For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മിന്നിച്ചിട്ടും കാര്യമില്ല, 2026ലെ ടി20 ലോകകപ്പില്‍ വൈഭവിന് സീറ്റ് കിട്ടില്ല! കാരണമിതാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷി. പ്രായം 14 മാത്രമാണെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം തല്ലിപ്പറത്തിയാണ് വൈഭവിന്റെ നേട്ടം.

വൈഭവിന്റെ പ്രതിഭ നോക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 16 വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റമെന്ന റെക്കോഡ് തകര്‍ക്കപ്പെടുമെന്ന് പലരും വിലയിരുത്തപ്പെടുന്നുണ്ട്. ഏഷ്യാ കപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ വൈഭവിന് രാജസ്ഥാനൊപ്പം തുടര്‍ച്ചയായി മിന്നിക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുക അസാധ്യമാകില്ല. എന്നാല്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ച്വറികള്‍ നേടി ലോക റെക്കോഡിട്ടാലും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ വൈഭവിന് സാധിക്കില്ല.

വൈഭവിന്റെ പ്രതിഭ മാത്രമല്ല ഇവിടെ പരിഗണിക്കുക. വൈഭവിനെ ടി20 ലോകകപ്പ് കളിപ്പിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വൈഭവിന് തടസമായിരിക്കുന്ന ഐസിസി നിയമത്തെക്കുറിച്ച് വിശദമായി അറിയാം.

15 വയസാകാതെ ഐസിസി ടൂര്‍ണമെന്റ് കളിക്കാനാവില്ല

വൈഭവ് സൂര്യവന്‍ഷിക്ക് അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കാത്തതിന് കാരണം പ്രായമാണ്. നിലവില്‍ 14 വയസും 34 ദിവസവുമാണ് വൈഭവിന്റെ പ്രായം. 2026ലെ ടി20 ലോകകപ്പ് നടക്കുക ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണമെന്റ് നടക്കുന്ന സമയത്ത് വൈഭവിന്റെ പ്രായം 15 ആകില്ല. ഐസിസി നിയമം 2020ല്‍ ഭേദഗതി ചെയ്തിരുന്നു. ഇത് പ്രകാരം ഒരു താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ 15 വയസ് പൂര്‍ത്തിയാവണം.

Vaibhav Suryavanshi ipl 2025

വൈഭവിന് 15 വയസിലേക്കെത്താന്‍ മാര്‍ച്ച് 27 എത്തണം. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ എത്ര മികവ് കാട്ടിയാലും താരത്തിന് ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല. 15 വയസെങ്കിലും എത്താതെ ആവശ്യത്തിന് അനുഭവസമ്പത്തും മാനസിക പക്വതയും എത്തില്ലെന്നാണ് ഐസിസി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ നിലവിലെ പ്രായം പരിഗണിച്ച് വൈഭവിന് അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല. ഈ നിയമത്തില്‍ പെട്ടെന്നൊരു മാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ വൈഭവിന് പെട്ടെന്ന് ഇന്ത്യന്‍ ടീമിലേക്കെത്താനാവില്ലെന്ന് തന്നെ പറയാം.

വൈഭവിന്റെ അരങ്ങേറ്റം എളുപ്പമാവില്ല

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗുജറാത്തിനെതിരേ റെക്കോഡ് സെഞ്ച്വറി നേടിയെങ്കിലും വൈഭവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുക എളുപ്പമാവില്ല. ഇടം കൈയന്‍ ഓപ്പണറാണ് വൈഭവ്. നിലവില്‍ ഇന്ത്യക്ക് പയറ്റിത്തെളിഞ്ഞ നിരവധി ഇടം കൈയന്‍ ഓപ്പണര്‍മാരുണ്ട്. യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും ഇതിനോടകം ഇന്ത്യയുടെ ടി20 ടീമിന്റെ ഇടം കൈയന്‍ ഓപ്പണര്‍മാരാണ്. സായ് സുദര്‍ശനും ടീമിലേക്ക് വിളി കാത്ത് നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വൈഭവിന് ടീമിലേക്ക് വിളി ലഭിക്കുക പ്രയാസമാവും.

വൈഭവിന്റെ ഇപ്പോഴത്തെ പ്രകടനം കൊണ്ട് മാത്രം ദേശീയ ടീമിലേക്ക് വിളിയെത്തില്ല. വൈഭവിന്റെ സാങ്കേതികത വളരെ പ്രശ്‌നമാണ്. വൈഭവ് എല്ലാ പന്തുകളേയും ആക്രമിക്കാന്‍ ശ്രമിക്കുന്ന താരമാണ്. ഭാഗ്യം തുണക്കുന്നതിനാലാണ് യുവതാരം വലിയ സ്‌കോറിലേക്കെത്തുന്നത്. സാങ്കേതികമായി ഇനിയും ഏറെ മുന്നോട്ട് പോകാതെ ഇന്ത്യക്കായി കളിക്കാന്‍ വൈഭവിന് സാധിക്കില്ല. ഈ പ്രായത്തില്‍ ഐപിഎല്ലില്‍ കളിക്കുകയെന്നത് തന്നെ വലിയ കാര്യമാണ്.

പക്വതയോടെ കളിച്ച് മുന്നോട്ട് പോയി ഇപ്പോള്‍ വലിയ ലക്ഷ്യം വെക്കാതെ കളിക്കുന്നതാണ് വൈഭവിന് നല്ലത്. ഈ പ്രായത്തില്‍ അമിത സമ്മര്‍ദ്ദം പേറിയാല്‍ താരത്തിന്റെ കരിയര്‍ തകരാന്‍ സാധ്യത കൂടുതലാണ്. ഇക്കാരണത്താല്‍ത്തന്നെ വൈഭവിന് മുന്നില്‍ ഇനിയും വെല്ലുവിളികള്‍ ഏറെയാണെന്ന് പറയാം.

Story first published: Thursday, May 1, 2025, 15:52 [IST]
Other articles published on May 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+