അബുദാബി: ഐപിഎല്‍ മിനി താരലേലത്തിലെ സര്‍പ്രൈസ് താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ കാര്‍ത്തിക് ശര്‍മ. 14.20 കോടി രൂപയെന്ന അവിശ്വസനീയ തുകയ്ക്കാണ് അണ്‍ക്യാപ്ഡ് താരമായ അദ്ദേഹത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയത്.
ഇതേ തുകയ്ക്കു മറ്റൊരു അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ വാങ്ങി മിനിറ്റുകള്‍ക്കകമാണ് ഇതേ തുകയ്ക്കു കാര്‍ത്തികിനെയും ചെന്നൈ അവരുടെ തട്ടകത്തിലെത്തിച്ചത്. ആരാണ് കാര്‍ത്തിക്? ഇത്രയുമുയര്‍ന്ന തുക അദ്ദേഹത്തിനു വേണ്ടി ചെന്നൈ മുടക്കിയത് എന്തുകൊണ്ടാണെന്നു നോക്കാം.

സിക്‌സര്‍ വീരന്‍
കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ കൈവിട്ട ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പിന്‍ഗാമിയായിട്ടാണ് കാര്‍ത്തിക് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊണ്ടുവന്നിരിക്കുന്നത്. ജഡ്ഡുവിനെ പോലെ ലോലവര്‍ ഓര്‍ഡര്‍ ബാറ്ററും ഓള്‍റൗണ്ടറുമാണ്
19 കാരനായ താരം.
സിക്‌സര്‍വീരന്‍ കൂടിയാണ് കാര്‍ത്തികെന്നതാണ് ശ്രദ്ധേയമായ കാര്യം. ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടി കളിച്ച ഫോര്‍മാറ്റുകളിലെല്ലാം അദ്ദേഹം ഒരുപാട് സിക്‌സര്‍ വാരിക്കൂട്ടി. ടി20യില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 28 സിക്‌സറടിച്ച കാര്‍ത്തിക് ഫസ്റ്റ് ക്ലാസില്‍ 11 കളിയില്‍ 24ഉം ലിസ്റ്റ് എയില്‍ എട്ടു മല്‍സരങ്ങളില്‍ 26ഉം സിക്‌സറുകളാണ് പറത്തിയത്.
നിര്‍ഭയനായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്‍ത്തികിന്റെ സാന്നിധ്യം ഫിനിഷിങില്‍ തീര്‍ച്ചയായും ചെന്നൈയ്ക്കു മുതല്‍ക്കൂട്ടായി മാറും. രാജസ്ഥാന്റെ അണ്ടര്‍ 14 തലത്തിലൂടെ കൡച്ചുവളര്‍ന്ന താരമാണ് കാര്‍ത്തിക്. പിന്നീട് അണ്ടര്‍ 16 തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതു അണ്ടര്‍ 19 ടീമിലും കാര്‍ത്തികിനു ഇടം നേടിക്കൊടുത്തു.
രാജസ്ഥാനു വേണ്ടി 12 ടി20കള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. എന്നാല്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ കാര്‍ത്തികിന് ഇതു ധാരാളമായിരുന്നു. 164 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സാണ് താരം അടിച്ചെടുത്തത്.
റെഡ് ബോളിലും കാര്‍ത്തിക്കിന്റെ തുടക്കം സ്വപ്‌നതുല്യമായിരുന്നു. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി കുറിക്കാന്‍ കാര്‍ത്തികിനു സാധിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിലാവട്ടെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 55.62 ശരാശരിയില്‍ 445 റണ്‍സും കാര്‍ത്തിക് വാരിക്കൂട്ടിയിട്ടുണ്ട്.