കൊല്‍ക്കത്ത: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ന്റെ അദ്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ബാറ്റ് ചെയ്യവെ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ ബാറ്റ് വിക്കറ്റില്‍ കൊണ്ട് ബേല്‍സ് താഴെ വീണിട്ടും അംപയര്‍ ഇതു ഔട്ട് നല്‍കിയില്ല.
ആര്‍സിബി താരങ്ങള്‍ അതു ഔട്ടല്ലേയെന്നു അംപയറോടു ചോദിക്കുന്നുണ്ടായിരുന്നെങ്കിലും ഇതു തള്ളപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് നരെയ്ന്‍ ഔട്ടാണെന്നു അംപയര്‍ വിധിക്കാതിരുന്നതെന്നു നമുക്കു പരിശോധിക്കാം.

photo credit :Jio Hotstar
സംഭവം എട്ടാം ഓവറില്‍
റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ റാസിഖ് സാം ഝര്‍ എറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഒരു വിക്കറ്റിനു 65 റണ്‍സെന്ന നിലയിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ ഓവര്‍ ആരംഭിച്ചത്. റണ്‍സുമായി നായകന്‍ അജിങ്ക്യ രഹാനെയും 17 റണ്‍സെടുത്ത സുനില്‍ നരെയ്‌നുമായിരുന്നു അപ്പോള്‍ ക്രീസില്‍.
രഹാനെയാണ് സ്‌ട്രൈക്ക് നേരിട്ടത്. ലെഗ്‌ബൈ ആയി ആദ്യ ബോളില്‍ ഒരു റണ്‍സ്. അടുത്ത ബോള്‍ വൈഡ്. തുടര്‍ന്നുള്ള ബോളില്‍ നരെയ്ന്‍ സിംഗിളെടുത്തു. മൂന്നാമത്തെ ബോളില്‍ രഹാനെയിലൂടെ വീണ്ടുമൊരു സിംഗിള്‍. അടുത്ത ബോള്‍ റൗണ്ട് ദി വിക്കറ്റായിരുന്നു. പിച്ച് ചെയ്ത ശേഷം കുത്തിയുയര്‍ന്ന ബോള്‍ നരെയ്‌നു കണക്ട് ചെയ്യാനായില്ല. പിന്നാലെ അംപയര്‍ വൈഡും വിളിച്ചു. ഈ ബോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തുകയും ചെയ്തു.
ഇതിനു ശേഷമായിരുന്നു ബാറ്റ് പിറകിലേക്കു നീക്കവെ അബദ്ധത്തില്‍ വിക്കറ്റില്‍ തട്ടിയത്. ഇതോടെ വിക്കറ്റുകളില്‍ ലൈറ്റ് തെളിയകും ബേല്‍സ് താഴെ വീഴുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ട ആര്‍സിബിയുടെ വിരാട് കോലി, ടിം ഡേവിഡുള്‍പ്പെടെയുള്ള കളിക്കാര്‍ ഔട്ടല്ലേയെന്നു ഓണ്‍ഫീല്‍ഡ് അംപയറോടു ചോദിച്ചത്. പക്ഷെ അംപയര്‍ അതു തള്ളുകയും ചെയ്തു. മാത്രമല്ല വൈഡും വിളിക്കുകയായിരുന്നു.

എന്തുകൊണ്ട് ഔട്ട് നല്‍കിയില്ല?
സുനില്‍ നരെയ്‌നെതിരേ അംപയര്‍ ഔട്ട് വിധിക്കാതിരുന്നതിന്റെ കാരണം ക്രിക്കറ്റിലെ ഒരു നിയമം തന്നെയായിരുന്നു. എംസിസിയുടെ നിയമപ്രകാരം ഒരു ബാറ്റര്‍ ഷോട്ടിനു ശ്രമിക്കവെ ഹിറ്റ് വിക്കറ്റായാല്‍ മാത്രമേ അതു ഔട്ടായി കണക്കാക്കുകയുള്ളൂ. ഈ മല്‍സരത്തില്‍ സുനില്‍ നരെയ്‌ന്റെ കാര്യത്തിലേക്കു വന്നാല്‍ ഷോട്ടിനു ശ്രമിക്കവെയല്ല ബാറ്റ് സ്റ്റംപുകളില്‍ തട്ടിയത്.
മാത്രമമല്ല, ഷോട്ട് കളിക്കാനുള്ള ഒരു ശ്രമവും അപ്പോള്‍ നരെയ്ന്‍ നടത്തിയിട്ടില്ല. അംപയര്‍ വൈഡ് വിളിച്ച ഈ ബോളില്‍ഷോട്ടിനു തുനിഞ്ഞാണ് അദ്ദേഹത്തിന്റെ ബാറ്റ് സ്റ്റംപുകളില്‍ തട്ടിയിരുന്നതെങ്കില്‍ അംപയര്‍ ഉറപ്പായും ഔട്ട് വിധിച്ചേനെ.
ഈ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട നരെയ്ന്‍ പിന്നീട് 44 റണ്‍സ് നേടിയാണ് മടങ്ങിയത്. 26 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. റാസിഖിന്റെ ബൗളിങില്‍ ജിതേഷിനു ക്യാച്ച് സമ്മാനിച്ചാണ് നരെയ്ന്‍ മടങ്ങിയത്.