For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലി വീണ്ടും ക്യാപ്റ്റനാവുമോ? ആര്‍സിബി കോച്ച് പറയുന്നു; ആരാധകര്‍ക്ക് പ്രതീക്ഷ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ടീമുകളിലൊന്നാണ് ആര്‍സിബി. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. വിരാട് കോലി നട്ടെല്ലായി നില്‍ക്കുന്ന ആര്‍സിബി വരുന്ന സീസണില്‍ അടിമുടി മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. മെഗാ ലേലം പൂര്‍ത്തിയായപ്പോള്‍ ശക്തമായ ടീമിനെത്തന്നെ സൃഷ്ടിച്ചെടുക്കാന്‍ ആര്‍സിബിക്കായിട്ടുണ്ട്.

രജത് പാട്ടീധാര്‍, വിരാട് കോലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ടീമാണ് ഇത്തവണ ആര്‍സിബിക്കുള്ളത്. എന്നാല്‍ ആരാവും ആര്‍സിബിയെ നയിക്കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അവസാന സീസണില്‍ ടീമിനെ നയിച്ച ഫഫ് ഡുപ്ലെസിസ് ഇത്തവണ ടീമിലില്ല. വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്കെത്തുമെന്ന അഭ്യൂഹം ശക്തമാണ്.

ആര്‍സിബിയെ ഏറെ നാള്‍ നയിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനാവാതെ നായകസ്ഥാനമൊഴിഞ്ഞ കോലി വീണ്ടും ക്യാപ്റ്റനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ആര്‍സിബിയെ കോലി നയിക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുമെന്നുറപ്പാണ്. ഇപ്പോഴിതാ കോലി വീണ്ടും നായകനാവുമോയെന്നത് സംബന്ധിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍സിബി പരിശീലകനായ ആന്‍ഡി ഫ്‌ളവര്‍.

കോലി നായകനാവുമെന്ന് ഉറപ്പ് പറയില്ല

വിരാട് കോലി നായകനാവുമെന്ന് ഉറപ്പ് പറയാതെയാണ് പരിശീലകന്‍ സംസാരിച്ചത്. എന്നാല്‍ സാധ്യതകളെ അദ്ദേഹം തള്ളിക്കളയുന്നില്ല. 'എന്താവും വരാനുള്ളതെന്നറിയാന്‍ നിങ്ങള്‍ കാത്തിരിക്കണം. പുതിയൊരു തുടക്കത്തിലേക്കാണ് പോകുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഇപ്പോഴുള്ളത്. നിലവിലെ നിങ്ങളുടെ കാത്തിരിപ്പ് വെറുതെയാവില്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്നോട് എന്തും ചോദിക്കാം. എന്നാല്‍ ക്യാപ്റ്റനുമായി ബന്ധപ്പെട്ടുള്ള ആശയ വിനിമയം ഇതുവരെ ആരംഭിച്ചിട്ടില്ല' ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

വിരാട് കോലി ടെസ്റ്റില്‍ മികച്ച നായകനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ടി20യില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും കോലിക്ക് കഴിവില്ല. ആര്‍സിബിയെ ഫൈനല്‍ കളിപ്പിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വീണ്ടും ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് കോലിയെ എത്തിക്കുന്നത് മണ്ടത്തരമാവുമെന്ന് തന്നെയാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്.

virat kohli

2023ല്‍ നാല് മത്സരങ്ങള്‍ നയിച്ചു

2021ല്‍ ഔദ്യോഗികമായി ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പടിയിറങ്ങിയതാണ്. 2013ല്‍ ആര്‍സിബിയുടെ സ്ഥിരം നായകനായ കോലി 2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. എന്നാല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ഇതിന് ശേഷവും നിര്‍ണ്ണായക തീരുമാനങ്ങളുമായി ആര്‍സിബിക്കൊപ്പം കോലിയുണ്ടായിരുന്നു. 2023ല്‍ ഫഫ് ഡുപ്ലെസിസിന് പരിക്കേറ്റ സാഹചര്യത്തില്‍ നാല് മത്സരങ്ങള്‍ കോലി നയിച്ചിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്റ്റാന്റ് ഇന്‍ ക്യാപ്റ്റനായും കോലി കളിച്ചു. ഇതെല്ലാം വീണ്ടും നായകസ്ഥാനത്തേക്കെത്താന്‍ കോലി തയ്യാറാണെന്ന സൂചനയാണ് നല്‍കുന്നത്. ടീം മാനേജ്‌മെന്റ് പിന്തുണച്ചാല്‍ വീണ്ടും ആര്‍സിബിയുടെ നായകസ്ഥാനത്ത് വിരാട് കോലിയെ പ്രതീക്ഷിക്കാം. ഇത് എത്രത്തോളം ഫലം കാണുമെന്നതാണ് കണ്ടറിയേണ്ടത്. കോലിയുടെ ആരാധകരാണ് ആര്‍സിബിയുടെ ശക്തി. അതുകൊണ്ടുതന്നെ കോലി വീണ്ടും എത്തിയാല്‍ വലിയ സ്വീകാര്യത തന്നെ ലഭിച്ചേക്കും.

രജത് പാട്ടീധാര്‍ നായകനാവുമോ?

ഇത്തവണ ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് രജത് പാട്ടീധാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി അനുഭവസമ്പത്ത് രജത്തിനുണ്ട്. ആര്‍സിബിക്കൊപ്പം മികച്ച ബാറ്റിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രജത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ആര്‍സിബിക്ക് ഗുണകരമായേക്കും. ഭാവിയിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നായകനാണ് രജത്. വലിയ ഭാവിയുള്ളതിനാല്‍ രജത്തിനെ വളര്‍ത്തുന്നതാവും ആര്‍സിബിക്ക് കൂടുതല്‍ ഗുണം ചെയ്യുക. എന്തായാലും ടീമിന്റെ തീരുമാനം എന്താകുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, January 10, 2025, 14:19 [IST]
Other articles published on Jan 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+