ഡല്‍ഹി: ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നീല ജഴ്‌സിയില്‍ കേരളത്തിന്റെ വണ്ടര്‍ കിഡായ വിഘ്്‌നേഷ് പുത്തൂരിനെ ഇനി കണ്ടേക്കില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരം കഴിഞ്ഞതോടെ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വഴിയടഞ്ഞിരിക്കുകയാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് അതു ചെയ്തതെന്നു പറയേണ്ടി വരും.
മുന്‍ മല്‍സരങ്ങളില്‍ വിഘ്‌നേഷിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ അവഗണിച്ചതിന്റെ പേരില്‍ ഹാര്‍ദിക് ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു, ഡിസിക്കെതിരേ വിഘ്‌നേഷ് ഇംപാക്ട് സബായി കളിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലു അതുണ്ടായില്ല. പകരം െവെറ്ററന്‍ സ്പിന്നറായ കരണ്‍ ശര്‍മയെയാണ് ഹാര്‍ദിക് ടീമിലേക്കു വിളിച്ചത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു.

വിഘ്‌നേഷ് ഇനി വാട്ടര്‍ ബോയ്?
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഹൈ സ്‌കോറിങ് മാച്ചില്‍ 12 റണ്‍സിനു മുംബൈ ഇന്ത്യന്‍സ് വീഴ്ത്തിയപ്പോള്‍ കളിയിലെ താരമായത് കരണ്‍ ശര്‍മയാണ്. വിഘ്‌നേഷ് പുത്തൂരിനെ തഴഞ്ഞാണ് 37 കാരായ സ്പിന്നറെ മുംബൈ നായരന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ മല്‍സരത്തില്‍ കളിപ്പിച്ചത്. മാച്ച് വിന്നിങ് സ്‌പെല്ലുമായി കരണ്‍ ഇതു ശരിക്കും മുതലാക്കുകയും ചെയ്തു.
നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. അഭിഷേക് പൊറെല്‍, കെഎല്‍ രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരെയാണ് കരണ്‍ മടക്കിയത്. ടീമിലെ മറ്റൊരു സ്പിന്നറും ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌റും തന്റെ സാന്നിധ്യമറിയിച്ചു. നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടി.
ഈ കളിയിലെ മിന്നും പ്രകടനത്തോടെ ഇനിയുള്ള മല്‍സരങ്ങളിലും ഫസ്റ്റ് ചോയ്‌സ സ്പിന്നറായി കരുണിനു തന്നെ നറുക്കുവീഴുമെന്നുറപ്പാണ്. ബാറ്റിങില്‍ കൂടി സംഭാവന നല്‍കാന്‍ സാധിക്കുമെന്നതിനാല്‍ സാന്റ്‌നറിനെ മുംബൈ കൈവിടുകയും ചെയ്യില്ല. അങ്ങനെ വന്നാല്‍ വിഘ്‌നേഷിനു ഇനി സ്ഥിരം വാട്ടര്‍ ബോയിയുടെ റോളായിരിക്കും.
മുംബൈയ്ക്കു വേണ്ടി ഈ സീണില്‍ നാലു മല്‍സരങ്ങളിലാണ് വിഘ്‌നേഷിനു കളിക്കാന്‍ അവസരം ലഭിച്ചത്. 8.54 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും വീഴ്ത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുകളുമായി ഈ മലപ്പുറത്തുകാരന്‍ വരവറിയിച്ചിരുന്നു. ഈ കളിയില്‍ മുംബൈയെ നയിച്ച സൂര്യകുമാര്‍ യാദവ് വളരെ നന്നായി വിഘ്‌നേഷിനെ ഉപയോഗിക്കുകയും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
എന്നാല്‍ സൂര്യക്കു പകരം രണ്ടാമങ്കത്തില്‍ സ്ഥിരം ക്യാപ്റ്റനായ ഹാര്‍ദിക് തിരിച്ചെത്തിയതോടെ വിഘ്‌നേഷ് ടീമിനു പുറത്താവുകയും ചെയ്തു. മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌ഴ്‌സിനെതിരേ താരം തിരിച്ചുവിളിക്കപ്പെട്ടു. ഒരു വിക്കറ്റ് നേടിയിട്ടും രണ്ടോവര്‍ മാത്രമേ വിഘ്‌നേഷിനെക്കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയ്യിച്ചുള്ളൂ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അടുത്ത കളിയിലും മലയാളി താരം ഒരു വിക്കറ്റെടുത്തു. പക്ഷെ വിഘ്‌നേഷിനെ വേണ്ട രീതിയില്‍ ഹാര്‍ദിക് ഉപയോഗിച്ചില്ല. നന്നായി പന്തെറിഞ്ഞിട്ടും താരത്തിനു തുടര്‍ച്ചയായി ഓവര്‍ നല്‍കാതെ വ്യത്യസ്ത ഘട്ടങ്ങളിലാണ് പന്തെറിയിച്ചത്.
അതിനു ശേഷം ആര്‍സിബിക്കെതിരേയും വിഘ്‌നേഷിനെ തഴയുന്ന സമീപനമാണ് ഹാര്‍ദിക് സ്വീകരിച്ചത്. ഒരോവര്‍ മാത്രമാണ് അദ്ദേഹത്തെക്കൊണ്ട് കളിയില്‍ പന്തെറിയിച്ചത്. 10 റണ്‍സ് മാത്രമേ വിഘ്‌നേഷ് വിട്ടുകൊടുത്തിരുന്നുള്ളൂ. എന്നിട്ടും വീണ്ടും ഓവര്‍ നല്‍കാന്‍ ഹാര്‍ദിക് തയ്യാറായില്ല. അതിനു ശേഷമാണ് ഇപ്പോള്‍ ഡിസിക്കെതിരേ വിഘ്‌നേഷിന്റെ പേരുവെട്ടി കരണിനെ അദ്ദേഹം കൊണ്ടുവന്നത്.