അബുദാബി: അടുത്ത ഐപിഎല്‍ സീസണിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ തവണ മെഗാ ലേലമായതിനാല്‍ തന്നെ ഇത്തവണത്തേത് മിനി താരലേലമായിരുന്നു. അബുദാബി അരീനയില്‍ നടന്ന ലേലത്തില്‍ 10 ഫ്രാഞ്ചൈസികളും മകൂടി ചെലവഴിച്ചത് 214.45 കോടി രൂപയാണ്.
ആകെ 369 കളിക്കാരാണ് ലേലത്തിന്റെ പൂളിലുണ്ടായിരുന്നത്. പക്ഷെ ഇതില്‍ നിന്നും മുഴുവന്‍ ടീമുകള്‍ക്കും കൂടി വാങ്ങാനായത് വെറും 77 പേരെയാണ്. ഇതില്‍ 29 പേര്‍ വിദേശ താരങ്ങളായിരുന്നു.
ചില സൂര്‍ താരങ്ങളും ഇത്തവണ ലേലത്തില്‍ ആരും വാങ്ങാതെ പോയവരുടെ കൂട്ടത്തിലുണ്ട്. അണ്‍സോള്‍ഡായി മാറിയവരില്‍ നിന്നുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം അവസരം ലഭിക്കുമെന്നു നോക്കാം.

വാങ്ങാത്തവരുടെ ടീമിലിടം നേടിയത് ആരെല്ലാം?
ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍സോള്‍ഡായവരുടെ ഇലവന്റെ ഓപ്പണിങ് ജോടികളായി നറുക്കുവീഴുക രണ്ടു വിദേശ താരങ്ങള്‍ക്കാണ്. ഇംണ്ടിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോണി ബെയര്‍സ്‌റ്റോയും അഫ്ഗാനിസ്താന്റെ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഈ രണ്ടു പേര്‍.
ഒരു കോടി രൂപയായിരുന്നു ബെയര്‍സ്റ്റോയുടെ അടിസ്ഥാന വില. പക്ഷെ ഒരു ടീമും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഇഞ്ചുറി സബായി മുംബൈ ഇന്ത്യന്‍സിനൊപ്പം ബെയര്‍സ്‌റ്റോ ചേര്‍ന്നിരുന്നു. കളിച്ച മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനവും നടത്തി.
ഗുര്‍ബാസാവട്ടെ കഴിഞ്ഞ കുറച്ചു സീസണുകളായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. പക്ഷെ അവസാന രണ്ടു സീസണുകളില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ഈ കാരണത്താലാണ് 1.50 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഗുര്‍ബാസിനെ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാവാതിരുന്നത്.
ബെയര്‍സ്‌റ്റോ- ഗുര്‍ബാസ് ജോടിക്കു ശേഷം ഈ ഇലവനു വേണ്ടി മൂന്ന്, നാല് സ്ഥാനങ്ങളില്‍ കളിക്കുക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും മഹിപാല്‍ ലൊംറോറുമാണ്. 75 ലക്ഷം രൂപയായിരുന്നു മുന്‍ ഇന്ത്യന്‍ താരം കൂടിയായിരുന്ന ഹൂഡയുടെ അടിസ്ഥാന വില. പക്ഷെ താരത്തിനായി ലേലത്തില്‍ ആരും താല്‍പ്പര്യം കാണിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള കഴിഞ്ഞ തവണത്തെ ഫ്‌ളോപ്പ് ഷോയാണ് ഹൂഡയ്ക്കു തിരിച്ചടിയായത്.
മറ്റൊരു ഓള്‍റൗണ്ടറായ ലൊംറോറിന്റെ ലേലത്തിലെ അടിസ്ഥാന വില 50 ലക്ഷമായിരുന്നു. നേരത്തേ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജാറാത്ത് ടൈറ്റന്‍സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ അത്ര മികച്ച പ്രകടനം എവിടെയും താരത്തിനു കാഴ്ചവയ്ക്കാനായിട്ടില്ല.
ഈ ഇലവന്റെ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത് വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, സൗത്താഫ്രിക്കയുടെ വിയാന്‍ മുള്‍ഡര്‍ എന്നിവരാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ റിലീസ് ചെയ്ത താരമാണ് ഓള്‍റൗണ്ടറായ വിജയ്. 30 ലക്ഷം മാത്രമായിരുന്നു അടിസ്ഥാന വില. എന്നിട്ടും താരം അണ്‍സോള്‍ഡാവുകയായിരുന്നു.

ഫിനിഷിങില്‍ മിടുക്കനായ അഭിനവിന്റെ അടിസ്ഥാന വിലയും 30 ലക്ഷമായിരുന്നു. പക്ഷെ മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ ആരും വാങ്ങിയില്ല. ഒരു കോടി അടിസ്ഥാന വിലയുള്ള മുള്‍ഡറും അവഗണിക്കപ്പെട്ടു. ഇലവനിലെ എട്ടാമന്‍ മലയാളി ഓള്‍റൗണ്ടര്‍ സല്‍മാന്‍ നിസാറാണ്. ഇടംകൈയന്‍ ബാറ്ററും വലംകൈ ഓഫ്‌സ്പിന്നറുമായ താരത്തിന്റെ ലേലത്തിലെ അടിസ്ഥാന വില 30 ലക്ഷമായിരുന്നു.
ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മുന്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് താരമായ കുമാര്‍ കാര്‍ത്തികേയാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സിയും ആകാശ് മധ്വാളുമാണ്. കോട്‌സിയുടെ അടിസ്ഥാന വില രണ്ടു കോടിയും മധ്വാളിന്റേത് 30 ലക്ഷവുമായിരുന്നു.
അണ്‍സോള്‍ഡായവരുടെ 11
ജോണി ബെയര്‍സ്‌റ്റോ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, ദീപക് ഹൂഡ, മഹിപാല്‍ ലൊംറോര്‍, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, വിയാന്‍ മുള്‍ഡര്‍, സല്‍മാന്‍ നിസാര്‍, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജെറാള്‍ഡ് കോട്‌സി.