Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിന്റെ മിന്നും പ്രകടനം, പണി കിട്ടുക സഞ്ജുവിന്! കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ അരങ്ങേറ്റ മത്സരത്തിലൂടെ എല്ലാവരുടേയും കൈയടി നേടിയിരിക്കുകയാണ് വൈഭസ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് പരിക്കേറ്റതോടെ പകരക്കാരനായാണ് വൈഭവ് സൂര്യവന്‍ഷിക്ക് അവസരം നല്‍കിയത്. ലഭിച്ച അവസരം 14കാരനായ വൈഭവ് നന്നായി പ്രയോജനപ്പെടുത്തി. 20 പന്തില്‍ 34 റണ്‍സാണ് വൈഭവ് നേടിയത്. രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു വൈഭവിന്റെ തകര്‍പ്പന്‍ പ്രകടനം.

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് എല്ലാവര്‍ക്കും മുന്നില്‍ തന്റെ പക്വത തെളിയിക്കുകയും ചെയ്തു. 14ാം വയസില്‍ ഇത്രയും മികച്ച പ്രകടനം നടത്തുകയെന്നത് ഒട്ടും എളുപ്പമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളെയാണ് വൈഭവ് തല്ലിപ്പറത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ തോല്‍വികള്‍ക്കിടയില്‍ ടീമിന് വലിയ ആശ്വാസം നല്‍കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചിരിക്കുന്നത്.

വൈഭവിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സ് വലിയൊരു ആശയക്കുഴപ്പത്തിലേക്കാണ് എത്തിയിരിക്കുന്നത്. നിലവില്‍ നായകന്‍ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണര്‍മാര്‍. സഞ്ജുവിന്റെ അഭാവത്തിലാണ് വൈഭവ് ഓപ്പണിങ്ങില്‍ ശോഭിച്ചത്. സഞ്ജു തിരിച്ചെത്തുമ്പോള്‍ ഓപ്പണര്‍ റോള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഇത് സഞ്ജുവിന്റെ കരിയറില്‍ വലിയ തിരിച്ചടി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം.

സഞ്ജു ഓപ്പണിങ് വിട്ടാല്‍ തിരിച്ചടിയാവും

സഞ്ജു സാംസണ്‍-യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് ഇന്ത്യ ടി20യില്‍ നിലവില്‍ പ്രധാന പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ചിരുന്ന സഞ്ജു ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയത്. ടി20 ലോകകപ്പടക്കം വരാനിരിക്കെ ജയ്‌സ്വാളുമായി കൂടുതല്‍ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി അനുഭവസമ്പത്ത് സൃഷ്ടിക്കാന്‍ രാജസ്ഥാനിലെ അവസരം സഞ്ജുവിന് ഗുണം ചെയ്തിരുന്നു.

എന്നാല്‍ വൈഭവ് ഭയമില്ലാതെ കടന്നാക്രമിക്കുമ്പോള്‍ ഓപ്പണറായി തുടരാന്‍ അവസരം ലഭിച്ചേക്കും. ജയ്‌സ്വാളും സ്‌പെഷ്യലിസ്റ്റ് ഓപ്പണറായതിനാല്‍ ഈ റോളില്‍ത്തന്നെ തുടരാന്‍ അനുവദിച്ചേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കാതെ മറ്റ് വഴികളില്ലാതെയാവും. സഞ്ജു ഓപ്പണിങ് വിട്ടാല്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. സഞ്ജു ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറിയാല്‍ അത് മണ്ടത്തരമാവുമെന്നുറപ്പാണ്.

ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനം നോട്ടമിടുന്നവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്റെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറുന്നത് വലിയ തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍. അഭിഷേക് ശര്‍മ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ മാറ്റി ജയ്‌സ്വാളിനൊപ്പം അഭിഷേകിനെ കൊണ്ടുവരാനും ഇന്ത്യന്‍ ടീം തയ്യാറായേക്കും. രാജസ്ഥാന്റെ ഓപ്പണര്‍ സ്ഥാനം കൈവിട്ടുപോയാല്‍ സഞ്ജുവിന് പണി കിട്ടാന്‍ സാധ്യത കൂടുതലാണ്.

Vaibhav Suryavanshi yashasvi jaiswal ipl 2025

രാജസ്ഥാനില്‍ അഴിച്ചുപണി അത്യാവശ്യം

വലിയ പ്രതീക്ഷയോടെ ഇറങ്ങിയ രാജസ്ഥാന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. അവസാനം കളിച്ച നാല് മത്സരത്തിലും ടീം തോറ്റിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ ചില നിര്‍ണ്ണായക അഴിച്ചുപണികള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. സഞ്ജു സാംസണ്‍ മധ്യനിരയിലേക്കിറങ്ങുന്നതാണ് നല്ലത്. ടോപ് ഓഡര്‍ നല്‍കുന്ന മികച്ച തുടക്കത്തെ മുതലാക്കാന്‍ മധ്യനിരക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. സഞ്ജു മധ്യനിരയിലേക്ക് ചെന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ തിരിച്ചടിയായി മാറുകയാണ്. റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരിലൊരാള്‍ക്ക് മൂന്നാം നമ്പറില്‍ തുടര്‍ച്ചയായി അവസരം നല്‍കേണ്ടതാണ്. ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരിലൊരാളെ പ്ലേയിങ് 11 പുറത്തിരുത്തണം. സഞ്ജു തിരിച്ചെത്തുമ്പോള്‍ ജുറേല്‍ പുറത്തിരിക്കുന്നതാണ് നല്ലത്. ഇത്തവണ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

Story first published: Sunday, April 20, 2025, 14:46 [IST]
Other articles published on Apr 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+