ചെന്നൈ: ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ട് ഐപിഎല്ലില്‍ തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്കു കൂപ്പുകുത്തുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസണിലെ ഏഴാമത്തെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ് എംംഎസ് ധോണിയും സംഘവും.
ഈ സീസണില്‍ ഇതിനകം കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ ചെന്നൈക്കു ജയിക്കാനായത് വെറും രണ്ടെണ്ണം മാത്രം. ബാക്കിയുള്ള ഏഴിലും അവര്‍ക്കു അടിതെറ്റി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തന്നെ തുടരുന്ന സിഎസ്‌കെയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുണ്ടോയെന്നാണ് പ്രധാനപ്പെട്ട ചോദ്യം. അവരുടെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് നമുക്കു പരിശോധിക്കാം.

ഇനി പ്ലേഓഫ് കളിക്കുമോ?
സണ്‍റൈസേഴ്‌സ് ഹൈദരബാദുമായുള്ള അവസാന മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സിനു യഥാര്‍ഥത്തില്‍ ജീവന്‍മരണ പോരാട്ടം തന്നെയായിരുന്നു. ഇതില്‍ ജയിച്ചിരുന്നെങ്കില്‍ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും പുതുജീവന്‍ കിട്ടിയേനെ. പക്ഷെ അഞ്ചു വിക്കറ്റിന്റെ തോല്‍വി എല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ്.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയമടക്കം നാലു പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ. എസ്ആര്‍എച്ചിനെതിരേയുള്ള തോല്‍വിയോടെ ഐപിഎല്ലില്‍ സാധാരണയുള്ള പ്ലേഓഫ് യോഗ്യതാ മാര്‍ക്കായ 16ല്‍ എത്താല്‍ സിഎസ്‌കെയ്ക്കു സാധിക്കില്ലെന്നുറപ്പായി.
16 പോയിന്റുണ്ടെങ്കില്‍ അവര്‍ സേഫായിരുന്നു. ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും 14 മല്‍സരങ്ങള്‍ വീതമായതിനു ശേഷം ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ 16 പോയിന്റ് നേടിയ ഒരു ടീമും പ്ലേഓഫിലെത്താതെ പോയിട്ടുമില്ല.
ഇനി ചെന്നൈക്കു ശേഷിച്ചത് വെറും അഞ്ചു മല്‍സരങ്ങളാണ്. ഇവയിലെല്ലാം വിജയിച്ചാലും പരമാവധി നേടാനാവുക 14 പോയിന്റ് മാത്രം. 2022 മുതല്‍ ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആയി ഉയര്‍ത്തിയതിനു ശേഷം ഇതുവരെ ഒരിക്കല്‍ മാത്രമാണ് 14 പോയിന്റുള്ള ഒരു ടീം പ്ലേഓഫ് കളിച്ചത്. ഇതാവട്ടെ കഴിഞ്ഞ വര്‍ഷവുമായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇങ്ങനെയൊരു അദ്ഭുതം കാണിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റും അവരെ ഇതിനു സഹായിക്കുകയും ചെയ്തു.
ഈ സീസണിലെ പോയിന്റ് പട്ടികയെടുത്താല്‍ ഇതിനം മൂന്നു ടീമുകള്‍ 12 പോയിന്റ് വീതം നേടിക്കഴിഞ്ഞു. രണ്ടു ടീമുകളാവട്ടെ 10 പോയിന്റ് വീതം നേടി തൊട്ടു പിറകിലുമുണ്ട്. കുറഞ്ഞത് നാലു ടീമുകളെങ്കിലും ഇത്തവണ 16 പോയിന്റ് കടക്കാനുള്ള സാധ്യതയും കുറവാണ്.
കഴിഞ്ഞ സീസണില്‍ 14 പോയിന്റ് നേടിയിട്ടും നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ ആര്‍സിബിയെ സഹായിച്ചത് മികച്ച നെറ്റ് റണ്‍റേറ്റാണ്. ഒന്നിലേറെ ടീമുകള്‍ ഇത്തവണയും 14 പോയിന്റ് വീതം നേടി തുല്യത പാലിച്ചേക്കും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റാണ് നിര്‍ണായകമാവുക.
സിഎസ്‌കെയുടെ ഇപ്പോഴത്തെ നെറ്റ് റണ്‍റേറ്റും വളരെ മോശമാണ്. -1.302 മാത്രമാണ് ഇപ്പോള്‍ അവരുടെ നെറ്റ് റണ്‍റേറ്റ്. ഇതു മെച്ചപ്പെടുത്തി പോസിറ്റീവില്‍ എത്തിക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ധോണിപ്പട ജയിച്ചേ തീരൂ.

എല്ലാ മല്‍സരങ്ങളും മികച്ച മാര്‍ജിനില്‍ ജയിച്ചതു കൊണ്ടു മാത്രം കാര്യമില്ല. മറ്റു ടീമുകളുടെ സഹായം കൂടി ഇനി അവര്‍ക്കു ആവശ്യമാണ്. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ചെന്നൈയുടെ ഭാവി. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ചെന്നൈ പ്ലേഓഫിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.
ശേഷിച്ച മല്‍സരങ്ങള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശേഷിച്ച മല്‍സരങ്ങളിലേക്കു വന്നാല്‍ രണ്ടെണ്ണം ഹോംഗ്രൗണ്ടിലും ശേഷിച്ച മൂന്നെണ്ണം എതിരാളികളുടെ തട്ടകത്തിലുമാണ്. 30ന് ചെപ്പോക്കില്‍ പഞ്ചാബ് കിങ്‌സുമായാണ് സിഎസ്‌കെയുടെ അടുത്ത പോരാട്ടം.
മേയ് മൂന്നിന് ബെംഗളൂരുവില്‍ ആര്‍സിബിയുമായും ഏഴിന് കൊല്‍ക്കത്തയില്‍ കെകെആറുമായും 12നു ചെന്നൈയില്‍ രാജസ്ഥാന്‍ റോയല്‍സുമായും 18ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സുമായും അവര്‍ ഏറ്റുമുട്ടും.