ഇന്ത്യന്‍ ബാറ്റിങിലെ അടുത്ത റണ്‍മെഷീനായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം കളിച്ചിട്ടുള്ള രണ്ടു ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചത്.
ഫോര്‍മാറ്റ് ഏതു തന്നെയായാലും വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ജയ്‌സ്വാള്‍. ബൗളറെ അങ്ങോട്ടു കയറി ആക്രമിച്ച് ബാക്ക്ഫൂട്ടിലാക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ജയ്‌സ്വാളിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്ന ഒരു കാര്യം അനായാസം സിക്‌സറുകള്‍ പറത്താനുള്ള ശേഷിയാണ്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളറെയും നിലം തൊടീക്കാതെ പറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
അന്താരാഷ്ര ക്രിക്കറ്റില്‍ രണ്ടു ഫോര്‍മാറ്റുകളിലുമായി ജയ്‌സ്വാള്‍ ഇതിനകം കളിച്ചത് 42 മല്‍സരങ്ങളിലാണ്. എന്നാല്‍ ഇവയില്‍ നിന്നും 72 സിക്‌സറുകള്‍ അദ്ദേഹം വാരിക്കൂട്ടി. ഇത്ര അനായാസമായി സിക്‌സറുകള്‍ നേടുന്നതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയ്‌സ്വാള്‍.

സിക്‌സറിനെ പിന്നിലെ രഹസ്യം
ഇത്ര അനായാസമായി സിക്‌സറുകള്‍ പായിക്കാന്‍ തനിക്കു സാധിക്കുന്നതിനു പിന്നിലെ രഹസ്യം ഐപിഎല്ലാണെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്റര്‍ കൂടിയായ യശസ്വി ജയ്‌സ്വാളിന്റെ വെളിപ്പെടുത്തല്‍. ഫോബ്‌സ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിക്‌സറുകള്‍ കളിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താന്‍ ഐപിഎല്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സുബിന്‍ ബറൂച്ച സാറിനെ (രാജസ്ഥാന്‍ റോയല്‍സ് ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍) കുറിച്ച് ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനായി ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ് അദ്ദേഹം.
കൂടാതെ രാജസ്ഥാന്‍ റോയല്‍സിനോടും ഞാന്‍ നന്ദി പറയുകയാണ്. അവര്‍ വളരെ മികച്ച രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇതു കാരണം എനിക്കു അവിടെ പോയി വളരെ മികച്ച തയ്യാറെടുപ്പ് നടത്താന്‍ സാധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇതു ഒരുപാട് ആളുകളുടെ സംഭാവനയാണെന്നു എനിക്കു പറയാന്‍ സാധിക്കും. ഇതോടൊപ്പം ഒരുപാട് സിക്‌സുകള്‍ താന്‍ പരിശീലിക്കുകയും ചെയ്യാറുണ്ടെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.
സിക്‌സര്‍ റെക്കോര്‍ഡ്
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ സിക്‌സര്‍ വേട്ടയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ യശസ്വി ജയസ്വാളിനായിരുന്നു. 26 സിക്‌സറുകളാണ് പരമ്പരയില്‍ താരം വാരിക്കൂട്ടിയത്. ഇതോടെ 19 സിക്‌സറുകളെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡും ജയ്‌സ്വാള്‍ പഴങ്കഥയാക്കി.

കൂടാതെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 33 സിക്‌സറുകളുമായി മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷം 36 സിക്‌സറുകള്‍ അടിച്ചെടുത്ത് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയത്.
ഐപിഎല്‍ കരിയര്‍
2020ലെ ഐപിഎല്ലിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജയ്‌സ്വാള്‍ അരങ്ങേറിയത്. ആദ്യ മൂന്നു സീസണുകളിലെ പതിഞ്ഞ തുടക്കത്തിനു ശേഷം 2023ല്‍ അദ്ദേഹത്തിന്റെ കരിയര്‍ ടോപ്പ് ഗിയറിലേക്കു കയറുകയായിരുന്നു. 14 കളിയില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സാണ് സീസണില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്.
ദേശീയ ടീമിലേക്കു അദ്ദേഹത്തിനു ആദ്യമായി വിളിയെത്തിയതും ഇതിനു പിന്നാലെയാണ്. ഇതിനകം ഐപിഎല്ലില്‍ 52 മല്‍സരങ്ങളില്‍ ജയ്‌സ്വാള്‍ കളിച്ചിട്ടുണ്ട്. 32.14 ശരാശരിയില്‍ 150.6 സ്‌ട്രൈക്ക് റേറ്റില്‍ 1607 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു