ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി താരങ്ങളുമായി ധാരണയിലേക്കെത്താനുള്ള നീക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. വലിയ അഴിച്ചുപണികളാണ് ടീമുകള്‍ നടത്താന്‍ പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ മിക്ക ടീമിനും എല്ലാ റോളിലേക്കും താരങ്ങളെ ആവശ്യമാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
കെ എല്‍ രാഹുലിനെ നായകനായി നിലനിര്‍ത്തി ലഖ്‌നൗ മുന്നോട്ട് പോകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചുള്ള സൂചനകള്‍ ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയന്‍കെ തന്നെ നല്‍കിയിട്ടുണ്ട്. ലഖ്‌നൗവിന് അടിമുടി മാറ്റം അത്യാവശ്യമാണ്. ഓപ്പണിങ് റോളിലേക്ക് ലഖ്‌നൗവിന് പുതിയ താരങ്ങളെ ആവശ്യമാണ്. ചില വമ്പന്മാരെ ലഖ്‌നൗ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ലഖ്‌നൗ ഓപ്പണിങ് റോളിലേക്ക് പരിഗണിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
പ്രധാനമായും മൂന്ന് താരങ്ങളെയാണ് ലഖ്‌നൗ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. അതില്‍ ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. ഇടം കൈയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇതിനോടകം സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഓപ്പണിങ്ങില്‍ കസറുന്ന താരത്തെ അടുത്ത സീസണിലും രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് ജയ്‌സ്വാളിനെ റാഞ്ചാന്‍ ലഖ്‌നൗ തീവ്രമായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
16 കോടി രൂപവരെ ജയ്‌സ്വാളിനായി മുടക്കാന്‍ ലഖ്‌നൗ തയ്യാറാണെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നുമാണ് വിവരം. എന്നാല്‍ ജയ്‌സ്വാളില്‍ രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ വിട്ടുകൊടുക്കാന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല. എന്നാല്‍ 16 കോടിയുടെ വമ്പന്‍ ഓഫറിന് ജയ്‌സ്വാള്‍ രാജസ്ഥാന്‍ വിടാന്‍ തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

രണ്ടാമത്തെ താരം പൃഥ്വി ഷായാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വിയെ അടുത്ത സീസണില്‍ ടീം നിലനിര്‍ത്തിയേക്കില്ല. പൃഥ്വി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കപ്പടിപ്പിച്ച നായകനാണ്. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും കരിയര്‍ പ്രതീക്ഷിച്ച ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ പൃഥ്വിക്കായില്ല. എന്നാല്‍ ഐപിഎല്ലില്‍ പൃഥ്വി ഷാ സജീമാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ മത്സരത്തെ മാറ്റാന്‍ കഴിവുള്ള പൃഥ്വിയെ ലഖ്‌നൗ നോട്ടമിടുന്നുണ്ട്.
ലേലത്തിലേക്കെത്തിയാലും വലിയൊരു പ്രതിഫലം പൃഥ്വി ഷാക്ക് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ലഖ്‌നൗ മോശമല്ലാത്തൊരു തുകയ്ക്ക് പൃഥ്വിയുമായി ധാരണയിലേക്കെത്താനാണ് നീക്കം നടത്തുന്നത്. ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കാണ് മറ്റൊരു താരം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ മഗ്യൂര്‍ക്ക് നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരമാണ്. അവസാന സീസണില്‍ മഗ്യൂര്‍ക്കിന്റെ ബാറ്റിങ് ചൂട് മിക്ക ബൗളര്‍മാരും അറിഞ്ഞിരുന്നു.
ഭയമില്ലാതെ കളിക്കുന്ന മഗ്യൂര്‍ക്കിനെ ഡല്‍ഹി ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. ലേലത്തിലേക്കെത്തിയല്‍ മഗ്യൂര്‍ക്കിനെ നോട്ടമിടാന്‍ പ്രമുഖരെല്ലാം ഉണ്ടാവും. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ മഗ്യൂര്‍ക്കുമായി ധാരണയിലേക്കെത്താനാണ് ലഖ്‌നൗ ആലോചിക്കുന്നത്. ക്വിന്റന്‍ ഡീകോക്കിനെ ലഖ്‌നൗ ഒഴിവാക്കുമെന്നാണ് വിവരം. മാര്‍ക്കസ് സ്റ്റോയിണിസ്, കെ എല്‍ രാഹുല്‍, രവി ബിഷ്‌നോയ് എന്നിവരെയാവും ലഖ്‌നൗ നിലനിര്‍ത്തുകയെന്നാണ് വിവരം.
ലഖ്‌നൗ ടീമിന്റെ ബൗളിങ് നിരയിലേക്ക് കൂടുതല്‍ സീനിയര്‍ താരങ്ങള്‍ എത്തേണ്ടതായുണ്ട്. മായങ്ക് യാദവിനെപ്പോലെ മികച്ച യുവ പേസര്‍മാരെ വളര്‍ത്താന്‍ ലഖ്‌നൗവിന് സാധിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ സാധിക്കുന്ന തരത്തില്‍ ടീമില്‍ ഉടച്ചുവാര്‍ക്കലാണ് ലഖ്‌നൗ ലക്ഷ്യമിടുന്നത്. രാഹുലിനെ നായകനായി നിലനിര്‍ത്തി മുന്നോട്ട് പോകുന്നത് ലഖ്‌നൗവിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയാം.