ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഭാവി സൂപ്പര്‍ താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയും. ജിടിയുടെ ക്യാപ്റ്റന്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഗില്‍,. അഭിഷേകാവട്ടെ സ്‌ഫോടനാത്മ ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട ഓപ്പണറും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടറുമാണ്.
എന്നാല്‍ വഴിതെറ്റി വഷളായി പോവേണ്ടയിരുന്ന അഭിഷേകിനെയും ഗില്ലിനെയും ഇന്നു കാണുന്ന മിടുക്കരായ ക്രിക്കറ്റര്‍മാരായി ഉടച്ചുവാര്‍ത്തതിന്റെ ക്രെഡിറ്റ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു അവകാശപ്പെട്ടതാണ്.
ഇപ്പോഴത്തെ യുവതലമുറയിലെ ഭൂരിഭാഗം പേരെയും പോലെ കുത്തഴിഞ്ഞ ജീവിതശൈലിയിലേക്കു പോയ്‌ക്കൊണ്ടിരുന്ന ഇരുവരെയും അച്ചടക്കവും ആത്മാര്‍ഥതയുമുള്ള താരങ്ങളായി ഉടച്ചു വാര്‍ത്തത് യുവാണ്. അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങാണ് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. യുവിയുടെ നാടായ പഞ്ചാബില്‍ നിന്നുള്ള ക്രിക്കറ്റര്മാരാണ് ഗില്ലും അഭിഷേകും.

അഭിഷേക് ബൗളര്‍?
പഞ്ചാബിനായി വ്യത്യസ്ത പ്രായത്തിലുള്ള ടൂര്‍ണമെന്റുകളില്‍ നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് അഭിഷേക് ശര്‍മയെ യുവരാജ് സിങ് ആദ്യം ശ്രദ്ധിക്കുന്നതെന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്. പക്ഷെ താരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ രേഖകളില്‍ ബൗളറെന്നായിരുന്നു അഭിഷേകിനെ വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിസിഎയോടും (പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍) നിന്നും കോച്ചുമാരോടും അഭിഷേക് ശര്‍മയുടെ പ്രകടനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അവന്‍ ബൗളറാണെന്നായിരുന്നു അരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അഭിഷേകിന്റെ റെക്കോര്‍ഡ് നോക്കൂയെന്നാണ് അവരോടു യുവി പറഞ്ഞത്. 24 സെഞ്ച്വറികള്‍ അവന്‍ നേടിയിട്ടുണ്ട്. നിങ്ങള്‍ എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്നും യുവി അവരോടു ചോദിക്കുകയും ചെയ്തു. ആറ്- ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ കാര്യങ്ങളാണ് ഇവയെന്നും യോഗ്‌രാജ് വ്യക്തമാക്കി.
അഭിഷേകിനെ യുവിയെ ഏല്‍പ്പിച്ചു
വീട്ടുകാര്‍ക്കു നിയന്ത്രിക്കാനും നേര്‍വഴി കാണിക്കാനും സാധിക്കാതെ വന്നതോടെ അഭിഷേക് ശര്‍മയെ വീട്ടുകാര്‍ തന്നെ യുവരാജ് സിങിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നു യോഗ്‌രാജ് സിങ് വെളിപ്പെടുത്തി. രാത്രി വൈകിയുള്ള പാര്‍ട്ടികളും ഗേള്‍ ഫ്രണ്ടുമായുള്ള കറക്കവുമെല്ലാമായാണ് അഭിഷേക് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. അവനെ ലോക്ക് ചെയ്യൂവെന്നാണ് അന്നു യുവി പറഞ്ഞത്.
അഭിഷേകിനെ അച്ഛനു നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായില്ല. തുടര്‍ന്നാണ് അവനെ യുവിയുടെ ചിറകിനു കീഴിലാക്കിയത്. രാത്രിയില്‍ അഭിഷേകിനെ ഫോണില്‍ വിളിച്ച് യുവി ശകാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നീ എവിടെയാണ്, വേഗം ഉറങ്ങാന്‍ നോക്കൂയെന്നാണ് അഭിഷേകിനോടു യുവി പറഞ്ഞതെന്നു യോഗ്‌രാജ് വെളിപ്പെടുത്തി.

അഭിഷേകിനെ പോലെ തന്നെയാണ് ശുഭ്മന്‍ ഗില്ലിനെയും യുവി കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറയുന്നു. ജൂനിയര്‍ തലത്തിലൂടെ കളിച്ചു വളര്‍ന്ന ഗില്ലും അഭിഷേകും 2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്.
ഗില്ലിനെയും അവന്‍ നേരെയാക്കി അഭിഷേക് ശര്‍മയുടെ കാര്യത്തില്‍ സംഭവിച്ചതു തന്നെയാണ് ശുഭ്മന്‍ ഗില്ലിനും സംഭവിച്ചത്. യുവരാജ് ഇടപെടുകയും നേര്‍വഴി കാണിക്കുകയും ചെയ്തല്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന അഭിഷേക് ഉണ്ടാവില്ല.
ഒരു ഡയമണ്ട് മറ്റൊരു ഡയമണിന്റെ കൈകളിലെത്തുമ്പോള്‍ അതു കോഹിനൂര്‍ ആയി മാറും. അഭിഷേക് ശര്‍മയുടെ കാര്യത്തിലും ഇതാണ് നടന്നത്. എന്നാല്‍ ഒരു ഡയമണ്ട് തെറ്റായ കൈകളിലാണ് എത്തിപ്പെടിരുന്നെങ്കില്‍ അതു പൊട്ടുകയോ, ചിതറിപ്പോവുകയോ ചെയ്യുമെന്നും യോഗ്‌രാജ് കൂട്ടിച്ചേത്തു.