ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കോച്ചായി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം വരുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 2022ലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ജിടിയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ആശിഷ് നെഹ്‌റയായിരുന്നു. 2022ല്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം 2023ല്‍ ജിടിയെ റണ്ണറപ്പാക്കുകയും ചെയ്തു.
പക്ഷെ ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ജിടി തീര്‍ത്തും നിരാശപ്പെടുത്തി. പ്ലേഓഫ് പോലും കാണാതെയാണ് ജിടി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. അടുത്ത സീസണിനു മുമ്പ് ജിടിയുടെ പരിശീലകസ്ഥാനമൊഴിയാന്‍ നെഹ്‌റ തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. പകരക്കാരനായി ഈ റോളിലേക്കു യുവിയെ കൊണ്ടുവരാനാണ് ടീമുടമകള്‍ ആലോചിക്കുന്നത്.

ഇതു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ജിടി കോച്ചായി സ്ഥാനമേറ്റെടുത്താല്‍ വരാനിരിക്കുന്ന മെഗാ ലലേത്തില്‍ ചില കളിക്കാരെ യുവി ടീമിലേക്കു കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ആരൊക്കെയാണ് ഇവരെന്നു നമുക്കു പരിശോധിക്കാം.
രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനുമായ ഇതിഹാസ ബാറ്റര്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍. യുവിയുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് രോഹിത്. അതുകൊണ്ടു തന്നെ യുവി ജിടിയുടെ കോച്ചായി എത്തിയാല്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹം തീര്‍ച്ചയായും പാഴാക്കാന്‍ സാധ്യതയില്ല.
മെഗാലേലത്തിനു മുമ്പ് തന്നെ രോഹിത് മുംബൈ വിടുമെന്നാണ് വിവരം. കഴിഞ്ഞ സീസണിനു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയ ശേഷം പകരം ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ചതു മുതല്‍ രോഹിത് ഉടക്കി നില്‍ക്കുകയാണ്. ഇനിയൊരു സീസണ്‍ കൂടി അദ്ദേഹം ടീമിനൊപ്പം തുടരാന്‍ സാധ്യത തീരെ കുറവാണ്.
അതുകൊണ്ടു തന്നെ രോഹിത് മുംബൈ വിട്ടാല്‍ ജിടി ഉറപ്പായും ലേലത്തില്‍ മോഹവിലയ്ക്കു അദ്ദേഹത്തെ വാങ്ങാനും ശ്രമിച്ചേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍ യുവതാരം ശുഭ്മന്‍ ഗില്ലാണ് ജിടിയെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ രോഹിത് വരികയാണെങ്കില്‍ ഒന്നോ, രണ്ടോ സീസണിലെങ്കിലും അദ്ദേഹം ടീമിന്റെ ക്യാപ്റ്റനാവാനുള്ള സാധ്യതയും കൂടുതലാണ്.
നിതീഷ് റാണ
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ നിതീഷ് റാണയാണ് യുവരാജ് അടുത്ത സീസണില്‍ ടീമിലെത്തിക്കാനിടയുള്ള രണ്ടാമത്തെ താരം. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹമുള്ളത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനാവാതെ റാണയ്ക്കു പുറത്തിരിക്കേണ്ടതായി വന്നിരുന്നു.
അടുത്ത സീസണില്‍ അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തില്ലെന്ന കാര്യമുറപ്പാണ്. അങ്ങനെയെങ്കില്‍ മെഗാ ലേലത്തിലെ കളിക്കാരുടെ ലിസ്റ്റില്‍ റാണയമുണ്ടാവും. ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹം.
2023ലെ ഐപിഎല്ലില്‍ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പുറത്തിരിക്കേണ്ടതായി വന്നപ്പോള്‍ ടീമിനെ നയിച്ചത് റാണയായിരുന്നു. ഭേദപ്പെട്ട രീതിയില്‍ കെകെആറിനെ നയിച്ച അദ്ദേഹം ബാറ്റിങിലും തിളങ്ങിയിരുന്നു.

യുസ്വേന്ദ്ര ചഹല്‍
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് യുവരാജ് റാഞ്ചാനിടയുള്ള മൂന്നാമത്തെ താരം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരമാണ് ചഹല്‍. മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന കളിക്കരുടെ നിരയില്‍ അദ്ദേഹമുണ്ടാവുമോയെന്ന കാര്യമുറപ്പില്ല.
ലേലത്തിനു മുമ്പ് ചഹലിനെ റോയല്‍സ് ഒഴിവാക്കിയാല്‍ ജിടിയുടെ നോട്ടപ്പുള്ളികളുടെ ലിസ്റ്റില്‍ അദ്ദേഹമുണ്ടാവും. ചഹലുമായി വളരെയടുത്ത സൗഹൃദമാണ് യുവിക്കുള്ളത്. ഇതും ലെഗ് സ്പിന്നറെ ടീമിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകമാണ്.