For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡ് എത്തി, സംഗക്കാര രാജസ്ഥാന്‍ വിടുമോ? സഞ്ജുപ്പടയുടെ നീക്കം എങ്ങനെ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള അഴിച്ചുപണികളിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും പരിശീലകരെ മാറ്റുകയും ചില സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ചരടുവലികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി രാജസ്ഥാന്‍ റോയല്‍സാണ് എല്ലാവരേയും ഞെട്ടിക്കുന്ന തീരുമാനത്തിലേക്കെത്തിയത്. മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെയാണ് രാജസ്ഥാന്‍ നിയമിച്ചത്.

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച പരിശീലകനാണ് ദ്രാവിഡ്. ഇടവേളക്ക് ശേഷം ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ വലിയ അഴിച്ചുപണിക്കൊരുങ്ങുമ്പോള്‍ നിലവില്‍ ടീം ഡയറക്ടറായിട്ടുള്ള കുമാര്‍ സംഗക്കാര ടീം വിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സംഗക്കാര രാജസ്ഥാന്‍ വിടില്ല

രാജസ്ഥാന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വന്നെങ്കിലും കുമാര്‍ സംഗക്കാര ടീം വിടില്ല. ടീം ഡയറക്ടറുടെ റോളില്‍ സംഗക്കാര തുടരുമെന്നാണ് രാജസ്ഥാന്‍ ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാന്‍ ടീമിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ക്കെല്ലാം പിന്നില്‍ സംഗക്കാരയുടെ ഉപദേശങ്ങള്‍ക്കും നിര്‍ണ്ണായക റോളുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണിനും വലിയ പിന്തുണ നല്‍കാന്‍ സംഗക്കാരക്കായിരുന്നു. 2021 മുതല്‍ രാജസ്ഥാനില്‍ സംഗക്കാരയുണ്ട്.

രാജസ്ഥാന്‍ ഫൈനല്‍ കളിച്ചപ്പോഴും സംഗക്കാരക്കായിരുന്നു മുഖ്യ ചുമതല. ഇപ്പോള്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കുമ്പോള്‍ സംഗക്കാര ടീം വിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ സംഗക്കാരയുടെ ജോലിഭാരം കുറക്കാനുള്ള നീക്കം മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ടീമിന്റെ നിര്‍ണ്ണായക ഘടകമായി സംഗക്കാര തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഗക്കാര കെകെആറില്‍ ഗൗതം ഗംഭീറിന്റെ പകരക്കാരനാവുമെന്ന റിപ്പോര്‍ട്ടുകളെല്ലാം രാജസ്ഥാന്‍ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു.

ദ്രാവിഡില്‍ പ്രതീക്ഷകളേറെ

രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണ്. രാജസ്ഥാന്‍ താരമായിരുന്ന ദ്രാവിഡ് പിന്നീട് പരിശീലകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്തുന്നത്. പിന്നീട് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കുമെത്തിയ ദ്രാവിഡ് ടി20 ലോകകപ്പ് നേടിക്കൊടുത്ത ആത്മവിശ്വാസത്തിലാണ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്. ദ്രാവിഡിന്റെ വരവ് രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

സഞ്ജു സാംസണിനെ രാജസ്ഥാനിലേക്കെത്തിച്ചത് ദ്രാവിഡാണ്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം രാജസ്ഥാനും ഗുണം ചെയ്‌തേക്കും. ഒപ്പം കുമാര്‍ സംഗക്കാരയും ചേരുമ്പോള്‍ രാജസ്ഥാന്റെ കരുത്ത് ഇരട്ടിക്കും. നോക്കൗട്ട് കടമ്പയാണ് രാജസ്ഥാനെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഈ വെല്ലുവിളി മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് ദ്രാവിഡിന് കീഴില്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

sanju samson

രാജസ്ഥാനില്‍ വലിയ പൊളിച്ചെഴുത്ത്

വലിയ പൊളിച്ചെഴുത്ത് രാജസ്ഥാന്‍ റോയല്‍സ് നടത്തുമെന്നുറപ്പാണ്. സഞ്ജു സാംസണ്‍ നായകനായി തുടരുമെന്ന് രാജസ്ഥാന്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ട വീഡിയോയില്‍ നിന്ന് വ്യക്തം. എന്നാല്‍ സഞ്ജുവിനൊപ്പം ആരെയൊക്കെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നതാണ് കണ്ടറിയേണ്ടത്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ നാലാമനായി ആരെ നിലനിര്‍ത്തുമെന്നതാണ് കണ്ടറിയേണ്ടത്.

റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട് എന്നിവരിലൊരാളെ നിലനിര്‍ത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ചില സൂപ്പര്‍ താരങ്ങളേയും രാജസ്ഥാന്‍ നോട്ടമിടുന്നുണ്ട്. അവസാന സീസണുകളില്‍ രാജസ്ഥാനെ വേട്ടയാടിയ പ്രശ്‌നമാണ് പേസ് ഓള്‍റൗണ്ടറുടെ അഭാവം. അടുത്ത സീസണില്‍ പേസ് ഓള്‍റൗണ്ടര്‍ക്കായി രാജസ്ഥാന്‍ കൂടുതല്‍ പണം മുടുക്കുമെന്നാണ് വിവരം. മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെയെല്ലാം രാജസ്ഥാന്‍ നോട്ടമിടുന്നുണ്ടെന്നാണ് സൂചന.

സഞ്ജുവിനും നിര്‍ണ്ണായകം

വരുന്ന സീസണ്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് നിര്‍ണ്ണായകമാണ്. രാഹുല്‍ ദ്രാവിഡും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാനെ കപ്പിലേക്കെത്തിച്ചാല്‍ സഞ്ജുവിന്റെ കരിയറില്‍ അത് വലിയ മാറ്റമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, September 7, 2024, 20:10 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+