രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ സ്വന്തമാക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് അത്ര പെട്ടെന്നു കീഴടങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനു വേണ്ടി ട്രേഡ് വിന്‍ഡോയില്‍ പുതിയ ഓഫറുമായി റോയല്‍സിനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട.
പക്ഷെ മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സഞ്ജുവിനെ പൊക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയത് ചെന്നൈക്കു തലവേദനായിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈമാറ്റം സംബന്ധിച്ച് കെകെആറും റോയല്‍സും അവസാന വട്ട ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ട്രേഡിങ് വിന്‍ഡോയില്‍ റോയല്‍സില്‍ നിന്നും സഞ്ജുവിനെ സ്വന്തമാക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കില്‍ പകരം ആരെന്ന കാര്യത്തില്‍ ചെന്നൈ തീരുമാനമെടുത്തു കഴിഞ്ഞതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേക്കഫുറിച്ചു കൂടുതലറിയാം.

രണ്ടു പേര്‍ ലിസ്റ്റില്‍?
സഞ്ജു സാംസണിനെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമം പാളിയാല്‍ പകരം രണ്ടു താരങ്ങളെയാണ് ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നോട്ടമിട്ടു വച്ചിട്ടുള്ളതെന്നു ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പക്ഷെ രണ്ടു പേരും വിദേശ താരങ്ങളാണെന്നതാണ് കൗതുകകരമായ കാര്യം. ഇതിലൊരാളാവട്ടെ ഇനിയും ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ലെന്നതു മറ്റൊരു സര്‍പ്രൈസുമാണ്.
ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ബെന്‍ ഡക്കെറ്റുമാണ് സഞ്ജുവിന്റെ പകരക്കാരായി ചെന്നൈയിലേക്കു വരാനിടയുള്ള കളിക്കാര്‍. ഡിസംബറിലെ അടുത്ത മിനി താരലേലത്തില്‍ ഇരുവരെയും സ്വന്തമാക്കാനുള്ള പ്ലാനുകള്‍ ചെന്നൈ തയ്യാറാക്കുകയും ചെയ്യുകയാണ്.
ഗ്രീന്‍ വരുമോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 26 കാരനായ കാമറൂണ്‍ ഗ്രീന്‍. ബാറ്റ് കൊണ്ടു മാത്രമല്ല, ബോള്‍ കൊണ്ടും മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറാണ് അദ്ദേഹം. ഐപിഎല്ലില്‍ ഇതിനകം 26 മല്‍സരങ്ങളിലാണ് ഗ്രീന്‍ കളിച്ചിട്ടുള്ളത്. 153.07 സ്‌ട്രൈക്ക് റേറ്റില്‍ 707 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 16 വിക്കറ്റുകളുമെടുത്തിട്ടുണ്ട്,
വെറും രണ്ടു ഐപിഎല്‍ സീസണുകളില്‍ കളിച്ച അനുഭവമ്പത്ത് മാത്രമേ ഗ്രീനിനുള്ളൂ. 2023ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അരങ്ങേറ്റം. കന്നി സീസണില്‍ തന്നെ ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 452 റണ്‍സ് നേടുന്നതിനൊപ്പം ആറു വിക്കറ്റുകളും ഗ്രീന്‍ വീഴ്ത്തി.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുംബൈ വില്‍ക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വാങ്ങാന്‍ പണം സ്വരൂപിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ആര്‍സിബിയും ഗ്രീന്‍ മോശമാക്കിയില്ല. 2024ല്‍ 255 റണ്‍സെടുത്ത അദ്ദേഹം 10 വിക്കറ്റുകളും പിഴുതു.

പക്ഷെ മെഗാ ലേലത്തിനു മുമ്പ് ഗ്രീനിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. ലേത്തില്‍ അദ്ദേഹത്തിനു മോഹവില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പരിക്കു കാരണം മാസങ്ങളോളെം പുറത്തിരിക്കേണ്ടി വന്നതോടെ ലേലത്തില്‍ നിന്നും ഗ്രീന്‍ പിന്‍മാറുകയുമായിരുന്നു. അടുത്ത ലേലത്തില്‍ അദ്ദേഹം തീര്‍ച്ചയായുമുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, 30 കാരനായ ബെന്‍ ഡക്കെറ്റിനു ഇനിയും ഐപിഎല്ലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തിനു ഇതിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനായി 20 ടി20കളില്‍ നിന്നും 153.65 സ്‌ട്രൈക്ക് റേറ്റില്‍ 527 റണ്‍സ് ഡക്കെറ്റ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.