജുവിന്റെ മിന്നും ഫിഫ്റ്റി, എങ്ങും കൈയടി, ഗാലറിയില്‍ ഭാര്യ ചാരുലത ചെയ്തതിങ്ങനെ!! വൈറല്‍
ഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഡു ഓര്‍ ഡൈ പോരില്‍ ബാറ്റിങ് അത്ര എളുപ്പമില്ലാതിരുന്ന പിച്ചില്‍ സ്‌പെഷ്യല്‍ ഫിഫ്റ്റി തന്നെയാണ് അദ്ദേഹം കുറിച്ചത്.
പുറത്താവാതെ 87 റണ്‍സെടുത്ത സഞ്ജുവിലേറി സിഎസ്‌കെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയവും കൈക്കലാക്കി. വെറും 52 ബോളില്‍ ഏഴു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദഹത്തിന്റെ ഗംഭീര ഇന്നിങ്‌സ്. രണ്ടു ടീമുകളെയുമെടുത്താല്‍ ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഏക താരവും സഞ്ജുവാണ്.

അതുകൊണ്ടു തന്നെ ഈ ഇന്നിങ്‌സിനു തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. റണ്‍ചേസില്‍ തന്റെ പങ്കാളികളെ നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ക്രീസില്‍ ഉറച്ചു നിന്നാണ് സഞ്ജു തനിച്ച് ടീമിനെ വിജയത്തിലേക്കു നയിച്ചത്.
കളിയിലെ താരമായി തിരഞ്ഞെടുക്കെപ്പടും അദ്ദേഹം തന്നെ. അതിനിടെ ഈ മല്‍സരത്തില്‍ അദ്ദേഹം ഫിഫ്റ്റി തികച്ചതിനു ശേഷം ഗാലറിയില്‍ ഭാര്യ ചാരുലതയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കരുത്തായി ചാരു
ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മല്‍സരങ്ങളിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത. ഭര്‍ത്താവിനു പിന്തുണുമായി ഗ്യാലറിയില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന അവരെ നേരത്തേയും നമ്മള്‍ കണ്ടിട്ടുള്ളതാണ്, ഇത്തവണയും ചാരുലത പതിവുതെറ്റിച്ചില്ല.
സിഎസ്‌കെയുടെ റണ്‍ചേസ് മുതല്‍ സഞ്ജു ബാറ്റ് ചെയ്യവെ പലപ്പോഴും ക്യാമറാക്കണ്ണുകള്‍ ചാരുലതയിലേക്കു എത്തിയിരുന്നു. വളരെയധികം ശ്രദ്ധയോടെ തുടക്കം മുതല്‍ കളിയില്‍ മുഴുകിയിരിക്കുന്ന അവരെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. സഞ്ജു വമ്പന്‍ ഷോട്ടുകള്‍ കളിച്ചപ്പോഴും അല്ലാത്തപ്പോഴുമെല്ലാം ഒരേ പോലെ തന്നെയായിരുന്നു ചാരുലതയെന്നു പറയാം.

Photocredit/Jiohotstar
തുടക്കത്തില്‍ വളരെയധികം ശ്രദ്ധയോടെയാണ് സഞ്ജു ബാറ്റ് വീശിയത്. അനാവശ്യ റിസ്‌കുകളെടുക്കാതെ മോശം ബോളുകള്‍ക്കായി അദ്ദേഹം കാത്തിരിക്കുകയും ചെയ്തു. കുല്‍ദീപ് യാദവെറിഞ്ഞ 12ാമത്തെ ഓവറിലായിരുന്നു സഞ്ജു ഈ സീസണിലെ മൂന്നമത്തെ ഫിഫ്റ്റി കുറിച്ചത് (നേരത്തേയുള്ള രണ്ടു ഫിഫ്റ്റിയും സെഞ്ച്വറികളാക്കി മാറ്റിയിരുന്നു).
12ം ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ കുല്‍ദീപിനെതിരേ തുടരെ രണ്ടു സിക്‌സറുകള്‍ പറത്തിയ സഞ്ജു അടുത്ത ബോളില്‍ ഫോറുമടിച്ചു. ഇതോടെ അദ്ദേഹം 49 റണ്‍സിലുമെത്തി.
തുടര്‍ന്നുള്ള ബോളില്‍ സിംഗിളെടുത്ത് സഞ്ജു ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. 32 ബോളിലാണ് നേട്ടം. ഈ ഫിഫ്റ്റിക്കു ശേഷം കാണികളെയും ഗാലറിയെയും നോക്കി സഞ്ജു അഭിവാദ്യം ചെയ്യവെയാണ് ചാരുലതയെയും ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്.
ഒപ്പമുണ്ടായിരുന്ന സിഎസ്‌കെയുടെ മറ്റു ഫാന്‍സ് എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കൈയടിച്ച് സഞ്ജുവിന്റെ ഫിഫ്റ്റിയെ അഭിനന്ദിച്ചപ്പോള്‍ ചാരുലതയുടെ മുഖത്ത് അമിത സന്തോഷമൊന്നും കണ്ടില്ല.
ഇരുന്ന ഇടത്തുനിന്നു തന്നെ ആദ്യം കൈയടിച്ച ശേഷം ചാരുലത ചുണ്ടില്‍ തൊട്ട് നെഞ്ചില്‍ വച്ച് ദൈവത്തോടു നന്ദി പറയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയിലും ഏറെ വൈറലായി മാറിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications