അഹമ്മദാബാദ്: ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഗംഭീര ഇന്നിങ്‌സ് കളിച്ചിട്ടും ബ്രോഡ്കാസ്റ്റര്‍മാര്‍ ശശാങ്ക് സിങിനെ തീര്‍ത്തും അവഗണിച്ചതില്‍ ആരാധകരോഷം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ആറു റണ്‍സിനാണ് പഞ്ചാബ് പൊരുതിവീണത്. ഒരുപക്ഷെ ഒന്നോ, രണ്ടോ ബോള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ പഞ്ചാബിനെ ശശാങ്ക് ജയിപ്പിക്കുകയും ചെയ്‌തേനെ.
ആവേശകരമായ വിജയത്തോടെ ആര്‍സബി കന്നിക്കിരീടം ചൂടുമ്പോള്‍ പഞ്ചാബിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശ്രേയസ് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. 30 ബോളില്‍ 61 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 203.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണിത്.
ആറു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറുകളും ശശാങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇത്രയും മികച്ചൊരു ഇന്നിങ്‌സ് കളിച്ചിട്ടും അദ്ദേഹത്തെ ബ്രോഡ്കാസ്റ്റര്‍മാര്‍ തീര്‍ത്തും അവഗണിച്ചതായാണ് ആരാധകരുടെ പരാതി. സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ആരാധകരോഷം
സോഷ്യല്‍ മീഡിയയില്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരേ പഞ്ചാബ് കിങ്‌സിന്റെ ആരാധകര്‍ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരമായ വിരാട് കോലിക്കു അമിത പ്രാധാന്യം നല്‍കാറുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തവണയും പതിവു തെറ്റിച്ചില്ലെന്നു അവര്‍ തുറന്നടിക്കുന്നു.
ഇതു ക്രിക്കറ്റിന്റെ വളരെ വൃത്തികെട്ട വശം തന്നെയാണ്. വിരാട് കോലി കരഞ്ഞപ്പോള്‍ എല്ലാ ബ്രോഡ്കാസ്റ്റര്‍മാരും അതു കാണിച്ചു. ആദ്യദിനം മുതല്‍ മീഡിയകളും ബ്രോഡ്കാസ്റ്റര്‍മാരും കോലി, കോലി എന്നു നിര്‍ത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. പക്ഷെ ഫൈനലില്‍ തന്റെ എല്ലാം നല്‍കുകയും രണ്ടു ബോള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ മല്‍സരവിധി മാറ്റുകയും ചെയ്യേണ്ടിയിരുന്ന ശശാങ്ക് സിങ് തീര്‍ത്തും അവഗണിക്കപ്പെട്ടു. അദ്ദേഹത്തെ ക്യാമറകളില്‍ കാണിക്കുകയോ, ആരും പരാമര്‍ശിക്കുകയോ ചെയ്യുന്നില്ല. ഫൈനലിനു ശേഷം ശശാങ്കും വളരെ വികാരഭരിതനായിരുന്നു. പക്ഷെ ആരും തന്നെ അതു കാണിച്ചില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞപ്പോള്‍ ഒരു ക്യാമറയും പഞ്ചാബ് കിങ്‌സ് താരം ശശാങ്ക് സിങിനെ കാണിച്ചില്ല. എല്ലാവരും വിരാട് കോലിയെ മാത്രമാണ് ശ്രദ്ധിച്ചത്. ശശാങ്ക് എല്ലാ ഫ്രെയമികളിലും നില്‍ക്കാന്‍ അര്‍ഹതയുള്ള താരമാണ്. അദ്ദേഹം തോറ്റിട്ടില്ല. വെറുമൊരു ബോളില്‍ വിജയം കൈവിട്ടു പോവുകയാണ് ചെയ്തതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ആര്‍സിബിയുമായുള്ള ഫൈനലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി അവസാനത്തെ ബോള്‍ വരെ ശശാങ്ക് സിങ് പോരാടിയത് അവിശ്വസനീയം തന്നെയാണ്. പക്ഷെ ഒരു ക്യാമറാക്കണ്ണുകളും അവസാനത്തെ ബോളിനു ശേഷം അദ്ദേഹത്തെ കാണിച്ചില്ല. ഇതു തീര്‍ച്ചയായും അംഗീകരിക്കാന്‍ കഴിയില്ല. വിരാട് കോലി ജയിച്ചവരുടെ ഹീറോയാണെങ്കില്‍ തോറ്റവരുടെ ഹീറോയാണ് ശശാങ്കെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.
പഞ്ചാബ് കിങ്‌സിനു അവസാനത്തെ രണ്ടോവറില്‍ വിജയിക്കാന്‍ 42 റണ്‍സ് ആവശ്യമായിരുന്നു. എന്നിട്ടും വെറും ആറു റണ്‍സിനു മാത്രമാണ് അവര്‍ തോറ്റത്. ഇതിന്റെ പ്രധാന കാരണക്കാരന്‍ ശശാങ്ക് സിങ് തന്നെയാണ്. എന്തൊരു ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്.
ഈ മല്‍സരം പഞ്ചാബ് ജയിച്ചിരുന്നെങ്കില്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി ശശാങ്കിന്റെ പ്രകടനവും കുറിക്കപ്പെടുമായിരുന്നും. ടീം ആറു റണ്‍സിനു തോറ്റെങ്കിലും അദ്ദേഹം ഹീറോ അല്ലാതായി പോവുന്നില്ലെന്നും പഞ്ചാബിന്റെ ആരാധകര്‍ പുകഴ്ത്തുന്നു.