ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ നടക്കുന്നതിന് മുമ്പ് മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം തന്നെ പല സൂപ്പര്‍ താരങ്ങള്‍ക്കായും ടീമുകള്‍ വല വിരിച്ചു കഴിഞ്ഞു. പല വമ്പന്‍ മാറ്റങ്ങള്‍ക്കായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അവസാന സീസണുകളിലെ പിഴവുകള്‍ നികത്തി ശക്തമായ ടീമുമായി കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇതിനോടകം പല ടീമുകളും തങ്ങളുടെ പരിശീലകനെയടക്കം മാറ്റിയിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാന്‍ സാധിക്കാത്ത ടീമാണ്. എന്നാല്‍ വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നുകൂടിയാണ് ആര്‍സിബി. വിരാട് കോലി കളിക്കുന്ന ആര്‍സിബി അടുത്ത സീസണില്‍ വമ്പന്‍ ചില താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കം നടത്തുകയാണ്. രോഹിത് ശര്‍മക്കായി വിരാട് കോലി ഉപയോഗിച്ച് ആര്‍സിബി ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. രോഹിത്തിനെ കൊണ്ടുവരുന്നത് ആര്‍സിബിക്ക് ഗുണം ചെയ്യുമോ? പരിശോധിക്കാം.
മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കും
ആര്‍സിബി ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് വേണം. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ വന്നാല്‍ വിരാട് കോലിക്കും അത് വലിയ ആശ്വാസമാവും. രോഹിത്-കോലി കൂട്ടുകെട്ട് ഇന്ത്യക്കായി അധികം ശോഭിച്ചിട്ടില്ല. അവസാന ടി20 ലോകകപ്പില്‍ ഈ ഓപ്പണിങ് കൂട്ടുകെട്ട് ഫ്‌ളോപ്പായിരുന്നു. എന്നാല്‍ ആര്‍സിബിയില്‍ ഈ കൂട്ടുകെട്ട് ക്ലിക്കാവാന്‍ സാധ്യത കൂടുതലാണ്.
രോഹിത്തും കോലിയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമാണുള്ളത്. ഇരുവരും ഓപ്പണിങ്ങിലേക്കെത്തിയാല്‍ അനുഭവസമ്പത്തുള്ള കൂട്ടുകെട്ടിനെ ലഭിക്കുകയും വിരാട് കോലിക്ക് കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം ഒരുങ്ങുകയും ചെയ്യും. ഇരുവരും തമ്മിലുള്ള മികച്ച ധാരണ ഓപ്പണിങ് കൂട്ടുകെട്ടിലും പ്രതിഫലിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ രോഹിത്തിനെ ടീമിലേക്കെത്തിക്കാന്‍ കോലി കൂടുതല്‍ താല്‍പര്യം കാട്ടുന്നു.

അനുഭവസമ്പത്തുള്ള നായകനെ ലഭിക്കും
അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് രോഹിത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് നില്‍ക്കുന്ന രോഹിത്തിന്റെ നായക മികവില്‍ ആര്‍ക്കും സംശയമില്ല. പ്രതിസന്ധി ഘട്ടത്തില്‍ മികച്ച തന്ത്രങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ രോഹിത്തിന് കഴിവുണ്ട്. ആര്‍സിബിക്ക് നിലവില്‍ ആവശ്യം ഇത്തരമൊരു നായകനെയാണ്. കെ എല്‍ രാഹുലിനെ നായകനാക്കിയാല്‍ കാര്യമായ ഗുണം ചെയ്‌തേക്കില്ല.
ലഖ്‌നൗവിന്റെ നായകനെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ രാഹുലിനായിട്ടില്ല. കൂടാതെ തന്ത്രശാലിയായ നായകനെന്ന് രാഹുലിനെ പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ രോഹിത്തിനെപ്പോലൊരു നായകനും മികച്ചൊരു ടീമുമുണ്ടെങ്കില്‍ കന്നി കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. മുംബൈ ഇന്ത്യന്‍സ് വിടാന്‍ രോഹിത് തയ്യാറായാല്‍ രോഹിത്തിനെ ഒപ്പം കൂട്ടാന്‍ ആര്‍സിബി വലിയ തുക മുടക്കാനും തയ്യാറാണെന്നാണ് വിവരം.
സാമ്പത്തികമായ നേട്ടം
രോഹിത് ശര്‍മ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചാലും ഇപ്പോഴും വലിയ താരമൂല്യം അദ്ദേഹത്തിനുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മയും ഒന്നിച്ച് കളിക്കുന്ന ടീമിന് വലിയ പിന്തുണ ലഭിക്കും. കൂടുതല്‍ സ്‌പോണ്‍സര്‍മാരേയും സാമ്പത്തികമായ നേട്ടങ്ങളും ആര്‍സിബിക്ക് ലഭിക്കും. അതുകൊണ്ടുതന്നെ രോഹിത്തിനായി 20 കോടിക്ക് മുകളില്‍ മുടക്കിയാലും ആര്‍സിബിക്ക് നഷ്ടമുണ്ടാവില്ല. ഇക്കാരണത്താല്‍ത്തന്നെ രോഹിത്തിനെ വാങ്ങാന്‍ ആര്‍സിബി മടികാട്ടില്ല.
രോഹിത് ശര്‍മയുടെ താരപ്രഭക്ക് ചേര്‍ന്ന ടീമുകൂടിയാണ് ആര്‍സിബി. വിരാട് കോലിയും രോഹിത്തും ഒന്നിച്ച് കളിച്ചാല്‍ ടീമിന്റെ നിലവാരത്തില്‍ത്തന്നെ വലിയ മാറ്റം ഉണ്ടാവും. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് വന്നാല്‍ ആര്‍സിബിക്കത് എല്ലാ തരത്തിലും ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍.