IPL 2026: റുതുരാജ് കണ്ടു പഠിക്കട്ടെ!! രോഹിത്തിനെ പൂട്ടിയ പരാഗിന്റെ ബ്രില്ല്യന്‍സ്, ഇതാണ് ക്യാപ്റ്റന്‍
ഗുവാഹത്തി: പുതിയ നായകന്‍ റിയാന്‍ പരാഗിനു കീഴില്‍ ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടാന്‍ മുംബൈ ഇന്ത്യന്‍സിനുമായില്ല. അഞ്ചു തവണ ജേതാക്കളായ എംഐയെ 27 റണ്‍സിനു തകര്‍ത്തുവിട്ട റോയല്‍സ് ഈ സീസണിലെ ഹാട്രിക് വിജയവും കൊയ്തിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അവര്‍ വീണ്ടും തലപ്പത്തേക്കും കയറി.
സകല പ്രവചനങ്ങളും തെറ്റിച്ച് റോയല്‍സ് കുതിക്കുമ്പോള്‍ ക്യാപ്റ്റന്‍ പരാഗും കൈയടി നേടുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണില്‍ നിന്നും നായകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം വളരെ മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ടു കൊണ്ടു പോവുന്നത്.

മുംബൈയുമായുള്ള കഴിഞ്ഞ പോരാട്ടത്തില്‍ പരാഗിന്റെ ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതിഹാസ ഓപ്പണറും മുന്‍ മുംബൈ നായകനുമായ രോഹിത് ശര്‍മയെ പൂട്ടാന്‍ അദ്ദേഹം പയറ്റിയ തന്ത്രം ശ്രദ്ധേയമാണ്. സഞ്ജുവിനെ പോലെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ താനും മോശമല്ലെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു.
പരാഗിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്
ഗുവാഹത്തിയില്‍ നടന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തന്റെ ബൗളര്‍മാരെ രാജസ്ഥാന്‍ റോയല്‍സിനായി വളരെ ഗംഭീരമായിട്ടാണ് റിയാന്‍ പരാഗ് ഉപയോഗിച്ചതെന്നു കാണാം. ക്രീസിലുള്ള ബാറ്റര്‍മാരെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
മഴയെ തുടര്‍ന്നു 11 ഓവറുകളാക്കി വെട്ടിക്കുറച്ച പോരില്‍ 151 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ റോയല്‍സ് വച്ചത്. ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ റോയല്‍സിനു ബ്രേക്ക്ത്രൂ ലഭിക്കുകയും ചെയ്തു. റയാന്‍ റിക്കെല്‍റ്റണാണ് അഞ്ചാമത്തെ ബോളില്‍ സിക്‌സറടിച്ച ശേഷം തൊട്ടടുത്ത ബോളില്‍ പുറത്തായത്.
അടുത്ത ഓവറില്‍ നാന്ദ്രെ ബര്‍ഗര്‍ ടീമിനു രണ്ടാമത്തെ വിക്കറ്റും സമ്മാനിച്ചു. അപകടകാരിയായ സൂര്യകുമാര്‍ യാദവിനെയാണ് നാലാമത്തെ ബോളില്‍ അദ്ദേഹം മടക്കിയത്. ഇതോടെ മുംബൈ രണ്ടോവറില്‍ രണ്ടു വിക്കറ്റുിനു 22 റണ്‍സിലേക്കും വീണു. പക്ഷെ മൂന്നു ബോളില്‍ അഞ്ചു റണ്‍സുമായി രോഹിത് ശര്‍മ അപ്പോഴും ക്രീസിലുള്ളത് റോയല്‍സിനു ഭീഷണിയായിരുന്നു.
ഈ സമയത്തായിരുന്നു പരാഗിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ്. ആദ്യ ഓവറില്‍ 10 റണ്‍സിനു ഒരു വിക്കറ്റെടുത്തിട്ടും ആര്‍ച്ചറിനു രണ്ടാം ഓവര്‍ നല്‍കാതെ അദ്ദേഹം ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായ സന്ദീപ് ശര്‍മയെ മൂന്നാം ഓവറിലേക്കു കൊണ്ടു വന്നു. ഇതിനൊരു കാരണം കൂടിയുണ്ട്. ഹിറ്റ്മാനെതിരേയുള്ള അദ്ദേഹത്തിന്റെ കിടിലന്‍ റെക്കോര്‍ഡ് തന്നെയാണിത്.

ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ സന്ദീപിനെതിരേ 47 ബോളുകളാണ് രോഹിത് നേരിട്ടത്. 6.33 എന്ന എന്ന ദയനീയ ശരാശരിയില്‍ വെറും 38 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 30 ഡോട്ട് ബോളുകള്‍ കളിച്ച രോഹിത്തിന്റെ ബാറ്റിങ് ശരാശരി 80.85 മാത്രമാണ്. ആറു തവണ ഹിറ്റ്മാന്റെ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.
ഇതു തന്നെയാണ് സന്ദീപിനെ മൂന്നാം ഓവറില്‍ തന്നെ കൊണ്ടുവരാന്‍ പരാഗിനെ പ്രേരിപ്പിച്ചത്. ഈ നീക്കം രോഹിത്തിന്റെ കഥ കഴിക്കുകയും ചെയ്തു. സന്ദീപിനെതിരേ ആദ്യ രണ്ടു ബോളിലും ഹിറ്റ്മാന് റണ്ണൊന്നുമെടുക്കാനായില്ല. അടുത്തത് കിടിലനൊരു യോര്‍ക്കറായിരുന്നു.
രോഹിത് പ്രതികരിക്കുന്നതിനു മുമ്പ് തന്നെ ബോള്‍ പാഡില്‍ പതിക്കുകയും അദ്ദേഹം അടിതെറ്റി വീഴുകയും ചെയ്തു. അംപയറിന്റെ ഔട്ട് തീരുമാനത്തിനെതിരേ രോഹിത് റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംയറുടെയും തീരുമാനം ഔട്ടെന്നു തന്നെയായിരുന്നു. ഇതോടെ അഞ്ചു റണ്ണെടുത്ത അദ്ദേഹത്തിനു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു. സന്ദീപിനെ വച്ച് രോഹിത്തിനെ തളയ്ക്കാനുള്ള പരാഗിന്റെ നീക്കവും ക്ലിക്കായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications