അഹമ്മദാബാദ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്നു മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. രാത്രി 7.30 മുതല്‍ ജിടിയുടെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. ഈ സീസണില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ജിടി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ റോയല്‍സ് ഏഴാസ്ഥാനത്തുമാണ്. എങ്കിലും ഇരുടീമുകള്‍ക്കുമിടയില്‍ വെറും രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ജിടിയുടെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇന്നു മുഖാമുഖം വരുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
റാഷിദിനെതിരേ മലയാളി താരം സിക്‌സറുകളുടെ ആറാട്ട് തീര്‍ക്കുമോ, അതോ നനഞ്ഞ പടക്കമായി മാറുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. നേരേത്ത റാഷിദിനെ പഞ്ഞിക്കിട്ട ചരിത്രം സഞ്ജുവിനു എടുത്തു കാണിക്കാനുണ്ട്. ഇത്തവണയും അതു ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക.

ഹാട്രിക്ക് സിക്‌സ്
2023ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മല്‍സരം ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അന്നും റോയല്‍സിനെ സഞ്ജു തന്നെ നയിച്ചപ്പോള്‍ ജിടിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഏപ്രില്‍ 16നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ജിടിക്കെതിരേ റോയല്‍സ് മൂന്നു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ ഹീറോയായത് സഞ്ജുവായിരുന്നു. ജിടിക്കെതിരേ ഐപിഎല്‍ ചരിത്രത്തില്‍ റോയല്‍സിന്റെ ഏക വിജയവും ഇതു തന്നെയാണ്.
അന്നു റണ്‍ചേസില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 60 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. വെറും 32 ബോളുകളിലാണിത്. ആറു സിക്‌സറുകളും മൂന്നു ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഈ കളിയിലെ ഏറ്റുവും വലിയ ഹൈലൈറ്റ് തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ജിടിയുടെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരേ സഞ്ജുവിന്റെ അഴിഞ്ഞാട്ടമായിരുന്നു ഹാട്രിത് സിക്‌സറുകളുമായാണ് അദ്ദേഹം റാഷിദിനെയും ജിടിയെയും ഒരുപോലെ സ്തബ്ധാരാക്കിയത്. കളിയുടെ 13ാം ഓവറിലായിരുന്നു കാണികളെ ഹരം കൊള്ളിച്ച ആ നിമിഷം.
ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവായിരുന്നു. ഡോട്ട് ബോളുമായാണ് റാഷിദ് തുടങ്ങിയത്. പക്ഷെ അതു വരാന്‍ പോവുന്ന കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമായിരുന്നു. തുടര്‍ന്നുള്ള മൂന്നു ബോളുകളും ഗ്രൗണ്ടിനു മുകളിലൂടെ ഗാലറിയിലേക്കു മൂളിപ്പറക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാമത്തെ ബോള്‍ ഓഫ്സ്റ്റംപിന് ഏറെ പുറത്താണ് റാഷിദ് പരീക്ഷിച്ചത്. മനോഹരമായ ഒരു ഡ്രൈവിലൂടെ സഞ്ജു ഇതു സിക്‌സറിലെത്തിച്ചു.

അടുത്ത ബോള്‍ മിഡില്‍സ്റ്റംപിന്റെ ലൈനിലാണ് റാഷിദെറിഞ്ഞത്. വളരെ പെട്ടെന്നു തന്നെ ബോളിന്റെ ലെങ്ത് മനസ്സിലാക്കിയ സഞ്ജു ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. പക്ഷെ അതുകൊണ്ടും റോയല്‍സ് നായകന്‍ നിര്‍ത്തിയില്ല.
ഹാട്രിക് സിക്‌സറുകളുമായാണ് സഞ്ജു റാഷിദിന്റെ കഥ കഴിച്ചത്. ഓഫ്സ്റ്റംപിന് പുറത്ത് അദ്ദേഹമെറിഞ്ഞ ബോള്‍ മലയാളി താരം മിഡ് വിക്കറ്റിനു മുകളിലുടെ സിക്‌സറിലേക്കു അടിച്ചിടുകയായിരുന്നു. ഈ മൂന്നു സിക്‌സറുകള്‍ മാത്രമല്ല തൊട്ടുമുമ്പത്തെ ഓവറില്‍ മറ്റൊരു സിക്‌സര്‍ കൂടി റാഷിദിനെതിരേ സഞ്ജു പായിച്ചിരുന്നു.
ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നു സഞ്ജു കുറച്ചു മുമ്പ് തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശുമായുള്ള ടി20യില്‍ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ വാരിക്കൂട്ടിയ ശേഷമാണ് തന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ സീസണില്‍ റാഷിദ് അത്ര മികച്ച ഫോമിലല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരേ തന്നെ ഈ റെക്കോര്‍ഡ് കുറിക്കാന്‍ സഞ്ജു ശ്രമിച്ചേക്കുകയും ചെയ്‌തേക്കും.