ചെന്നൈ: ഈ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 160 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ചെപ്പോക്കില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ മുംബൈയെ ഏഴു വിക്കറ്റിനു 159 റണ്‍സില്‍ സിഎസ്‌കെ പിടിച്ചുകെട്ടുകയായിരുന്നു.
ഈ മല്‍സരത്തില്‍ സിഎസ്‌കെയുടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശത്തിനു പിന്നാലെ അടുത്ത ബോളില്‍ തന്നെ വിക്കറ്റും ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്താണ് സംഭവിച്ചതെന്നറിയാം.

മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിലെ 18ാം ഓവറിലായിരുന്നു സഞ്ജു സാംസണ്‍ തനിക്കുള്ളിലെ ക്യാപ്റ്റനെ പുറത്തെടുത്തത്. അഞ്ചു വിക്കറ്റിനു 135 റണ്‍സെന്ന നിലയിലാണ് 17ാം ഓവര്‍ മുംബൈ അവസാനിപ്പിക്കുന്നത്. റണ്ണെടുക്കാന്‍ പാടുപെട്ട ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (15 ബോളില്‍ 10) പുതുതായി ക്രീസിലെത്തിയ റോബിന്‍ മിന്‍സുമായിരുന്നു (1 ബോളില്‍ 1) അപ്പോള്‍ ക്രീസില്‍.
ചെന്നൈക്കായി ഏറ്റവും നന്നായി ബൗള്‍ ചെയ്തു കൊണ്ടിരുന്ന പേസര്‍ അന്‍ഷുല്‍ കംബോജാണ് തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് മിന്‍സുമായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തായിരുന്നു അന്‍ഷുലിന്റെ ആദ്യത്തെ ബോള്‍. കാല്‍മുട്ടിലൂന്നി എക്‌സ് കവറിനു മുകളിലൂടെ മിന്‍സ് അതു ബൗണ്ടറി കടത്തുകയും ചെയ്തു.
ഇതിനു പിന്നാലെ വിക്കറ്റിനു പിന്നില്‍ നിന്നും കംബോജിന്റെ അടുത്തേക്കു ഓടിയെത്തിയ സഞ്ജു ചില ഉപദേശങ്ങള്‍ നല്‍കുകയിരുന്നു. ഓഫ്സ്റ്റംപ് ലൈനില്‍ ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോള്‍ എറിയാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. കംബോജ് ഇതു അനുസരിക്കുകയും ചെയ്തു. 132.5 കിമി വേഗതയുള്ള ബോളിനെതിരേ ഓഫ്‌സൈഡിലേക്കു ഷോട്ട് പായിക്കാനായിരുന്നു മിന്‍സിന്റെ ശ്രമം.
പക്ഷെ ടൈമിങ് പാളി. ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ അകത്തേക്കു കയറി വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു. സ്തബ്ധനായ മിന്‍സ് നിരാശനായി ക്രീസ് വിട്ടപ്പോള്‍ സഞ്ജുവിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് തനിക്കു വിക്കറ്റ് സമ്മാനിച്ചതിന്റെ ആആഹ്ലാദത്തിലായിരുന്നു കംബോജ്.
ഇതാദ്യമായിട്ടല്ല കളിക്കിടെയുള്ള സഞ്ജുവിന്റെ ഈ തരത്തിലുള്ള ഇടപെടലുകളും ഉപദേശങ്ങളും സിഎസ്‌കെയ്ക്കു വിക്കറ്റുകള്‍ സമ്മാനിക്കുന്നത്. മുന്‍ മല്‍സരങ്ങളിലും ഈ തരത്തില്‍ പ്ലാനുകള്‍ ആസൂത്രണം ചെയ്്ത് അദ്ദേഹം ബൗളര്‍മാര്‍ക്കു ട്രിക്കുകള്‍ ഉപദേശിച്ചിട്ടുണ്ട്. അതു ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബാറ്റിങില്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ക്ലിക്കാവാതെ പോയ മല്‍സരം കൂടിയാണിത്. നേരത്തേ വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ അപരാജിത സെഞ്ച്വറി കുറിച്ച (101*) അദ്ദേഹത്തിനു ചെപ്പോക്കില്‍ ഇതാവര്‍ത്തിക്കാനായില്ല.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ സഞ്ജുവിനു ക്രീസ് വിടേണ്ടി വന്നു. ഒമ്പതു ബോളില്‍ രണ്ടു ഫോറടക്കം 11 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഈ ഓവറിലെ ആദ്യ ബോളില്‍ തന്നെ സഞ്ജു രക്ഷപ്പെട്ടിരുന്നു. എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ വില്‍ ജാക്‌സ് കൈവിടുകയായിരുന്നു.
എന്നിട്ടും അതൊരു വലിയ ഇന്നിങ്‌സായി മാറ്റിയെടുക്കാന്‍ സഞ്ജുവിനായില്ല. ഈ ഓവറിലെ അവസാന ബോളില്‍ അദ്ദേഹം വീഴുകയും ചെയ്തു. യാതൊരു ഫുട്ട് മൂവ്‌മെന്റുമില്ലാതെ ക്രീസില്‍ നിന്ന ഇടത്തു നിന്നു തന്നെ സഞ്ജു കളിക്കാന്‍ ശ്രമിക്കുയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണിന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.