ഡല്‍ഹി: ഐപിഎല്ലില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഈ സീസണിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലായ 264 റണ്‍സ് കുറിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇപ്പോഴിതാ ഏറ്റവും ചെറിയ ടോട്ടലായ 75ഉം തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്.
നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡിസിക്കു ഒമ്പതു വിക്കറ്റിന്റെ മാനഹാനി നേരിട്ടത്. ആര്‍സിബിയുടെ ന്യൂബോള്‍ ആക്രമണത്തില്‍ ഡിസി അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു.

76 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം മറികടക്കാന്‍ ആര്‍സിബിക്കു വെറും 6.3 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ജേക്കബ് ബെതലാണ് (20) പുറത്തായത്. വിരാട് കോലിയും (23*) ദേവ്ദത്ത് പടിക്കലും (34*) ടീമിന്റെ ജയം പൂര്‍ത്തിയാക്കി.
ഈ ജയത്തോട നെറ്റ് റണ്‍റേറ്റില്‍ വന്‍ കുതിപ്പുണ്ടാക്കുന്നതിനൊപ്പം ആര്‍സിബി പ്ലേഓഫ് യോഗതയ്ക്കു തൊട്ടരികിലുമെത്തി. എട്ടു മാച്ചില്‍ നിന്നും 12 പോയിന്റുമായി ആര്‍സിബി രണ്ടാമതുണ്ട്. ശേഷിച്ച ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം.
എന്നാല്‍ ഈ പരാജയത്തോടെ ഡിസിയുടെ പ്രതീക്ഷകള്‍ കൂടുതല്‍ അവതാളത്തിലായിരിക്കുകയാണ്. എട്ടു മാച്ചില്‍ നിന്നും ആറു പോയിന്റുള്ള അവര്‍ ഏഴാംസ്ഥാനത്താണുള്ളത്. ഇനി ആറു മാച്ചുകളാണ് ശേഷിക്കുന്നത്. ഇതില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഡിസി പ്ലേഓഫ് കാണുകയുള്ളൂ.
പഞ്ചാബ് കിങ്‌സുമായുള്ള അവസാനത്തെ മാച്ചിലെ റണ്‍മഴ പരിഗണിക്കുമ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും മറ്റൊരു 200 പ്ലസ് ടോട്ടലാണ് അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ ടീമിന്റെ കൂട്ടത്തകര്‍ച്ച അവരുടെ കണ്ണു തള്ളിക്കുകയായിരുന്നു.
വെറും 16.3 ഓവറില്‍ 75 റണ്‍സ് മാത്രമെടുത്ത് ഡിസി കൂടാരത്തില്‍ തിരിച്ചെത്തി. വന്‍ തകര്‍ച്ചയെ തുടര്‍ന്ന് ഇംപാക്ട് പ്ലെയറായി കൊണ്ടുവന്ന അഭിഷേക് പൊറെലിന്റെ (30) ചെറുത്തുനില്‍പ്പാണ് ഡിസിയെ 50 റണ്‍സെങ്കിലും തികയ്ക്കാന്‍ സഹായിച്ചത്. രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍ ഡേവിഡ് മില്ലര്‍ (19), കൈല്‍ ജാമിസണ്‍ (12) എന്നിവരാണ്.
പവര്‍പ്ലേയില്‍ തന്നെ ഈ മല്‍സലത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. കാരണം നാലാം ഓവറില്‍ തന്നെ അവര്‍ ആറു വിക്കറ്റിനു എട്ടു റണ്‍സിലേക്കു കൂപ്പുകുത്തി. അരങ്ങേറ്റ മല്‍സരം കളിച്ച സാഹില്‍ പരാഖ് (0), കെഎല്‍ രാഹുല്‍ (1), നിതീഷ് റാണ (1), സമീര്‍ റിസ്വി (0), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് (5), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (0) എന്നിവരെവ്വാം കണ്ണടച്ചു തുറക്കും മുമ്പാണ് ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്കു ഘോഷയാത്ര നടത്തിയത്.

ഏഴാം വിക്കറ്റില്‍ മില്ലറും പൊറേലും തമ്മില്‍ ചെറിയൊരു കൂട്ടുകെട്ട് കണ്ടു. 31 ബോളില്‍ 35 റണ്‍സ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തതോടെ ഡിസിയുടെ ടോട്ടല്‍ 40 കടന്നു. എന്നാല്‍ 43ല്‍ നില്‍ക്കെ മില്ലര്‍ മടങ്ങിയതോടെ മൂന്നം തികയ്ക്കുകയെന്ന ഡിസിയുടെ മോഹങ്ങള്‍ക്കു മങ്ങലേറ്റു. എങ്കിലും മുടന്തി മുടന്തി ഒരു വിധത്തില്‍ അവര്‍ 75 റണ്‍സ് വരെയെത്തി.
3.3 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളെടുത്ത ജോഷ് ഹേസല്‍വുഡും മൂന്നോവറില്‍ വെറും അഞ്ചു റണ്‍സിനു മൂന്നു പേരെയും മടക്കിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് ഡിസിയുടെ കഥ കഴിച്ചത്.
ടോസിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വലിയ അഴിച്ചുപണികളുമായാണ് ഡിസി ഈ മാച്ചില്‍ ഇറങ്ങിയത്. അവര്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. രണ്ടെണ്ണം ബൗളിങില്‍ ആയിരുന്നെങ്കില്‍ ഒന്നു ബാറ്റിങിലായിരുന്നു.
ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയും ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണുമാണ് ബൗളിങില്‍ ടീമിലെത്തിയത്. ബാറ്റിങില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്കയ്ക്കു പകരം പുതുമുഖം സാഹില്‍ പരാഖിനെയും പരീക്ഷിക്കുകയായിരുന്നു. മറുഭാഗത്ത് ആര്‍സിബി കഴിഞ്ഞ മാച്ചിലെ അതേ ടീം കോമ്പിനേഷന്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു.
ഈ സീസണില്‍ ആര്‍സിബിയും ഡിസിസും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ ബെംഗളുരുവിലെ ആദ്യ പാദത്തില്‍ ആര്‍സിബിയെ ഡിസി ആറു വിക്കറ്റിനു ഡിസി തകര്‍ത്തു വിട്ടിരുന്നു. ആ പരാജയത്തിന് ആര്‍സിബി അതേ നാണയത്തില്‍ കണക്കു തീര്‍ത്തിരിക്കുകയാണ്.
പ്ലെയിങ് ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- സാഹില്‍ പരാഖ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ദുഷ്മന്ത ചമീര, കൈല്‍ ജാമിസണ്‍, കുല്‍ദീപ് യാദവ്, ടി നടരാജന്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍.