ഐപിഎല്ലിന്റെ മെഗാ ലേലം പൂര്‍ത്തിയായതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ആരാധകര്‍ അല്‍പ്പം ആശങ്കയിലാണ്. കാരണം അടുത്ത സീസണില്‍ ടീമിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മുന്‍ താരവും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനെ ആര്‍സിബി ലേലത്തില്‍ തിരികെ വാങ്ങുമെന്നും നായകസ്ഥാനം നല്‍കുമെന്നുമായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ രാഹുലിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ആര്‍സിബിക്കായില്ല.
ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ക്യാപ്റ്റന്റെ റോളിലേക്കു മറ്റു ഓപ്ഷനുകളായിരുന്നെങ്കിലും അവരെയും വാങ്ങാന്‍ അവര്‍ക്കു സാധിച്ചില്ല. ഇതോടെ ആരാവും പുതിയ ആര്‍സിബി ക്യാപ്റ്റനെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അവരുടെ നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കം.

ക്രുനാല്‍ പാണ്ഡ്യ
ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായകസ്ഥാനം ലഭിക്കാനിടയുള്ള ഒരു താരം. ഇത്തവണത്തെ ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ക്രുനാല്‍. അതിനു മുമ്പ് ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനൊപ്പവും താരം കളിച്ചു.
2023ലെ ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് പരിക്കു കാരണം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പിന്‍മാറിയതോടെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ലഖ്‌നൗവിനെ നയിച്ചത് ക്രുനാലായിരുന്നു. ഇതു ആര്‍സിബിയിലും അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കാന്‍ കാരണമായേക്കും.
വിരാട് കോലി
ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ അടുത്ത നായകനായി വരാനിടയുള്ള മറ്റൊരാള്‍. ദീര്‍ഘകാലം ആര്‍സിബിയെ നയിച്ച അദ്ദേഹം 2021ലെ സീസണിനു ശേഷമാണ് ക്യാപ്റ്റന്‍സി രാജിവച്ചത്. തുടര്‍ന്നു ലേലത്തില്‍ സൗത്താഫ്രിക്കയുടെ വെറ്ററന്‍ ബാറ്ററായ ഫാഫ് ഡുപ്ലെസിയെ ആര്‍സിബി ടീമിലെത്തിക്കുകയും പുതിയ നായകനായി പ്രഖ്യാപിക്കുകയുമായിരുന്നു.
കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹമാണ് ടീമിനെ നയിച്ചത്. സീസണിനു ശേഷം ഡുപ്ലെസിയെ ആര്‍സിബി കൈവിടുകയും ചെയ്തു. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി ആര്‍സിബിയെ നയിക്കാന്‍ കോലി തയ്യാറാവുമോയെന്നു കണ്ടറിയണം. അദ്ദേഹം നോ പറഞ്ഞാല്‍ ക്രുനാലിനാവും ക്യാപ്റ്റനായി നറുക്കുവീണേക്കുക.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി മാറിയേക്കാവുന്ന മൂന്നാമത്തെയാള്‍. ക്രുനാല്‍ പാണ്ഡ്യക്കൊപ്പം ഇത്തവണത്തെ ലേലത്തിലാണ് അദ്ദേഹം ആര്‍സിബിയുടെ കൂടാരത്തിലെത്തിത്. ദീര്‍ഘകാലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ച ശേഷമാണ് പുതിയ ടീമിലേക്കുള്ള ഭുവിയുടെ കൂടുമാറ്റം.
നേരത്തേ എസ്ആര്‍എച്ചിനെ ചില മല്‍സരങ്ങളില്‍ നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പലപ്പോഴും സ്ഥിരം ക്യാപ്റ്റന്‍മാരുടെ അഭാവമാണ് ഭുവിക്കു ഇതിനു അവസരമൊരുക്കിയത്. വളരെ കൂളായി ടീമിനെ നയിക്കാനും ഭുവിക്കായിട്ടുണ്ട്. അതുകൊണ്ടു തന്നെ ആര്‍സിബി ക്യാപ്റ്റനായി ഭുവി വരാനുള്ള സാധ്യതയും പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല.