ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ പതനം തുടരുകയാണ്. മഴ മൂലം 11 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ 151 എന്ന കൂറ്റൻ സ്കോറാണ് രാജസ്ഥാൻ പടുത്തുയർത്തിയത്. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും തകർത്താടിയപ്പോൾ പേരുകേട്ട മുംബൈ നിരയ്ക്ക് ഒന്നും ചെയ്യാനായില്ല. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങൾ ആരാധകരെയും ക്രിക്കറ്റ് വിദഗ്ദ്ധരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. യശസ്വി ജയ്‌സ്വാളും സൂര്യവംശിയും ചേർന്ന് മുംബൈ ബൗളർമാരെ തല്ലിച്ചതച്ചപ്പോൾ, മറുതന്ത്രങ്ങൾ മെനയാനാകാതെ ഹാർദിക് പതറുകയായിരുന്നു.
ബോൾട്ടിനെ മാറ്റിയത് എന്തിന്?
പവർപ്ലേയിലെ രാജാവായ ട്രെന്റ് ബോൾട്ട് ക്രീസിലുള്ളപ്പോൾ ഹാർദിക് പന്ത് ഏൽപ്പിച്ചത് ദീപക് ചാഹറിനെയായിരുന്നു. യശസ്വി ജയ്‌സ്വാളിനെതിരെ ബോൾട്ടിന് വ്യക്തമായ മുൻതൂക്കമുണ്ട് (13 പന്തിൽ 2 തവണ ബോൾട്ട് ജയ്‌സ്വാളിനെ പുറത്താക്കിയിട്ടുണ്ട്). ഈ കണക്കുകളെല്ലാം കാറ്റിൽ പറത്തി ബോൾട്ടിനെ മാറ്റിനിർത്തിയത് വലിയ തിരിച്ചടിയായി. 11 ഓവറിൽ 151 റൺസ് എന്ന ലക്ഷ്യം ഒരു ചെറിയ ടോട്ടലല്ല, അതിലേക്ക് എങ്ങനെ എതിർ ടീം എത്തി എന്നതിനെക്കുറിച്ച് നായകൻ ആലോചിക്കണമായിരുന്നു.

ബാറ്റിംഗ് ഓർഡറിലെ കല്ലുകടികൾ!
ബാറ്റിംഗിലും ഹാർദിക്കിന്റെ തീരുമാനങ്ങൾ പാളി. അതിവേഗത്തിൽ റൺസ് കണ്ടെത്തേണ്ട സാഹചര്യത്തിൽ തിലക് വർമ്മയെ നാലാം നമ്പറിൽ ഇറക്കിയത് തിരിച്ചടിയായി. മാത്രമല്ല, വെടിക്കെട്ട് താരം ഷെർഫെയ്ൻ റുഥർഫോർഡിനെ ഏഴാം നമ്പറിലേക്ക് മാറ്റിവെച്ചതും വലിയ മണ്ടത്തരമായി. കളി കൈവിട്ടുപോയ ശേഷമാണ് റുഥർഫോർഡ് ക്രീസിലെത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ ക്വിക്ക് ഡിസിഷൻ മേക്കിങ്ങിന് വലിയ പങ്കാണുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം മുംബൈ നായകൻ ക്ലൂലെസ് ആയിരുന്നു.
കളിക്കളത്തിലെ രോഷം; ക്ലൂലെസ്സ് ഹാർദിക്!
ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിന് പകരം സഹതാരങ്ങളോട് ദേഷ്യപ്പെടുന്ന ഹാർദിക്കിനെയാണ് മൈതാനത്ത് കണ്ടത്. ജയ്‌സ്വാൾ-സൂര്യവംശി സഖ്യം ആഞ്ഞടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു മുംബൈ നായകൻ. തന്റെ തീരുമാനങ്ങൾ പാളിയതിലുള്ള നിരാശ ടീമംഗങ്ങൾക്ക് മേൽ തീർക്കുകയായിരുന്നു ഹാർദിക്കെന്ന് ആരാധകർ വിമർശിക്കുന്നു. ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയായിരുന്നു ഇത്.
ഗുവഹാത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ നടന്ന മഴ കവർന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 11 ഓവറിൽ 150/3 എന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (32 പന്തിൽ 77)* തകർപ്പൻ ഇന്നിംഗ്‌സും 15-കാരൻ വൈഭവ് സൂര്യവംശിയുടെ (14 പന്തിൽ 39) വെടിക്കെട്ടുമാണ് രാജസ്ഥാന് കരുത്തായത്. വെറും 16 പന്തിൽ ടീം സ്കോർ 50 കടത്തിക്കൊണ്ട് ജസ്‌പ്രീത് ബുംറയടക്കമുള്ള മുംബൈ ബൗളർമാരെ ഇവർ തല്ലിച്ചതച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിലേ പാളി. രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (6), ഹാർദിക് പാണ്ഡ്യ (9) എന്നിവർ പെട്ടെന്ന് പുറത്തായതോടെ മുംബൈ 46/5 എന്ന നിലയിലേക്ക് തകർന്നു. നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുംബൈയുടെ പോരാട്ടം 123/9-ൽ അവസാനിച്ചു. തുടർച്ചയായ മൂന്നാം വിജയത്തോടെ രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.