For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സെഞ്ച്വറി, പിന്നാലെ ഡെക്ക്!! വൈഭവ് കണ്ണുംപൂട്ടിയടി നിര്‍ത്തുമോ? ബോണ്ട് പറയുന്നു

ഈ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. കരിയറിലെ മൂന്നാമത്തെ കളിയില്‍ തന്നെ അതിവേഗ സെഞ്ച്വറി കുറിച്ചാണ് ഈ 14 കാരന്‍ ലോക ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി മാറിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വെറും 35 ബോളുകളില്‍ സെഞ്ച്വറിയുമായാണ് വൈഭ് ചരിത്രം കുറിച്ചത്.

പക്ഷെ മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടടുത്ത കളിയില്‍ താരം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ വൈഭവ് ഡെക്കായി മടങ്ങുകയായിരുന്നു. ഇടിവെട്ട് സെഞ്ച്വറിക്കു പിന്നാലെ തൊട്ടടുത്ത കളിയില്‍ വൈഭവ് നിരാശപ്പെടുത്താനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് റോയല്‍സിന്റെ ബൗളിങ് കോച്ചും മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ പേസറുമായ ഷെയ്ന്‍ ബോണ്ട്.

VAIBHAV SURYAVANSHI

ലൈസന്‍സ് നല്‍കി

ഈ സീസണിലെ ഐപിഎല്ലില്‍ വൈഭവ് സൂര്യവംശിക്കു ഇഷ്ടമുള്ള രീതിയില്‍ ബാറ്റ് വീശാന്‍ രാജസ്ഥാന്‍ റോയല്‍സ് ടീം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നു ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കി. വൈഭവിനു സ്വയം പ്രകടപ്പിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇതുവരെ അവന്‍ അതു വളരെ നന്നായിട്ടു തന്നെ ചെയ്തിട്ടുമുണ്ട്.

ഒരു 14 കാരനെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണിത്. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റാന്‍ കോച്ചിങ് സംഘം ശ്രമിക്കുന്നതായി താന്‍ കരുതുന്നില്ലെന്നും ബോണ്ട് പറയുന്നു.

പരിക്കു കാരണം നായകന്‍ സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വന്നതോടെയാണ് വൈഭവിനു പ്ലെയിങ് ഇലവനിസലേക്കു നറുക്കുവീണത്. തനിക്കു ലഭിച്ച അവസരം കൗമാര താരം ശരിക്കും മുതലാക്കുകയും ചെയ്തു. 34, 16, 101, 0 എന്നിങ്ങനെയാണ് വൈഭവിന്റെ സ്‌കോറുകള്‍.

ജിടിക്കെതിരേ നേടിയ സെഞ്ച്വറിയോടെ പല വമ്പന്‍ റെക്കോര്‍ഡുകളും താരത്തെ തേടിയെത്തിയിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറി, ഐപിഎല്ലിലെ വേഗമേറിയ രണ്ടാം സെഞ്ച്വറി എന്നീ റെക്കോര്‍ഡുകളെല്ലാം ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ കളിയിലെ ഡെക്ക്

മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മല്‍സരത്തില്‍ വൈഭവ് സൂര്യവംശി പൂജ്യത്തിനു പുറത്തായത് അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് ഷെയ്ന്‍ ബോണ്ടിന്റെ അഭിപ്രായം. അവന്‍ കഴിഞ്ഞ കളിയില്‍ കാര്യമായൊന്നും ചെയ്യാനാവാതെ പുറത്തായി. പക്ഷെ ഞങ്ങളെ സംബന്ധിച്ച് വൈഭവിന്റെ കാര്യത്തില്‍ പരിഭ്രാന്തരാവേണ്ട യാതൊരു കാര്യവുമില്ല. അവന്‍ വളരെ ചെറുപ്പമാണ്.

വിക്രം റാത്തോഡ് (ബാറ്റിങ്) ഗെയിം പ്ലാനിനെക്കുറിച്ചും ഏതൊക്കെ തരത്തിലുള്ള ബൗളര്‍മാരെയാവും നേരിടേണ്ടി വരികയെന്നെല്ലാം വൈഭവിനോടു പറഞ്ഞിട്ടുണ്ടാവും. അടുത്തമ മല്‍സരത്തില്‍ അദ്ദേഹം അവനു വീണ്ടും ഇവയെല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യും.

പക്ഷെ ഇതെല്ലാം മാറ്റി നിര്‍ത്തിയാല്‍ അവന്‍ ചെറിയൊരു കുട്ടി മാത്രമാണ്. അവന്‍ ക്രീസിലെത്തിയ ശേഷം ഈ രീതിയില്‍ ബാറ്റ് വീശുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും ബോണ്ട് വ്യക്കമാക്കി.

14 വയസ്സുകാരന്‍ പ്രൊഫഷണലാവില്ല

വെറും 14 വയസ്സ് മാത്രമുള്ള വൈഭവ് സൂര്യവംശിയെ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററെപ്പോലെ കാണേണ്ടതില്ലെന്നു ഷെയ്ന്‍ ബോണ്ട് പറയുന്നു. തന്റെ അനുഭവങ്ങളിലൂടെ മാത്രമേ വൈഭവ് പഠിക്കുകയുള്ളൂവെന്നും മുന്നോട്ടു പോകവെ അവന്‍ കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറുമെന്നും കിവി ഇതിഹാസം ചൂണ്ടിക്കാട്ടി.

VAIBHAV SURYAVANSHI

ഐപിഎല്‍ കരിയറില്‍ ഗംഭീരമായിട്ടുള്ള ഒരു തുടക്കം തന്നെയാണ് വൈഭവ് സൂര്യവംശിക്കു ലഭിച്ചിരിക്കുന്നത്. പക്ഷെ അവന്‍ ഉയര്‍ച്ചകളിലൂടെയും അതു പോലെ തന്നെ താഴ്ചകളിലൂടെയും കടന്നു പോവും. ചില സമയങ്ങളില്‍ ബാറ്റിങില്‍ വൈഭവ് പരാജയപ്പെടും. എന്നാല്‍ അവന്‍ അതില്‍ നിന്നാണ് ഇത്തരം കാര്യങ്ങളെ എങ്ങനെ നേരിടാമെന്നു പഠിക്കുക.

അവന്‍ വളരെയധികം കഴിവുറ്റ ക്രിക്കറ്റര്‍ തന്നെയാണ്. പക്ഷെ ഇപ്പോഴും വൈഭവ് ഒരു കുട്ടിയാണ്. അതുകൊണ്ടു തന്നെ മുന്നോട്ടു പോകവെ അവന്‍ പലതും പഠിച്ചെടുക്കും. അതുകൊണ്ടു തന്നെ നമ്മള്‍ വളരെ ക്ഷമയോടെ ഇരിക്കുകയും വേണം. ഒരു 14 കാരന്‍ പ്രൊഫഷണലാവുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 3, 2025, 19:51 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+