അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലേക്കു ചേക്കേറി ശേഷം ആദ്യ കളിയില്‍ തന്നെ വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍. ഗുജറാത്ത് ടൈറ്റന്‍സുമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ചഹലിനെ ബാറ്റര്‍മാര്‍ അടിച്ചു പറപ്പിക്കുകയായിരുന്നു. കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല.
മൂന്നോവറുകളാണ് ചഹലിനെക്കൊണ്ട് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യിച്ചത്. വിക്കറ്റുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, 11.30 ഇക്കോണമി റേറ്റില്‍ 34 റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കുകയും ചെയ്തു.
2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സില്‍ കണ്ട ചഹലിന്റെ നിഴല്‍ മാത്രമാണ് പഞ്ചാബ് കുപ്പായത്തില്‍ കാണാനായത്. അദ്ദേഹത്തിന് ഇതെന്തു പറ്റിയെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ചഹലിന്റെ പ്രകടനം
രാജസ്ഥാന്‍ റോയല്‍സില്‍ കസറിയതിനാല്‍ തന്നെ കഴിഞ്ഞ മെഗാ ലേലത്തില്‍ വലിയ പ്രതീക്ഷകളോടെയാണ് യുസ്വേന്ദ്ര ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. സ്പിന്‍ ബൗളിങില്‍ അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ പഞ്ചാബിനൊപ്പമുള്ള ആദ്യ കളിയില്‍ തന്നെ ചഹല്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ എട്ടാം ഓവറിലാണ് ചഹലിനെ പഞ്ചാബ് ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്. റണ്‍ചേസില്‍ ജിടിക്കു ലഭിച്ച സ്‌ഫോടനാത്മക തുടക്കം പരിഗണിക്കുമ്പോള്‍ കുറേക്കൂടി നേരത്തെ അദ്ദേഹത്തെ ബൗളിങില്‍ പരീക്ഷിക്കമായിരുന്നു. ചഹലിനേക്കാള്‍ ശ്രേയസ് വിശ്വാസമര്‍പ്പിച്ചത് പാര്‍ട്ട് ടൈം ബൗളറായിട്ടുള്ള ഗ്ലെന്‍ മാക്‌സ്വെല്ലിനെയാണ്. പവര്‍പ്ലേയില്‍ ത്‌ന്നെ മാക്‌സി പന്തെറിയുകയും ചെയ്തു.
ജിടി ഒരു വിക്കറ്റിനു 75 റണ്‍സില്‍ നില്‍ക്കെയാണ് ചഹല്‍ ബൗള്‍ ചെയ്യാനെത്തിയത്. 36 റണ്‍സുമായി സായ് സുദര്‍ശനും മൂന്നു റണ്‍സെടുത്ത ജോസ് ബട്‌ലറുമായിരുന്നു അപ്പോള്‍ ക്രീസില്‍. ആദ്യത്തെ ഓവറില്‍ ഒരു ഫോറടക്കം ഏഴു റണ്‍സാണ് ചഹല്‍ വഴങ്ങിയത്. അടുത്ത ഓവറില്‍ ഒരു സിക്‌സറുള്‍പ്പടെ 11 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു.
പക്ഷെ മൂന്നാമത്തെ ഓവറില്‍ ചഹലിനെ ജിടി ശരിക്കും കൈകാര്യം ചെയ്തു. 17 റണ്‍സാണ് ഓവറില്‍ അവര്‍ വാരിക്കൂട്ടിയത്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കൂടാതെ ഒരു വൈഡും അദ്ദേഹമെറിഞ്ഞു. ഒരോവര്‍ ബാക്കിയുണ്ടായിട്ടും പിന്നീട് ചഹലിനെ ബൗളിങില്‍ ശ്രേയസ് ഉപയോഗിച്ചതുമില്ല.
നിറം മങ്ങി ചഹല്‍
രാജസ്ഥാന്‍ റോയല്‍സില്‍ യുസ്വേന്ദ്ര ചഹലിനെ എറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം അദ്ദേഹത്തെ സഞ്ജു പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ബൗളിങില്‍ അദ്ദേഹത്തിന്റെ വജ്രായുധം തന്നെയായിരുന്നു ചഹല്‍. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ബ്രേക്കത്രൂ നേടുന്നതിനായി സഞ്ജു ഏറ്റവുമധികം ആശ്രയിച്ചതും അദ്ദേഹത്തെയാണ്.
ബൗളിങില്‍ ചഹലിനു സഞ്ജു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ കഴിവില്‍ അദ്ദേഹത്തിനു പൂര്‍ണ വിശ്വാസവുമായിരുന്നു. ഈ കാരണത്താലാണ് ചഹലിനു തന്റെ ഏറ്റവും മികച്ച ബൗളിങ് അവിടെ കാഴ്ചവയ്ക്കാനായത്.

പക്ഷെ പഞ്ചാബിലെത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ചഹലിനു ഇവ രണ്ടും ലഭിക്കുമോയെന്ന കാര്യവും സംശയമാണ്. ശ്രേയസിനു അദ്ദേഹത്തില്‍ വേണ്ടത്ര വിശ്വാസമില്ലെന്ന സൂചന തന്നെയാണ് ആദ്യത്തെ മല്‍സരം നല്‍കുന്നത്. അല്ലായിരുന്നെങ്കില്‍ പവര്‍പ്ലേയിലോ, അല്ലെങ്കില്‍ പവര്‍പ്ലേയ്ക്കു തൊട്ടുപിന്നാലെയോ ബൗളിങില്‍ ഉപയോഗിക്കുമായിരുന്നു.
കൂടാതെ ആദ്യ രണ്ടോവറില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും മൂന്നാം ഓവര്‍ മോശമായതു കൊണ്ടു മാത്രം ചഹലിനു വീണ്ടുമൊരു ഓവര്‍ കൊടുക്കാതിരുന്നതും ശ്രേയസിന്റെ വിശ്വാസക്കുറവ് തന്നെയാണ് ശരിവയ്ക്കുന്നത്. ഈ സീസണില്‍ ഇനി പഞ്ചാബിനായി ചഹലിനു എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നതു കാത്തിരുന്നു തന്നെ കാണണം.