ചെന്നൈ: എല്‍ ക്ലാസിക്കോയില്‍ ബദ്ധവൈരികളായ മംബൈ ഇന്ത്യന്‍സിനെ നാണംകെടുത്തിയതിന്റെ ആവേശത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത അങ്കത്തിന് കച്ചമുറുക്കും. നാളെ (ഞായര്‍) വൈകീട്ട് 3.30 മുതല്‍ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന കളിയില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായാണ് സിഎസ്‌കെ പോരടിക്കുന്നത്.
മുംബൈയ്്‌ക്കെതിരേ നേടിയ 103 റണ്‍സിന്റെ വമ്പന്‍ ജയം സിഎസ്‌കെയെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ത്തിയിരുന്നു. ഇനി ജിടിയെയെയും വലിയൊരു മാര്‍ജിനില്‍ തുരത്തി ടോപ്പ് ഫോറില്‍ കയറിപ്പറ്റുകയെന്നതായിരിക്കും റുതുരാജ് ഗെയ്ക്വാദിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് മുംബൈയ്‌ക്കെതിരേ സിഎസ്‌കെ ജയിച്ചുകയറിയത്. എങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും സിഎസ്‌കെ ലൈനപ്പിലുണ്ട്. ജിടിക്കെതിരേ ചില മാറ്റങ്ങളും ടീമില്‍ ആവശ്യമാണ്. സിഎസ്‌കെയുടെ ബെസ്റ്റ് ലൈനപ്പില്‍ ആരൊക്കെയാണ് വേണ്ടതെന്നു നോക്കാം.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും സെഞ്ച്വറിയായിരുന്നു മുംബൈ ഇന്ത്യന്‍സുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തില്‍ ഏറെ നിര്‍ണായകമായത്. ബാറ്റിങില്‍ രണ്ടു ടീമുകളെയും വേറിട്ടു നിര്‍ത്തിതും അദ്ദേഹത്തിന്റെ കിടിലന്‍ സെഞ്ച്വറിയായിരുന്നു..
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ബാറ്റിങില്‍ സഞ്ജുവിനു മറ്റുള്ളവരുടെയും പിന്തുണ ആവശ്യമാണ്. അദ്ദേഹം നേരത്തേ പുറത്തായാല്‍ വലിയ ഇന്നിങ്‌സുകള്‍ മറ്റുള്ളവരില്‍ നിന്നും ആവശ്യമാണ്. കൂടാതെ സഞ്ജുവിന്റേതു പോലെ അഗ്രസീവായ പ്രകടനം കൂടി പുറത്തെടുക്കേണ്ടതുമുണ്ട്.
ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങില്‍ തുടരെ ഫ്‌ളോപ്പാവുകയാണെങ്കിലും അദ്ദേഹം ഈ റോളില്‍ നിന്നും മാറാന്‍ തയ്യാറായിട്ടില്ല. ജിടിതിരേയും സഞ്ജുവിനൊപ്പം അദ്ദേഹത്തെ ഈ റോളില്‍ തന്നെ ഉറപ്പിക്കുകയും ചെയ്യാം. യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ കഴിഞ്ഞ മാച്ചില്‍ സര്‍ഫറാസ് ഖാനെയാണ് മൂന്നാം നമ്പറില്‍ പരീക്ഷിച്ചത്.

പക്ഷെ മാത്രെയുടേത് പോലെയൊരു ഇംപാക്ടുണ്ടാക്കാനായില്ല. എട്ടു ബോളില്‍ വെറും 14 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. അതിനാന്‍ ജിടിക്കെതിരേ സര്‍ഫറാസിനെ ഈ റോളില്‍ നിന്നും മാറ്റാവുന്നതാണ്.
പകരം അദ്ദേഹം അഞ്ചിലോ, ആറിലോ ബാറ്റ് ചെയ്യട്ടെ. മാത്രെയ്ക്കു ഏറ്റവും യോജിച്ച റീപ്ലേസ്‌മെന്റ് വെടിക്കെട്ട് താരം ഉര്‍വില്‍ പട്ടേലാണ്. ടി20യില്‍ ചില അതിവേഗ സെഞ്ച്വറികള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കുറിച്ചിട്ടുള്ള ബാറ്ററാണ് അദ്ദേഹം.
പക്ഷെ ഈ സീസണില്‍ ഉര്‍വിലിനെ ഇനിയും പരീക്ഷിക്കാന്‍ സിഎസ്‌കെ തയ്യാറായിട്ടില്ല. ജിടിക്കെതിരേയെങ്കിലും അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുന്നേ തീരൂ. വണ്‍ഡൗണായി തന്നെ ഉര്‍വിലിനെ ക്രീസിലേക്കു അയക്കുകയും വേണം. അദ്ദേഹം ടീമിലെത്തുന്നതോടെ സ്ഥാനം നഷ്ടമാവുക കാര്‍ത്തിക് ശര്‍മയ്ക്കാവും. അവസാന മാച്ചില്‍ അദ്ദേഹത്തെ സിഎസ്‌കെ പരീക്ഷിച്ചെങ്കിലും 19 ബോളില്‍ 18 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.
പ്രഥമ ഐപിഎല്‍ സീസണില്‍ കളിക്കുന്നതിന്റെ 14 കോടിക്കു മുകളില്‍ ശമ്പളം വാങ്ങുന്നതിന്റെയുമെല്ലാം സമ്മര്‍ദ്ദമുള്ളതുപോലെയാണ് കാര്‍ത്തിക് കാണപ്പെടുന്നത്. താരത്തിന്റെ ബാറ്റിങില്‍ ഒട്ടും ഒഴുക്കില്ലന്നു കാണാം. കര്‍ത്തിക്കിനേക്കാള്‍ നല്ലത് ഉര്‍വില്‍ തന്നെയായിരിക്കുമെന്നു ഉറപ്പിച്ചുതന്നെ പറയാം.

നാലാം നമ്പറില്‍ ശിവം ദുബെ തന്നെ കളിക്കണം. അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ദുബെയെ സിഎസ്‌കെക്കു കൈവിട്ടു കളയാന്‍ സാധിക്കില്ല. ക്ലിക്കായാല്‍ ബാറ്റിങില്‍ തനിച്ച് മല്‍സരഗതി മാറ്റാന്‍ ദുബെയ്ക്കാവും.
അഞ്ചാമനായി സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് തന്നെ തുടരും. ആറാമനായിട്ടാവും സര്‍ഫറാസെത്തുക. ഏഴാമനായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനുണ്ടാവും. ഫിനിഷിങ് ദൗത്യവും ഇരുവര്‍ക്കുമായിരിക്കും.
അതിനു ശേഷം സ്പിന്‍ ജോടികളായി അക്കീല്‍ ഹൊസെയ്‌നും നൂര്‍ അഹമ്മദുമുണ്ടായിരിക്കും. പേസ് ത്രയത്തിലും മാറ്റമില്ല. അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്ര്‌നീത് സിങ് എന്നിവരായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ജാമി ഒവേര്‍ട്ടന്‍, അ്ക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ്.
ഇംപാക്ട് പ്ലെയര്‍- പ്രശാന്ത് വീര്‍.