ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും ആദ്യ റൗണ്ടുകളില്‍ മുന്നേറുമ്പോള്‍ ചാമ്പ്യന്മാരായ പല ടീമുകളും പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. ആദ്യത്തെ മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. എന്നാല്‍ നാലാം മത്സരത്തില്‍ സഞ്ജു സാംസണ്‍ നായകനായതോടെ രാജസ്ഥാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ഇത്തവണത്തെ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. സഞ്ജു സാംസണ്‍ നിലവില്‍ ടി20 ടീമിന്റെ ഓപ്പണറാണ്. എന്നാല്‍ ലോകകപ്പ് ടീമില്‍ സഞ്ജുവിന് സീറ്റുറപ്പുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ സീറ്റുറപ്പിക്കാനും നായകസ്ഥാനത്തേക്ക് ഉയരാനും ഇത്തവണത്തെ ഐപിഎല്ലില്‍ മിന്നിക്കേണ്ടത് അത്യാവശ്യമാണ്. ബാറ്റ്‌സ്മാനായി മാത്രമല്ല. ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കണം.
ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ കപ്പിലേക്കെത്തിക്കാനായാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിവരെ ഉയരാന്‍ സാധ്യതയുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നുണ്ട്. ഇതിനോടകം നായകനായി ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് സഞ്ജുവിന് വിളിയെത്തിയിട്ടില്ല. എന്നാല്‍ അതിനുള്ള അവസരമാണ് മുന്നിലുള്ളതെന്ന് പറയാം.
രാജസ്ഥാനെ കപ്പടിപ്പിച്ചാല്‍ വൈസ് ക്യാപ്റ്റന്‍സി ഉറപ്പ്
നായകനെന്ന നിലയില്‍ വളരെ പക്വതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. ഇതിനോടകം പ്രകടനംകൊണ്ട് സഞ്ജുവത് തെളിയിച്ചിട്ടുമുണ്ട്. ഇത്തവണ സഞ്ജു നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ഇത്തവണ രാജസ്ഥാനെ കപ്പിലേക്കെത്തിച്ചാല്‍ സഞ്ജുവിന് ലഭിക്കുന്ന പിന്തുണ ഉയരുമെന്നുറപ്പ്.
രാജസ്ഥാനെ കപ്പിലേക്കെത്തിച്ചാല്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവാകും നായകനാവുകയെന്നുറപ്പാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യറും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം മത്സരിക്കുന്നുണ്ട്. എന്നാല്‍ ഗംഭീറിന് മാനസികമായി കൂടുതല്‍ അടുപ്പം സഞ്ജുവിനോടാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാനായാല്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ത്താന്‍ ഗംഭീര്‍ പിന്തുണക്കാനാണ് സാധ്യത.
രാജസ്ഥാനെ കപ്പടിപ്പിക്കുക വലിയ വെല്ലുവിളി
രാജസ്ഥാന്‍ റോയല്‍സിനെ കപ്പടിപ്പിക്കുകയെന്നത് സഞ്ജു സാംസണെ സംബന്ധിച്ച് ഇത്തവണ വലിയ വെല്ലുവിളിയാണ്. പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. നിലവില്‍ ടീമിന് വലിയ ആത്മവിശ്വാസം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ തുടര്‍ ജയങ്ങള്‍ നേടുന്നത് രാജസ്ഥാന് എളുപ്പമാവില്ല. നായകനെന്ന നിലയില്‍ മികവ് കാട്ടുന്നതോടൊപ്പം ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജുവിന് തിളങ്ങേണ്ടതായുണ്ട്.

നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. സഞ്ജുവിന്റെ മുഖ്യ എതിരാളികളായ അഭിഷേക് ശര്‍മയും യശ്വസി ജയ്‌സ്വാളും റിഷഭ് പന്തുമെല്ലാം ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് വലിയ ഭീഷണികളില്ലെന്ന് തന്നെ പറയാം. ഇത്തവണത്തെ മികച്ച തുടക്കം വരുന്ന മത്സരങ്ങളിലും നിലനിര്‍ത്താന്‍ സഞ്ജുവിനാകുമോയെന്നതാണ് അറിയേണ്ടത്.
സൂര്യയുടെ പിന്തുണയും സഞ്ജുവിന്
സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ നിലവിലെ ടി20 നായകന്‍. ലോകകപ്പിലും സൂര്യക്ക് കീഴിലാവും ഇന്ത്യ ഇറങ്ങുകയെന്നുറപ്പാണ്. സൂര്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ സഞ്ജു സാംസണിനാവും നല്‍കുകയെന്നുറപ്പാണ്. സൂര്യയും സഞ്ജുവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സൂര്യയും പിന്തുണക്കുമെന്നുറപ്പാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളെയെല്ലാം മറികടന്ന് ഈ സ്ഥാനത്തേക്ക് എത്തുക സഞ്ജുവിന് എളുപ്പമാവില്ല. ഇത് സാധ്യമാകണമെങ്കില്‍ സഞ്ജുവിനെ രാജസ്ഥാനെ കപ്പിലേക്കെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.