മുംബൈ: ഐപിഎല്ലിന്റെ 18ാം സീസണില്‍ മോശം തുടക്കത്തിനു ശേഷം രണ്ടു തുടര്‍ വിജയങ്ങളുമായി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും കെട്ടുകെട്ടിച്ചത്.
ബൗളിങ് നിരയുടെ ഗംഭീര പ്രകടനമാണ് എസ്ആര്‍എച്ച് ബാറ്റിങ് നിരയെ പൂട്ടി മിന്നുന്ന വിജയം കൊയ്യാന്‍ മുംബൈയെ സഹായിച്ചത്. മാശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് പുറത്തായത്. സീസണിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും അദ്ദേഹം ഈ കളിയില്‍ കുറിച്ചിരുന്നു.
16 ബോളില്‍ മുന്നു സിക്‌സറടക്കം 26 റണ്‍സ് ഹിറ്റ്മാന്‍ നേടി. എന്നാല്‍ രോഹിത്തിന്റെ പുറത്താവലിനു ശേഷമുള്ള എസ്ആര്‍എച്ച് താരം ട്രാവിസ് ഹെഡ് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവമെന്നു നോക്കാം.

രോഹിത്തിന്റെ പുറത്താവല്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ഭേദപ്പെട്ട തുടക്കമാണ് ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയും റയാന്‍ റിക്കെല്‍റ്റണും മുംബൈ ഇന്ത്യന്‍സിനു നല്‍കിയത്. ആദ്യത്തെ രണ്ടോവറില്‍ വെറും ഏഴു റണ്‍സ് മാത്രമേ മുംബൈ നേിടിയുള്ളൂ. ബൗണ്ടറികളോ, സിക്‌സറുകളോ ഇതിള്‍പ്പെട്ടിരുന്നില്ല.
രോഹിത് ശര്‍മ പുറത്തായ ശേഷമുള്ള ട്രാവിസ് ഹെഡിന്റെ പ്രതികരണം. വീഡിയോ കാണാം
എന്നാല്‍ മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറില്‍ രോഹിത് ഗിയര്‍ മാറ്റി. മൂന്നാമത്തെ ബോള്‍ ഷോര്‍ട്ട് തേര്‍ഡിനു മുകളിലൂടെ അദ്ദേഹം സിക്‌സറിലേക്കു പറത്തുകയായിരുന്നു. അഞ്ചാമത്തെ ബോളില്‍ ഹിറ്റ്മാന്റെ അടുത്ത സിക്‌സര്‍. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയാണ് ഇത്തവണ ബോള്‍ ചീറിപ്പാഞ്ഞത്. തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചന കൂടിയാണ് രോഹിത് ഇതിലൂടെ നല്‍കിയത്.
അടുത്ത ഓവറിലെ ആദ്യ ബോഴില്‍ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെതിരേ രോഹിത് തന്റെ മൂന്നാമത്തെ സിക്‌സറും കണ്ടെത്തി. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയയായിരുന്നു അദ്ദേഹത്തിന്റെ മനോഹരായ ഷോട്ട്. പക്ഷെ ഈ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രോഹിത് പുറത്താവുകയും ചെയ്തു.
ഓഫ്സ്റ്റംപിനു പുറത്ത് ഒരു ഫുള്‍ ടോസാണ് കമ്മിന്‍സ് എറിഞ്ഞത്. രോഹിത് അതു ഡ്രൈവ് ചെയ്‌തെങ്കിലും നേരെ കവര്‍ ഏരിയയില്‍ ട്രാവിസ് ഹെഡിന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അതു കൈയ്ക്കുള്ളിലാക്കുകയും ചെയ്തു.
മികച്ച ടൈമിങോടെ ബാറ്റ് ചെയ്തു കൊണ്ടിരിക്കെയുള്ള ഈ അപ്രതീക്ഷിത പുറത്താവല്‍ രോഹിത്തിന് ശരിക്കും ഞെട്ടിക്കുകയും നിരാശനാക്കുകയും ചെയ്തു. അല്‍പ്പസമയം ഹെഡിനെ നോക്കിനിന്ന അദ്ദേഹം കടുത്ത നിരാശയോടെ ക്രീസ് വിടുകയായിരുന്നു. രോഹിത് മാത്രമല്ല മറുഭാഗത്തു ക്യാച്ചെടുത്ത ഹെഡും ദുഖിതനും നിരാശനുമായാണ് കാണപ്പെട്ടത്. രോഹിത്തിനെ പുറത്താക്കിയതിലുള്ള യാതൊരു സന്തോഷവും അദ്ദേഹത്തിന്റെ മുഖത്തു കണ്ടില്ല.
അല്‍പ്പം പോലും ചിരിക്കുകയോ, ടീമംങ്ങളുമായി വിക്കറ്റ് വീഴ്ച ആഘോഷിക്കുകയോ ചെയ്യാതെ ദുഖഭാവമായിരുന്നു അപ്പോള്‍ ഹെഡിനുണ്ടായിരുന്നത്. മാതമല്ല, രോഹിത് തലതാഴ്ത്തി പുറത്തേക്കു നടന്നു പോകവെ രോഹിത്തിനെ തന്നെ അദ്ദേഹം നോക്കുന്നതും വീഡിയോയില്‍ കാണാം.

പ്രതികരിച്ച് സോഷ്യല്‍ മീഡിയ
രോഹിത് ശര്‍മയുടെ ക്യാച്ചെടുത്ത ശേഷവും അദ്ദേഹം ഗ്രൗണ്ട് വിടുന്നതിനിടെയുമുള്ള ട്രാവിസ് ഹെഡിന്റെ നിരാശയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രതികരിച്ചിരിക്കുകയാണ്.
രോഹിത് ശര്‍മയുടെ പുറത്താവലിനു താന്‍ കാരണക്കാരനായതിനു ശേഷം ഹൃദയം തകര്‍ന്നതു പോലെയാണ് ട്രാവിസ് ഹെഡ് കാണപ്പെടുന്നത്. എതിര്‍ ടീമിലെ താരമായിരുന്നിട്ടു പോലും രോഹിത്തിന്റെ പുറത്താവല്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നുറപ്പാണെന്നും ആരാധകര്‍ കുറിക്കുന്നു.
രോഹിത് ശര്‍മയുടെ വലിയൊരു ഫാനാണ് ട്രാവിസ് ഹെഡെന്നു ഉറപ്പായിരിക്കുകയാണ്. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പുറത്താവല്‍ ഹെഡിനെ ഇത്രയും സങ്കടപ്പെടുത്തുകയും ചെയ്യില്ല. താന്‍ കാരണം രോഹിത് ചെറിയ സ്‌കോറിനു മടങ്ങിയല്ലോ എന്ന മുഖഭാവമാണ് ഹെഡിന്റേതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.