ഐപിഎൽ 2026-ൽ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ അസ്വസ്ഥത പുകയുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് (SRH) 65 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, തന്റെ ബാറ്റിംഗ് ശൈലിയെയും സ്ട്രൈക്ക് റേറ്റിനെയും വിമർശിച്ചവർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കെകെആർ നായകൻ അജിങ്ക്യ രഹാനെ. തന്നെ വിമർശിക്കുന്നവർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും തന്റെ വിജയത്തിൽ അവർക്ക് അസൂയയാണെന്നുമാണ് രഹാനെ ആരോപിക്കുന്നത്.
IPL 2026: നെറ്റ്സ് പൂരപ്പറമ്പാക്കി തലയുടെ നോ ലുക്ക് സിക്സർ; ധോണി ഇന്ന് ഇറങ്ങുന്നുണ്ടോ, റുതുവിന്റെ മറുപടി
"വിമർശകർ കളി കാണുന്നില്ല!"; രഹാനെ പറയുന്നു
ഹൈദരാബാദിനെതിരായ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രം നേടി പുറത്തായതിന് പിന്നാലെയാണ് രഹാനെക്കെതിരെ വിമർശനം ഉയർന്നത്. എന്നാൽ ഇതിനോട് മത്സരശേഷം രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. "എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുന്നവർ ഒരുപക്ഷേ കളി കാണുന്നില്ലായിരിക്കാം, അല്ലെങ്കിൽ അവർക്ക് കൃത്യമായ ചില അജണ്ടകളുണ്ടാകും. ഞാൻ കളിക്കുന്നത് അവർക്ക് ഇഷ്ടമല്ല. എനിക്ക് ലഭിച്ച വിജയങ്ങൾ കാണുമ്പോൾ അവർക്ക് എന്നോട് അസൂയ തോന്നുണ്ടാകാം," രഹാനെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താൻ കളി മെച്ചപ്പെടുത്തിയത് പലരും പ്രതീക്ഷിച്ചിരുന്നില്ലെന്നും നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ആളുകൾ തന്നെക്കുറിച്ച് സംസാരിക്കുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഇന്നിംഗ്‌സിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കരുതി തന്നെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്നാണ് നായകൻ പറയുന്നത്.
കൊൽക്കത്തയ്ക്ക് തോൽവി ഭാരമാകുന്നു!
ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും കൊൽക്കത്തയ്ക്ക് പരാജയമായിരുന്നു വിധി. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് (MI) തോറ്റ കെകെആർ, രണ്ടാം മത്സരത്തിൽ ഹൈദരാബാദിനോടും പതറി. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് (SRH) 65 റൺസിന്റെ ദയനീയ പരാജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ഏറ്റുവാങ്ങിയത്. ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 226 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. കൊൽക്കത്ത ബൗളർമാരായ വൈഭവ് അറോറയും കാർത്തിക് ത്യാഗിയും ഓവറിൽ 10-ലധികം റൺസ് വഴങ്ങിയത് ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാക്കി. പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന ധോണിയുടെ അഭാവം ചെന്നൈ ക്യാമ്പിനെപ്പോലെ, കൃത്യമായ പ്ലാനിംഗിന്റെ അഭാവം കൊൽക്കത്ത നിരയിലും പ്രകടമായിരുന്നു.
IPL 2026: സഞ്ജുവിനെ കിട്ടിയത് ഭാഗ്യം!! ഞങ്ങളുടെ കൂട്ടുകെട്ട് തകര്‍ക്കും, റുതു ആവേശത്തില്‍
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് 16 ഓവറിൽ 161 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. യുവതാരം അംഗ്രിഷ് രഘുവംശി (29 പന്തിൽ 52) മാത്രമാണ് ക്രീസിൽ അൽപ്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. നായകൻ അജിങ്ക്യ രഹാനെ 8 റൺസിന് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. മത്സരശേഷം തന്റെ സ്ട്രൈക്ക് റേറ്റിനെ വിമർശിക്കുന്നവർക്ക് തന്നോട് അസൂയയാണെന്ന രഹാനെയുടെ പ്രസ്താവന ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഏപ്രിൽ ഒമ്പതിന് ലക്നൗ സൂപ്പർ ജയിന്റ്സിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരം.