ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍വികളില്‍ നിന്നും കരകയറ്റാന്‍ നായകന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നു. പരിക്കു കാരണം അവസാനത്തെ അഞ്ചു മല്‍സരങ്ങളും നഷ്ടമായ അദ്ദേഹം ശേഷിച്ച രണ്ടു കളിയിലും ടീമിനെ നയിക്കാനിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത തിങ്കളാഴ്ച (മേയ് 12) ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം. ചെന്നൈയിലെ ചെപ്പോക്കിലാണ് മുന്‍ ചാംപ്യന്‍മാര്‍ മുഖാമുഖം വരുന്നത്.
പ്ലേഓഫ് പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞതിനാല്‍ ശേഷിച്ചു രണ്ടു മല്‍സരങ്ങളിലും ജയിച്ച് മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കുകയാവും റോയല്‍സിന്റെ ലക്ഷ്യം. സഞ്ജുവിന്റെ മടങ്ങിവരവോടെ ടീം വിജയത്തിന്റ ട്രാക്കിലേക്കു മടങ്ങിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് റോയല്‍സ് ടീം. ചെന്നൈക്കെതിരായ കളിയില്‍ റോയല്‍സിന്റെ സാധ്യതാ ടീം എങ്ങനെ ആയിരിക്കുമെന്നു നമുക്കു നോക്കാം.

വൈഭവിനെ മാറ്റുമോ?
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സത്തില്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നതോടെ കൗമാര താരം വൈഭവ് സൂര്യവംശിക്കു രാജസ്ഥാന്‍ റോയല്‍സിലെ പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുമോയെന്നതാണ് ചോദ്യം. ഈ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ അഞ്ചു മല്‍സരങ്ങളില്‍ 14 കാരന്‍ കളിച്ചു കഴിഞ്ഞു. ഒരു സെഞ്ച്വറിയടക്കം നേടി വൈഭവ് തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ വൈഭവിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് തയ്യാറായില്ല. പകരം ഇനിയുള്ള രണ്ടു മല്‍സരങ്ങളില്‍ കൂടി വൈഭവിനു അവസരം നല്‍കി താരത്തിന്റെ ആത്മവിശ്വാസമുയര്‍ത്താനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ടീമിനു വേണ്ടി ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറുള്ള താരമാണ് സഞ്ജു. നേരത്തേ മൂന്ന്, നാല് നമ്പറുകളിലെല്ലാം അദ്ദേഹം കളിച്ചിട്ടുള്ളതുമാണ്.
വൈഭവിനെയും യശസ്വി ജയ്‌സ്വാളിനെയും തന്നെ ഓപ്പണിങ് റോളില്‍ നിലനിര്‍ത്താനായിരിക്കും റോയല്‍സ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ സഞ്ജു തന്റെ ഓപ്പണിങ് പൊസിഷനായ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കു മാറുമെന്നും ഉറപ്പാണ്. കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിന്റെ സ്ഥിരം മൂന്നാം നമ്പര്‍ ബാറ്ററായിരുന്നു അദ്ദേഹം.
ഈ റോളില്‍ തകര്‍പ്പന്‍ പ്രകടനനങ്ങളും സഞ്ജു നടത്തിയിട്ടുണ്ട്. ഈ സീസണില്‍ ജോസ് ബട്‌ലറുടെ അഭാവത്തിലാണ് അദ്ദേഹം ടീമിന്റെ ഓപ്പണിങ് റോള്‍ ഏറ്റെടുത്തത്. അതു നന്നായി മുന്നോടു കൊണ്ടുപോകവെയാണ് സഞ്ജുവിനു പരിക്കേറ്റ് പുറത്താവേണ്ടി വന്നത്. തുടര്‍ന്നു വൈഭവ് ഈ റോള്‍ ഏറ്റെടുക്കുകയുമായിരുന്നു.
മധ്യനിരയില്‍ ആരൊക്കെ?
ചെന്നൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ കളിക്കുക റിയാന്‍ പരാഗായിരിക്കും അതിനു ശേഷം മറ്റൊരു ഓള്‍റൗണ്ടറായ നിതീഷ് റാണ, വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുമായിരിക്കും ഇറങ്ങുക. സഞ്ജുവിന്റെ വരവോടെ ടീമിലെ സ്ഥാനം നഷ്ടമാവുക ധ്രുവ് ജുറേലിനായിരിക്കും.

റോയല്‍സ് ബാറ്റിങ് നിരയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന താരമാണ് ജുറേല്‍. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങ് കാരണം അനായാസം ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങളില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ ജുറേലിനെ ഒഴിവാക്കിയുള്ള ഒരു ടീം കോമ്പിനേഷനായിരിക്കും ചെന്നൈക്കെതിരേ റോയല്‍സ് പരീക്ഷിച്ചേക്കുക.
ബൗളിങ് ലൈനപ്പ്
രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് ലൈനപ്പില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. എട്ടാമനായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുടെ ഊഴമായിരിക്കും. തുടര്‍ന്നു ലങ്കയുടെ തന്നെ സ്പിന്നര്‍ മഹീഷ് തീക്ഷണയും ഇറങ്ങും. റോയല്‍സിന്റെ പേസാക്രമണത്തിന്റെ ചുമതല ജോഫ്ര ആര്‍ച്ചര്‍ക്കു തന്നെയായിരിക്കും. അദ്ദേഹത്തിനൊപ്പം പേസ് ബൗളിങ് കൈകാര്യം ചെയ്യുക. ആകാശ് മധ്വാളും യുധ്വീര്‍ സിങുമായിരിക്കും.
ചെന്നൈക്കെതിരേ റോയല്‍സ് 11
വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, യുധ്വീര്‍ സിങ്.