ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്തിട്ടും ഫിഫ്റ്റിയില്ലാതെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായിരിക്കുകയാണ്. 38 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 26 ബോളുകള്‍ നേരിട്ട മലയാളി താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളുള്‍പ്പെട്ടിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സഞ്ജുവിനായിരുന്നു. ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് റോയല്‍സ് നായകനെ പുറത്താക്കിയത്. അഗ്രസീവ് ഷോട്ടിനു തുനിഞ്ഞ സഞ്ജുവിനെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് അനായാസ ക്യാച്ചിലൂടെ മടക്കിയത്.
പുറത്തായ ശേഷം വളരെ ക്ഷുഭിതനും നിരാശനുമായി കാണപ്പെട്ട സഞ്ജു ബാറ്റ് കശക്കയെറിഞ്ഞാണ് തലതാഴ്ത്തി ക്രീസ് വിട്ടത്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പുറത്താവലിനു പിന്നില്‍ ബാറ്റിങ് പങ്കാളിയായ യശസ്വി ജയ്‌സ്വാളാണെന്നു പറയേണ്ടി വരും. ഇതിന്റെ കാരണമെന്താണന്നു നോക്കാം.

എന്തുകൊണ്ട് ജയ്‌സ്വാള്‍ വില്ലന്‍?
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി മടങ്ങിയെത്തിയ ആദ്യ മല്‍സരത്തില്‍ ബാറ്റിങില്‍ വളരെയധികം ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍ കാണപ്പെട്ടത്. വളരെ മികച്ച ടൈമിങോടെ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ കളിച്ച് ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
പതിവിനു വിപരീതമായി വളരെ സ്ലോയായിട്ടാണ് യശസ്വി ജയ്്‌സ്വാള്‍ ഈ മല്‍സരത്തില്‍ തുടങ്ങിയത്. റിസ്‌കുകളെടുക്കാതെ പരമാവധി ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുകയെന്നപുതിയ ശൈലിയാണ് താരം പിന്തുടര്‍ന്നത്. ജയ്‌സ്വാള്‍ പലപ്പോഴും സ്ലോയായി കളിച്ചപ്പോഴും റണ്‍റേറ്റ് തീരെ താഴേക്കു പോവാന്‍ കാരണം സഞ്ജുവാണ്. അദ്ദേഹം ഇടയ്ക്കിടെ ഫോറുകളടിച്ചു കൊണ്ടിരുന്നു.
ജയ്‌സ്വാള്‍ കൂടുതല്‍ ഡിഫന്‍സീവായി മാറിയതിനു സഞ്ജുവിനാണ് സ്വന്തം വിക്കറ്റ് ബലി കഴിക്കേണ്ടി വന്നത്. അഞ്ചാമത്തെ ഓവറിലാണ് ജയ്‌സ്വാളിന്റെ അവസാനത്തെ ഒരു ഫോറോ, സിക്‌സറോ കണ്ടത്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ ഓവറിലെ നാലാമത്തെ ബോള്‍ താരം സിക്‌സറിലേക്കു പായിക്കുകയായിരുന്നു. പക്ഷെ അതിനു ശേഷം അടുത്ത അഞ്ചോവറില്‍ ഒരു ബൗണ്ടറി പോലും ജയ്‌സ്വാള്‍ നേടിയില്ല.
എങ്കിലും ആറാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേയും ഏഴാം ഓവറില്‍ യുസ്വേന്ദ്ര ചഹലിനെതിരേയും എട്ടാം ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെതിരേയും താരം ഓരോ ഫോറുകളിട്ടു. പക്ഷെ ചഹലിന്റെ ഒമ്പതാം ഓവറിലും സ്‌റ്റോയ്‌നിസിന്റെ പത്താം ഓവറിലും ഒരു ഫോര്‍ പോലും വന്നില്ല. ജയ്‌സ്വാളിന്റെ ഈ തണുത്ത സമീപനം സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ഇതാണ് അടുത്ത ഓവറില്‍ തന്നെ അദ്ദേഹത്തിന്റെ പുറത്താവലിവും വഴിയൊരുക്കിയത്. 11ാം ഓവറിലെ ആദ്യത്തെ ബോളില്‍ ലോക്കി ഫെര്‍ഗൂസനെതിരേ സഞ്ജു ബൗണ്ടറി കണ്ടെത്തി. 14 ബോളുകള്‍ക്കു ശേഷം റോയല്‍സ് ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറി കൂടിയാണിത്. എന്നാല്‍ തൊട്ടടുത്ത ബോളില്‍ മലയാളി താരം പുറത്താവുകയും ചെയ്തു.
144.2 കിമി വേഗതയുള്ള ബോളാണ് ഓഫ്സ്റ്റംപിന് പുറത്ത് ഫെര്‍ഗൂസന്‍ പരീക്ഷിച്ചത്. ഇന്‍ഫീല്‍ഡിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു ശ്രമം. പക്ഷെ ഷോട്ടിനിടെ ബാറ്റ് അല്‍പ്പം തിരിഞ്ഞു പോയപ്പോള്‍ അതു നേരെ മിഡ് ഓഫില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കൈളിലെത്തുകയും ചെയ്തു. ഇതോടെ സഞ്ജു രോഷത്തോടെ ക്രീസ് വിടുകയുമായിരുന്നു.