Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്രതിസന്ധിയില്‍ കരുത്തായത് കോലി, സഹായിച്ചത് എങ്ങനെ? യഷ് ദയാല്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുവതാരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തഴയപ്പെടുന്ന പല താരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വളരാനും ശ്രദ്ധേയ പ്രകടനം നടത്തി ആരാധക മനസില്‍ ഇടം നേടാനുമുള്ള അവസരമാണ് ഐപിഎല്‍ തുറന്ന് നല്‍കുന്നത്. പല യുവതാരങ്ങളും ഇത് നന്നായി മുതലാക്കുന്നുമുണ്ട്. എന്നാല്‍ ചിലര്‍ വലിയ പ്രതീക്ഷ നല്‍കി വന്നിട്ട് ഒന്നുമാകാതെ പോയതും ഐപിഎല്‍ ചരിത്രത്തില്‍ കാണാന്‍ സാധിക്കും.

ഇവരില്‍ത്തന്നെ ചില താരങ്ങള്‍ വലിയ തിരിച്ചടി നേരിട്ടിട്ടും ശക്തമായ തിരിച്ചുവരവ് നടത്തി കൈയടി നേടിയിട്ടുണ്ട്. ഇതിലൊരാളാണ് യഷ് ദയാല്‍. ഗുജറാത്ത് ടൈറ്റന്‍സിലൂടെയാണ് യഷ് ദയാലിനെ എല്ലാവരും ശ്രദ്ധിക്കുന്നത്. ഇടം കൈയന്‍ പേസറായ യഷ് ദയാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ നാണംകെട്ടു. റിങ്കു സിങ് യഷ് ദയാലിന്റെ ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി കെകെആറിനെ വിജയിപ്പിച്ചിരുന്നു.

ഇത് യഷ് ദയാലിന്റെ കരിയറിനെ തകര്‍ത്തു. മാനസികമായി തളര്‍ന്ന് ഇടവേളയെടുത്ത താരത്തെ പിന്നീട് ഗുജറാത്ത് ഒഴിവാക്കുകയും ചെയ്തു. പക്ഷെ തളരാതെ, ആത്മവിശ്വാസത്തോടെ കളിച്ച യഷ് ദയാല്‍ അവസാന സീസണില്‍ ആര്‍സിബിയിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 15 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഡെത്തോവറിലടക്കം കിടിലന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ തിരിച്ചുവരവിന് വിരാട് കോലി എങ്ങനെയാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യഷ് ദയാല്‍.

'അവസാന സീസണില്‍ വിരാട് കോലി എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. സീസണിലുടെനീളം പിന്തുണച്ചു. പുതിയൊരു ടീമിലേക്കാണ് വന്നതെന്ന് തോന്നലേ അദ്ദേഹം നല്‍കിയില്ല. എല്ലാത്തരത്തിലും ആത്മവിശ്വാസം നല്‍കി എന്നോടൊപ്പം നിന്നു. ഇത് എനിക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കി. ആര്‍സിബിയിലെ യുവതാരങ്ങളോടെല്ലാം കോലി സംസാരിക്കുന്നത് അവരെ മാനസികമായി വളരെയധികം കരുത്തരാക്കുന്നു.

virat kohli

പുറത്തുള്ളവര്‍ പറയുന്ന പോലെ ഒരാളല്ല കോലി. അദ്ദേഹം എല്ലാവര്‍ക്കും വലിയ പിന്തുണയാണ് നല്‍കുന്നത്' സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ദയാല്‍ പറഞ്ഞു. അടുത്ത സീസണില്‍ ആര്‍സിബി ദയാലിനെ നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എങ്ങനെയാവുമെന്നത് കണ്ടറിയണം. അടുത്ത സീസണില്‍ മെഗാ ലേലത്തിലേക്കെത്തിപ്പെട്ടാലും ദയാലിനെ വാങ്ങാന്‍ ആളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. വിരാട് കോലി അടുത്ത സീസണിലും ടീമിന്റെ നട്ടെല്ലായി ഉണ്ടാവും. മുഹമ്മദ് സിറാജിനെ ആര്‍സിബി ഒഴിവാക്കിയേക്കുമെന്ന സൂചനയുമുണ്ട്. നായകസ്ഥാനത്ത് ഫഫ് ഡുപ്ലെസിസ് ഉണ്ടായേക്കില്ല. ഡുപ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ലെന്നാണ് വിവരം. കെ എല്‍ രാഹുലിനെ അടുത്ത സീസണില്‍ ആര്‍സിബി നായകസ്ഥാനത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിടാനൊരുങ്ങുന്ന രാഹുലിന് ആര്‍സിബി മികച്ച ടീമാവും. നേരത്തെ ആര്‍സിബിക്കായി രാഹുല്‍ കളിച്ചിട്ടുമുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തായാല്‍ ഒപ്പം കൂട്ടാന്‍ ആര്‍സിബി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. എന്തായാലും വലിയ അഴിച്ചുപണി അടുത്ത സീസണില്‍ ആര്‍സിബി നടത്തുമെന്നുറപ്പാണ്. ബൗളിങ് നിരയിലെ പിഴവുകള്‍ നികത്തിയാല്‍ത്തന്നെ ആര്‍സിബിക്ക് വലിയ മുന്നേറ്റം നടത്താനായേക്കും.

എല്ലാ സീസണിലും ആര്‍സിബിയുടെ ബൗളിങ് നിരയുടെ പിഴവ് തിരിച്ചടിയാകാറുണ്ട്. ബാറ്റിങ്ങില്‍ ശ്രദ്ധിക്കുമ്പോഴും ബൗളിങ്ങില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ ആര്‍സിബി തയ്യാറാവാറില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇതുവരെ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ട്. ടീമെന്ന നിലയില്‍ മുംബൈയ്ക്കും ആര്‍സിബിക്കുമൊപ്പം ബ്രാന്റ് മൂല്യമുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അടുത്ത സീസണില്‍ കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്കാവുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, August 20, 2024, 13:07 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+