ഐപിഎല്ലിന്റെ അടുത്ത സീസണിനു ഇനി അഞ്ചു മാസങ്ങളോളം ശേഷിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന മിനി താരലേലത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഡിസംബര്‍ 13-15നു ഇടയിലായിരിക്കും ലേലം നടക്കുകയെന്നാണ് ക്രിക്ക്ബസ് (Cricbuzz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ വിദേശത്താണ് ലേലം നടന്നതെങ്കിലും ഇത്തവണ എവിടെയാവുമെന്നതില്‍ വ്യക്തതയില്ല.

ഫ്രാഞ്ചൈസി അധികൃതരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ലേലത്തിന്റെ തിയ്യതിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ. ലേലത്തിനു മുന്നോടിയായി ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു സമര്‍പ്പിക്കേണ്ടത് പ്രധാനമാണ്. ഇതിനുള്ള അന്തിമ തിയ്യതി അടുത്ത മാസം 15 ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു ടീമുകളുടെ ലിസ്റ്റ് പുറത്ത്?
ഐപിഎല്‍ മിനി ലേലത്തിനു മുമ്പ് പത്തു ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍ല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ നാലു ടീമുകള്‍ ഒഴിവാക്കാനാടിയുള്ള താരങ്ങളെ കുറിച്ച് ക്രിക്ക്ബസ് പുറത്തു വിട്ടിരിക്കുകയാണ്.
കഴിഞ്ഞ എഡിഷനില്‍ ഏറ്റവും വലിയ ദുരന്തമായി മാറിയ ടീമാണ് സിഎസ്‌കെ. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് അവര്‍ നാണംകെടുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിഎസ്‌കെ പത്താം സ്ഥാനത്തേക്കു കൂപ്പുകുത്തിയത്. വരാനിരിക്കുന്ന ലേലത്തിനു മുമ്പ് വലിയൊരു അഴിച്ചുപണിയാണ് ചെന്നൈ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡ, വിജയ് ശങ്കര്‍, മുന്‍നിര ബാറ്റര്‍ രാഹുല്‍ ത്രിപാഠി, ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍, ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡെവന്‍ കോണ്‍വേ എന്നിവരാണ് ചെന്നൈയുടെ പുറത്താക്കല്‍ ലിസ്റ്റിലുള്ളതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്. വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വന്റെ വിരമിക്കലോടെ 9.75 കോടി രൂപ ചെന്നൈയുടെ പഴ്‌സിലേക്കു ഇതിനകം വരികയും ചെയ്തിട്ടുണ്ട്.
അതേസമയം, റോയല്‍സിലേക്കു വന്നാല്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ കൈവിടുമെന്നാണ് ക്രിക്ക്ബസ് അവകാശപ്പെടുന്നത്. ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ മറ്റൊരു ടീമിനു വില്‍ക്കാന്‍ റോയല്‍സ് ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ വിജയിച്ചില്ലെങ്കില്‍ റിലീസ് ചെയ്യാനാണ് റോയല്‍സിന്റെ പ്ലാന്‍.

സഞ്ജുവിനെ കൂടാതെ ശ്രീലങ്കന്‍ ജോടികളായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസംഗ, സ്പിന്നര്‍ മഹീഷ് തീക്ഷണ എന്നിവരെയും റോയല്‍സ് നിലനിര്‍ത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ദ്രാവിഡിനു പകരം കുമാര്‍ സങ്കക്കാരയാണ് അടുത്ത സീസണില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിലീസ് ലിസ്റ്റെടുത്താല്‍ ചില വലിയ കളിക്കാര്‍ അതിലുള്‍പ്പെട്ടതായി ക്രിക്ക്ബസ് പറയുന്നു. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറായ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ സ്‌പെഷ്യസിസ്റ്റുമായ ടി നടരാജന്‍ എന്നിവരെ ഡിസി കൈവിടാന്‍ തയ്യാറെടുക്കുകയാണ്.
കൂടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സൗത്താഫ്രിക്കയുടെ പരിചയ സമ്പന്നനായ മധ്യനിര ബാറ്ററും ഫിനിഷറുമായ ഡേവിഡ് മില്ലര്‍, ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവ് എന്നിവരെയും കൈവിടുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.