IPL 2026: ഹാര്‍ദിക് 2027ല്‍ ചെന്നൈക്കൊപ്പം? പകരം ദുബെ എംഐയിലേക്ക്!! വമ്പന്‍ സൂചന
ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നയാള്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പ്രധാന കാരണക്കാരന്‍ അദ്ദേഹം മാത്രമാണെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.
ഒരു കാലത്തു മുംബൈയുടെ ഹീറോയായി വിലസിയ ഹാര്‍ദിക്കാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണിലെ കരടായി മാറിയിരിക്കുന്നത്. അടുത്ത സീസണില്‍ അദ്ദേഹം മുംബൈയുടെ നായകസ്ഥാനത്തു മാത്രമല്ല, ടീമില്‍ പോലും ഉണ്ടാവുമോയെന്നതും സംശയമായിരിക്കുകയാണ്. ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ മറ്റൊരു ഫ്രാഞ്ചൈസിക്കു എംഐ കൈമാറിയാലും അദ്ഭുതപ്പെടാനില്ല.
ഇതിനിടെ അദ്ദേഹം അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങാനുള്ള വലിയ സാധ്യതയാണ് തെളിയുന്നത്. കഴിഞ്ഞ ദിവസം സിഎസ്‌കെയും മുംബൈയും തമ്മിലുള്ള മല്‍സരത്തിനു ശേഷമുള്ള ചില ദൃശ്യങ്ങളാണ് ഇതിനു കാരണം. ഇതേക്കുറിച്ചു നോക്കാം.

Photocredit/X
ഹാര്‍ദിക് സിഎസ്‌കെയിലേക്ക്?
ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് മുംബൈ ഇന്ത്യന്‍സിനു നേരിടേണ്ടി വന്നത്. ഈ മല്‍സര ശേഷം സിഎസ്‌കെ സിഇഒയായ കാശി വിശ്വനാഥന്‍ ഗ്രൗണ്ടിലെത്തുകയും ചെയ്തിരുന്നു. കളിക്കാരുടെ ഹസ്തദാനത്തിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയും കാശി വിശ്വനാഥനും ഡഗൗട്ടില്‍ വച്ച് പരസ്പരം സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഹാര്‍ദിക്കുമായി കാശി വിശ്വനാഥന്‍ സംസാരിക്കുന്ന വീഡിയോ കാണാം
ഇതോടെയാണ് സിഎസ്‌കെയിലേക്കു അടുത്ത വര്‍ഷം ഹാര്‍ദിക് ചേക്കേറിയേക്കുമെന്ന സംശയങ്ങളും ബലപ്പെടുന്നത്. അതിനു വലിയൊരു കാരണവും കൂടിയുണ്ട്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചെപ്പോക്കില്‍ നടന്ന കളിക്കു ശേഷവും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
അന്നു റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി ഡഗൗട്ടില്‍ വച്ച് കാശി വിശ്വനാഥന്‍ സൗഹൃദം പങ്കിടുകയും ഗ്രൗണ്ടില്‍ വച്ച് അല്‍പ്പസമയം സംസാരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം എന്തൊക്കെ സംഭവ വികാസങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു നമ്മള്‍ കാണകയും ചെയ്തു.
ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെയും വിട്ടു നല്‍കിയാണ് സഞ്ജുവിനെ സിഎസ്‌കെ റാഞ്ചിയത്.
ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാശി വിശ്വനാഥന്‍ എതിര്‍ ടീമിലെ ഒരു ക്യാപ്റ്റനോടു അതേ രീതിയില്‍ അടുത്തു പെരുമാറിയതോടെ അടുത്ത ട്രേഡില്‍ ഒരു വമ്പന്‍ ട്രാന്‍സ്ഫറിനു വഴി തെളിയുകയാണ്. നിലവില്‍ അഞ്ച്-ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന മികച്ചൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ അഭാവം സിഎസ്‌കെയ്ക്കുണ്ട്.
ഇതു നികത്താന്‍ ഏറ്റവും യോജിച്ചയാളാണ് ഹാര്‍ദിക്. ഇപ്പോള്‍ ടീമിന്റെ ഭാഗമായ മുംബൈയില്‍ നിന്നു തന്നെയുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ സിഎസ്‌കെയ്ക്കു ഒരു ബാധ്യതയായി മാറിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ദുബെയെ എംഐയ്ക്കു നല്‍കി പകരം ഹാര്‍ദിക്കിനെ വാങ്ങാനായാല്‍ അതു സിഎസ്‌കെയ്ക്കു ലോട്ടറി തന്നെയായിരിക്കും. ദുബെയുടെ ശമ്പളം 12 കോടിയും ഹാര്‍ദിക്കിന്റേത് 16.35 കോടിയും ആയതിനാല്‍ ഒരു താരത്തെ കൂടി സിഎസ്‌കെയില്‍ നിന്നും മുംബൈ ആവശ്യപ്പെട്ടേക്കേുകയും ചെയ്യും.
ഇത്തരമൊരു ഓഫര്‍ സിഎസ്‌കെയുടെ ഭാഗത്തു നിന്നുമുണ്ടായാല്‍ മുംബൈ അതു സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത. കാരണം ടീമിലെ സീനിയര്‍ താരങ്ങള്‍ക്കിടയില്‍ ഹാര്‍ദിക്കിനു വലിയ സ്വീകാര്യതയില്ല. ടീം മാനേജ്‌മെന്റിനും അദ്ദേഹത്തിലുള്ള താല്‍പ്പര്യം കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഹാര്‍ദിക്കിനെ കൊടുത്ത് ഒഴിവാക്കാന്‍ തന്നെയായിരിക്കും അവരും ആഗ്രഹിക്കുക.

ധോണി ഇഫക്ട്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഫര്‍ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും നോ പറയാനിടയില്ല. കാരണം അവരുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്.
ഹാര്‍ദിക് ഏറെ ആരാധിക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്ന സീനിയര്‍ താരമാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു കീഴില്‍ അരങ്ങേറിയതിനാല്‍ തന്നെ അതിന്റെ കടപ്പാടും ബഹുമാനവുമെല്ലാം ഹാര്‍ദിക്കിനുണ്ട്.
അടുത്ത ഐപിഎല്ലില്‍ കളിക്കാനിടയില്ലെങ്കിലും സിഎസ്‌കെയില്‍ ഏതെങ്കിലുമൊരു റോളില്‍ ധോണിയെ തീര്‍ച്ചയായും കാണം. അതിനാല്‍ തന്നെ വീണ്ടും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു ഓഫര്‍ ലഭിച്ചാല്‍ അതു ഹാര്‍ദിക് ഇരു കൈകളും നീട്ടി സ്വ്വീകരിക്കുമെന്നും ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications