ഇന്ത്യയുടെ ഭാവി നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ധ്രുവ് ജുറേല്‍. ഈ വര്‍ഷം ദേശീയ ടീമിനായി ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയിട്ടുള്ള പ്രകടനങ്ങളിലൂടെയാണ് ജുറേല്‍ ശ്രദ്ധിക്കപ്പെട്ടത്. ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും സഞ്ജു സാംസണ്‍ നിര്‍വഹിക്കുന്നതിനാല്‍ സ്‌പെ്ഷ്യലിസ്റ്റ് ബാറ്ററുടെ റോളിലാണ് അദ്ദേഹം റോയല്‍സില്‍ കളിക്കാറുള്ളത്.
വരാനിരിക്കുന്ന സീസണിലും റോയല്‍സിലുണ്ടാവുമോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജുറേല്‍. അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് റോയല്‍സുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്നതിനെക്കുറിച്ചാണ് ജുറേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് തക്കിനു (Sports Tak) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സീസണിലും തന്നെ നിലനിര്‍ത്തണമോയെന്നതിനെ കുറിച്ച് റോയല്‍സ് ചര്‍ച്ച നടത്തിയാലും അതു പറയാന്‍ കഴിയില്ല. കാരണം വളരെ രഹസ്യമായിട്ടുള്ള ഒരു കാര്യമാണത്. വൈകാതെ തന്നെ നിങ്ങള്‍ക്കു ഇതേക്കുറിച്ച് അറിയാന്‍ കഴിയും. നവംബറില്‍ എല്ലാം അറിയാന്‍ സാധിച്ചേക്കുമെന്നും ജുറേല്‍ വ്യക്തമാക്കി. റോയല്‍സല്ലെങ്കില്‍ ഐപിഎല്ലില്‍ കളിക്കാനാഗ്രഹിക്കുന്ന ഫ്രാഞ്ചൈസി ഏതാണെന്നും താരം വെളിപ്പെടുത്തി.
ഐപിഎല്ലില്‍ എനിക്കു ഫേവറിറ്റ് ടീമുകളൊന്നുമില്ല. എവിടെ കളിച്ചാലും അവര്‍ക്കായി നന്നായി പെര്‍ഫോം ചെയ്യുകയെന്നതു മാത്രമാണ് എന്റെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റിനെപ്പോലെ ഐപിഎല്ലിലും നന്നായി പെര്‍ഫോം ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ഇതിനായി എനിക്കു അവസരം ലഭിക്കുക മാത്രമാണ് വേണ്ടത്. ഇന്ത്യക്കു വേണ്ടി 10-15 വര്‍ഷമെങ്കിലും കളിക്കുയെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ദേശീയ ടീമിലേക്കു എത്താനുള്ള നല്ലൊരു പ്ലാറ്റ്‌ഫോം കൂടിയാണ് ഐപിഎല്ലെന്നും ജുറേല്‍ പറയുന്നു.
പരിക്കില്‍ നിന്നും മോചിതനായി റിഷഭ് പന്ത് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പിങ് റോളിലേക്കുള്ള മല്‍സരത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ഞാന്‍ ഭാവിയെക്കുറിച്ച് അമിതമായി ആലോചിക്കുന്നയാളല്ല. ഒരു ദിവസത്തെക്കുറിച്ച് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. കാരണം എനിക്കു സ്വയം അനാവശ്യം സമ്മര്‍ദ്ദം പേറേണ്ട കാര്യമില്ല. ഭാവിയില്‍ എന്താവും? എങ്ങനെയാവും? എന്നൊന്നും ഞാന്‍ ആലോചിക്കാറില്ലെന്നും ജുറേല്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിനെപ്പോലെ ആഭ്യന്തര ക്രിക്കറ്റും ഒരു താരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ഇതില്‍ നിര്‍ബന്ധമായും കളിക്കുകയും വേണമെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ഇതിനു പിന്നിലെ കാരണവും ജുറേല്‍ തുറന്നു പറഞ്ഞു. ഇന്ത്യന്‍ ടീമിലെത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും വേണമെങ്കില്‍ നിങ്ങള്‍ക്കൊരു പ്ലാറ്റ്‌ഫോം ആവശ്യമാണ്.
ആഭ്യന്തര ക്രിക്കറ്റ് അത്തരമൊരു പ്ലാറ്റ്‌ഫോമാണ്. ഇവിടെ നിങ്ങള്‍ക്കു കഴിവ് പുറത്തെടുക്കാനായാല്‍ അതു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും നിങ്ങളെ സഹായിക്കും. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയെന്നത് വളരെയധികം പ്രധാനം തന്നെയാണെന്നും ജുറേല്‍ വിശദമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലൂടെയാണ് ഇന്ത്യക്കായി 23 കാരനായ ജുറേല്‍ അരങ്ങേറിയത്. പരമ്പരയില്‍ കെഎസ് ഭരതായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പക്ഷെ ബാറ്റിങില്‍ താരം ക്ലിക്കാവാതിരുന്നതോടെ റിസര്‍വ് നിരയിലുണ്ടായിരുന്ന ജുറേലിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ തന്നെ ഫിഫ്റ്റി കുറിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ ടീമില്‍ സ്ഥാനവും ഉറപ്പിക്കുകയയിരുന്നു.