ഐപിഎല്ലിന്റെ 19ാം സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏതു ടീമിന്റെ കുപ്പായത്തിലാവും കാണുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പല ടീമുകളുമായി ചേര്‍ത്തും അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകളും വരികയാണ്. ഏറ്റവും അവസാനമായി ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ചേര്‍ത്താണ് സഞ്ജുവിന്റെ പേരില്‍ റിപ്പോര്‍ട്ടുകളുള്ളത്.
ട്രേഡ് വിന്‍ഡോയില്‍ ഡിസിയിലേക്കു ചേക്കേറുന്നതിനായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനും അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ഐപിഎല്‍ ഭാവിയെപ്പറ്റി സഞ്ജു തന്നെ ഒരു വമ്പന്‍ സൂചന നല്‍കിയിരിക്കുകയാണ്. ഇതേക്കുറിച്ചറിയാം.

തട്ടകം ചെന്നൈ തന്നെ?
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു തന്നെയാവും തന്റെ കൂടുമാറ്റമെന്ന നിര്‍ണായക സൂചനയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണ്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയുമായുള്ള രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിനായി കളിക്കുകയാണ് സഞ്ജു. ആദ്യ ഇന്നിങ്‌സില്‍ ടീമിനു വേണ്ടി അഗ്രസീവ് ഫിഫ്റ്റിയും അദ്ദേഹം കുറിച്ചിരുന്നു.
ഈ ഇന്നിങ്‌സിനിടെ മഹാരാഷ്ട്ര താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ റുതുരാജ് ഗെയ്ക്വാദിനൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സഞ്ജു പങ്കുവച്ചത്. നിറഞ്ഞ ചിരിയോടെ റുതുരാജ് അദ്ദേഹത്തിന്റെ തോളില്‍ കൈവച്ചു നില്‍ക്കുന്നതാണ് ചിത്രം. സഞ്ജവും ഏറെ സന്തോഷവാനായാണ് ഇതില്‍ കാണപ്പെടുന്നത്.
ഈ ഫോട്ടോയിലുടെ തന്റെ പുതിയ തട്ടകം സിഎസ്‌കെ തന്നെയാണെന്നും റുതുരാജിനു കീഴില്‍ കളിക്കാന്‍ താന്‍ തയ്യാറായി കഴിഞ്ഞുവെന്നുമുള്ള സൂചനയാണ് സഞ്ജു നല്‍കിയതെന്നാണ് ആരാധകര്‍ വായിച്ചെടുക്കുന്നത്. മാത്രമല്ല, ഇതേ ചിത്രം സിഎസ്‌കെയും ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുമുണ്ട്.
ഒരു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനു ശേഷമാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അദ്ദേഹം അവസാനമായി കേരളത്തിനു വേണ്ടി കളിക്കാനിറങ്ങിയത്.
തിരിച്ചുവരവില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 54 റണ്‍സോടെ കേരളത്തിന്റെ ടോപ്‌സ്‌കോററായത് സഞ്ജുവാണ്. 63 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അതേസമയം, രഞ്ജിയില്‍ മഹാരാഷ്ട്രയ്ക്കായി മികച്ച ഇന്നിങ്‌സുകള്‍ കളിച്ച ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാവാമെന്ന പ്രതീക്ഷയിലണ് റുതുരാജ്. ദേശീയ ടീമിനായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചട്ടില്ല. റെഡ് ബോളിലും ടീമിനിയായി കളിക്കമെന്ന ശുഭ പ്രതീക്ഷയിലാണ് അദ്ദേഹം.
സഞ്ജു റോയല്‍സ് വിടുമോ?
രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതായി സഞ്ജു സാംസണ്‍ ഔദ്യോഗികമായി അവരെ അറിയിച്ചുണ്ടെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ അതിനു ശേഷം ഇക്കാര്യത്തില്‍ വലിയ അപ്‌ഡേറ്റുകളൊന്നും ഇനിയും വന്നിട്ടില്ല.

അടുത്തിടെ പരിശീലക സംഘത്തിലെ ചിലരെ റോയല്‍സ് ഒഴിവാക്കിയിരുന്നു. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അതിനു ശേഷം പരിശീല സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ കൂടി ഒഴിവാക്കി.
സ്പിന്‍ ബൗളിങ് കോച്ചായ സായിരാജ് ബഹുതുലെ, ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്ക് എന്നിവരെയാണ് നീക്കിയത്. ദ്രാവിഡിനു പകരം നിലവിലെ ടീം ഡയറക്ടര്‍ കൂടിയായ കുമാര്‍ സങ്കക്കാര പുതിയ കോച്ചായി എത്തുമെന്നാണ് വിവരം.
നേരത്ത അദ്ദേഹം പരിശീലകനായിരിക്കെയാണ് സഞ്ജു റോയല്‍സിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. ഈ കോമ്പിനേഷന്‍ പിന്നീട് വിജയമായി മാറുകയും ചെയ്തു. 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ചത് ഇവരുടെ ഏറ്റവും വലിയ നേട്ടമാണ്.