അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയുടെ ഒരു പ്രവര്‍ത്തിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബാറ്റിങിനിടെ വളരെ അപകടകരമായ പ്രവര്‍ത്തിയാണ് കോലി കാണിച്ചതെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ ഒന്നും ചെയ്യാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
ബാറ്റില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്താനായില്ല. വളരെ സ്ലോയായിട്ടുള്ള ഇന്നിങ്‌സ് കളിച്ചാണ് കോലി ക്രീസ് വിട്ടത്. 35 ബോളില്‍ മൂന്നു ഫോറുകളടക്കം 43 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ടീമിന്റെ ടോപ്‌സ്‌കോററും കോലി തന്നെയാണ്.

ഗവാസ്‌കര്‍ വിമര്‍ശിച്ചതിന് കാരണം?
യുസേന്ദ്ര ചഹലെറിഞ്ഞ 12ാമത്തെ ഓവറില്‍ വിരാട് കോലിയുടെ പ്രവര്‍ത്തിയാണ് സുനില്‍ ഗവാസ്‌കറിനെ ചൊടിപ്പിച്ചത്. ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു സംഭവം. മിഡ് വിക്കറ്റ് ഏരിയയിലെ ഗ്യാപ്പിലൂടെയാണ് കോലി ഷോട്ട് കളിച്ചത്. തുടര്‍ന്ന് കോലിയും ബാറ്റിങ്
പങ്കാളിയായ ലിയാം ലിവിങ്സ്റ്റണും ഡബിളിനായി ഓടുകയും ചെയ്തു.
എന്നാല്‍ ഈ ഡബിള്‍ പൂര്‍ത്തിയാക്കവെ കോലി പിച്ചിലെ നിരോധിക്കപ്പെട്ട ഏരിയയിലൂടെ ഓടിയതാണ് ഗവാസ്‌കറെ ക്ഷുഭിതനാക്കിയത്. ഈ തരത്തിലുള്ള പ്രവര്‍ത്തി പിച്ചിനു കേടുപാടുകള്‍ സൃഷ്ടിച്ചേക്കുമെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ കോലിക്കു മുന്നറിയിപ്പ് നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
വിരാട് കോലി വിക്കറ്റുകള്‍ക്കിടയിലൂടെ വളരെ വേഗതയില്‍ ഓടുന്നയാളാണ്. ഷോട്ട് കളിച്ചയുടന്‍ തന്നെ അവിടെ രണ്ടു റണ്‍സുണ്ടെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. നേരെ പിച്ചിനകത്തു കൂടിയാണ് വിരാട് ഓടിയത്.
പഞ്ചാബ് കിങ്‌സാണ് രണ്ടാമതു ബാറ്റ് ചെയ്യാനുള്ളത്. പക്ഷെ അംപയര്‍മാര്‍ അദ്ദേഹത്തോടു ഒന്നും പറയില്ലെന്നും ഗവാസ്‌കര്‍ തുറന്നടിക്കുകയായിരുന്നു. കോലിയുടെ ഈ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടിട്ടും ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ കോലിയോടു ഇതേക്കുറിച്ച് സംസാരിക്കാനോ, മുന്നറിയിപ്പ് നല്‍കാനോ തയ്യാറാവാതിരുന്നതു ശരിയായില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു ആര്‍സിബി നല്‍കിയിരിക്കുന്നത്. ഒരു സമയത്തു 200 പ്ലസ് ടോട്ടല്‍ അവര്‍ അടിച്ചെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഡെത്ത് ഓവറില്‍ മികച്ച ബൗളിങിലൂടെ പഞ്ചാബ് അവരെ പിടിച്ചുനിര്‍ത്തി. ഇതോടെ ഒമ്പതു വിക്കറ്റിനു 190 റണ്‍സില്‍ ആര്‍സിബി ഒതുങ്ങുകയായിരുന്നു. അവരുടെ ബാറ്റിങ് ലൈനപ്പില്‍ ആര്‍ക്കും ഫിഫ്റ്റി കുറിക്കാനായില്ല.
43 റണ്‍സെടുത്ത കോലിയാണ് ടീമിന്റെ അമരക്കാരനായത്. 35 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറുകളാണ് നേടിയത്. മറ്റാരും തന്നെ ആര്‍സിബി ബാറ്റിങ് നിരയില്‍ 30 റണ്‍സ് തികച്ചില്ല. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (26), ലിയാം ലിവിങ്സ്റ്റണ്‍ (25), മായങ്ക് അഗര്‍വാള്‍ (24), ജിതേഷ് ശര്‍മ (24) എന്നിവരണ് ആര്‍സിബിയുടെ മറ്റു സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റുകള്‍ വീതം പിഴുത അര്‍ഷ്ദീപ് സിങും കൈല്‍ ജാമിസണുമാണ് പഞ്ചാബ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്.