IPL 2025: ഹസരങ്ക അഞ്ചാമന്‍! ദ്രാവിഡ് രാജസ്ഥാനെ ടെസ്റ്റ് ടീമാക്കുമോ? വിമര്‍ശിച്ച് ആരാധകര്‍
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആറാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 151 റണ്‍സാണ് നേടിയത്. രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കുകയും ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തുകയും ചെയ്ത രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. സഞ്ജു സാംസണിന്റെ പരിക്കിനെത്തുടര്‍ന്ന് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ആദ്യത്തെ മൂന്ന് മത്സരത്തിലും രാജസ്ഥാനിറങ്ങുന്നത്.
വലിയ ആരാധക പിന്തുണയുള്ള രാജസ്ഥാന്റെ കെകെആറിനെതിരായ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. സഞ്ജു സാംസണും റിയാന്‍ പരാഗിനും യശ്വസി ജയ്‌സ്വാളിനും നിതീഷ് റാണക്കുമൊന്നും വലിയൊരു പ്രകടനത്തിലേക്ക് ഉയരാനാവുന്നില്ല. അവസാന സീസണില്‍ ഉണ്ടായിരുന്ന ആവേശം നിലവിലെ രാജസ്ഥാന്‍ ടീമിനില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.
രാജസ്ഥാന്റെ ബാറ്റിങ് ഓഡര്‍ ശരിയല്ല
രാജസ്ഥാന്‍ റോയല്‍സിന്റെ ഇത്തവണത്തെ ബാറ്റിങ് ഓഡര്‍ ശരിയല്ലെന്നാണ് ആരാധകര്‍ ആരോപണം ഉയര്‍ത്തുന്നത്. കെകെആറിനെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറില്‍ വനിന്‍ഡു ഹസരങ്കയെയാണ് രാജസ്ഥാന്‍ ഇറക്കിയത്. യശ്വസി ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ തന്നെ ഹസരങ്കയെ ഇറക്കിവിട്ടത് മണ്ടന്‍ തീരുമാനമായി. നാല് റണ്‍സെടുത്ത് താരം പുറത്തായതോടെ ചെറിയ ഇടവേളയില്‍ രണ്ട് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ മധ്യനിരയേയും തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനമായിരുന്നു രാജസ്ഥാന്റേത്.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പരീക്ഷണമാണിതെന്ന് പറയാം. ഹസരങ്ക ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ വിക്കറ്റ് നഷ്ടമായി ടീം തകര്‍ച്ച നേരിടുന്ന അവസ്ഥയില്‍ നിന്ന് ടീമിനെ രക്ഷിക്കാന്‍ ഒരു തവണ പോലും ഹസരങ്കക്ക് സാധിച്ചിട്ടില്ല. പിന്നെ എന്തിനാണ് രാജസ്ഥാന്‍ അഞ്ചാം നമ്പറില്‍ ഹസരങ്കയെ പരിഗണിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ട മണ്ടന്‍ തീരുമാനമാണിതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

ബാറ്റിങ് ഓഡറില്‍ മാറ്റം അനിവാര്യം
രാജസ്ഥാന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം അനിവാര്യമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം നമ്പറില്‍ റിയാന്‍ പരാഗ് കളിക്കുന്നത് ശരിയായ തീരുമാനമല്ല. ഫിനിഷര്‍ റോളില്‍ കളിച്ചിരുന്ന പരാഗ് നായകനായ ശേഷം മൂന്നാം നമ്പറിലേക്ക് എത്തുകയായിരുന്നു. മികച്ച പ്രകടനത്തോടെ കസറാന്‍ മൂന്നാം നമ്പറില്‍ പരാഗിന് സാധിക്കുന്നില്ല. ഇത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. പരാഗിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.
മൂന്നാം നമ്പറില്‍ നിതീഷ് റാണയെ കളിപ്പിക്കണം. നാലാം നമ്പറിലേക്ക് ദ്രുവ് ജുറേലിനെ കൊണ്ടുവരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ജുറേല്‍ നിലയുറപ്പിച്ച് വലിയ സ്‌കോറിലേക്ക് ഉയരാന്‍ കെല്‍പ്പുള്ള താരമാണ്. ആദ്യ രണ്ട് മത്സരത്തിലും ജുറേല്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജുറേലിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നത് ടീമിന് കൂടുതല്‍ ഗുണം ചെയ്യും. പരാഗും ഷിംറോന്‍ ഹെറ്റ്‌മെയറും ശുബം ദുബെയും ചേര്‍ന്ന് ഡെത്തോവറുകളില്‍ കടന്നാക്രമിക്കുന്നതാണ് നല്ലത്. ഇത്തരമൊരു മാറ്റത്തിന് രാജസ്ഥാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ നിര്‍ദേശിക്കുന്നത്.
സഞ്ജു സാംസണിന് സ്ഥിരതയില്ല
സഞ്ജു സാംസണിന്റെ ബാറ്റിങ്ങില്‍ ഇത്തവണ രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ജോസ് ബട്‌ലറെ രാജസ്ഥാന്‍ കൈവിട്ടതോടെ സഞ്ജുവിലേക്ക് ബാറ്റിങ്ങിന്റെ കൂടുതല്‍ ഉത്തരവാദിത്തമെത്തുന്നു. തല്ലിത്തകര്‍ക്കേണ്ട യശ്വസി ജയ്‌സ്വാളിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഇതോടെ സഞ്ജു കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുന്നു. സഞ്ജു സാംസണ്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് കളിക്കുന്നതെന്ന് പ്രകടനം കാണുമ്പോള്‍ തോന്നുന്നില്ല. എന്തായാലും ആദ്യ രണ്ട് മത്സരത്തിലെ രാജസ്ഥാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications