IPL 2026: നീല വിട്ട് ഹാര്‍ദിക്കും മഞ്ഞക്കുപ്പായത്തിലേക്ക്!! പിന്നില്‍ ധോണി? വമ്പന്‍ സൂചന വൈറല്‍
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി ഒരു വമ്പന്‍ കൂടുമാറ്റം സംഭവിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഒരു സര്‍പ്രൈസ് കൂടുമാറ്റത്തിനു തയ്യാറെടുക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാവും അദ്ദേഹം ചേക്കേറുകയെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇതു സംഭവിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോള്‍ ഹാര്‍ദിക് തന്നെ ഇക്കാര്യത്തില്‍ ഒരു വലിയ സൂചന ആരാധകര്‍ക്കു നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതു വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഹാര്‍ദിക്കിന്റെ പോസ്റ്റ്
ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അവസാനിച്ച മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന സീസണിലെ അവസാനത്തെ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനോടു അവര്‍ 30 റണ്‍സിന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു.
ഈ മല്‍സരം കഴിഞ്ഞ ശേഷം ഇന്നു രാവിലെ ഹാര്‍ദിക്കിന്റെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാപ്‌ടോപ് മടിയില്‍ വച്ച് അതില്‍ ആനിമേഷന്‍ ആസ്വദിക്കുന്നതാണ് ചിത്രം. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കാണാം.
ഇതിന്റെ സ്‌ക്രീന്‍ സേവറായി കാണിച്ചിരിക്കുന്നത് സമയമാണ്. 07:07 എന്നാണ് ഇതില്‍ കാണിച്ചിരിക്കുന്ന സമയം. ഇതു തന്നെയാണ് ഹാര്‍ദിക്കിന്റെ ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തിന്റെ വമ്പന്‍ സൂചനയും നല്‍കിയിരിക്കുന്നത്.
കാരണം ഏഴ് എന്നത് സിഎസ്‌കെയുടെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ ജഴ്‌സി നമ്പറാണെന്നത് എല്ലാവര്‍ക്കുമറിയാം. സിഎസ്‌കെയിലും നേരത്തേ ഇന്ത്യന്‍ ടീമിലുമെല്ലാം അദ്ദേഹം ഈ നമ്പര്‍ തന്നെയാണ് ധരിക്കുകയും ചെയ്തിട്ടുള്ളത്.
ധോണിയുമായി സഹോദരതുല്യമായ ബന്ധം പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറിയതും ധോണിക്കു കീഴില്‍ തന്നെ. ഒരു ലോകോത്തര മാച്ച് വിന്നറായി ഹാര്‍ദിക്കിനെ വളര്‍ത്തിയെടുത്തതിലും അദ്ദേഹത്തിനു നിര്‍ണായക റോളുണ്ട്.
അതിന്റെ ബഹുമാനവും സ്‌നേഹവുമെല്ലാം ഹാര്‍ദിക് എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മുംബൈ വിട്ട് സിഎസ്‌കെയിലേക്കു മാറാന്‍ ഹാര്‍ദിക് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ തീര്‍ച്ചയായും ധോണിയുടെ സ്വാധീനവുമുണ്ടാവും.
സിഎസ്‌കെയിലേക്കു മാറാന്‍ താന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചന തന്നെയായിരിക്കാം ധോണിയുടെ ജഴ്സി നമ്പറുള്ള പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഹാര്‍ദിക് നല്‍കിയത്. അതിലെ ആ സമയമാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം ഉറപ്പായെന്നു വ്യക്തമാക്കുന്നത്.

നേരത്തേ സിഎസ്‌കെയും മുംബൈയും ചെന്നൈയിലെ ചെപ്പോക്കില്‍ കൊമ്പുകോര്‍ത്തിരുന്നു. റുതുരാജ് ഗെയ്ക്വാദ് നയിച്ച സിഎസ്‌കെയാണ് ഈ മല്‍സരത്തില്‍ ജയിച്ചുകയറിയത്.
ഈ കളിക്കു ശേഷം ഡഗൗട്ടില്‍ വച്ച് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഹാര്‍ദിക്കുമായി ഹസ്തദാനം ചെയ്ത് ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും സമാനമായൊരു സംഭവം നടന്നു. അന്നു രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സര ശേഷം മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണുമായിട്ടായിരുന്നു കാശി വിശ്വനാഥന്‍ ഈ തരത്തില്‍ കുശലം പങ്കിട്ടത്. പിന്നീട് ട്രേഡില്‍ സഞ്ജുവിനെ സിഎസ്‌കെ റാഞ്ചിയതും ക്രിക്കറ്റ് ലോകം കണ്ടു.
അതുമായിട്ടാണ് ഹാര്‍ദിക്കും കാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ പലരും താരതമ്യം ചെയ്യുന്നത്. അന്നു മുതല്‍ തന്നെ ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോള്‍ ഹാര്‍ദിക്കിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി വന്നതോടെ ഈ അഭ്യൂഹങ്ങളില്‍ കാര്യമുണ്ടെന്നു തന്നെയാണ് വ്യക്തമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

