For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ടോപ് ഓഡര്‍ ഫ്‌ളോപ്പ്, എന്നിട്ടും 242! തോല്‍വിയിലും രാജസ്ഥാന്‍ ഹാപ്പി; കാരണങ്ങളിതാ

ഹൈദരാബാദ്: ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റ് തുടങ്ങിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റിന് 286 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റിന് 242 റണ്‍സാണ് നേടിയെടുക്കാനായത്. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷനാണ് ഹീറോയായത്.

മുംബൈ ഇന്ത്യന്‍സ് വിട്ട് ഹൈദരാബാദിലെത്തിയ ഇഷാന്‍ 47 പന്തില്‍ 106 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 11 ഫോറും 6 സിക്‌സുമാണ് ഇഷാന്‍ നേടിയത്. ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സും അടിച്ചെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിയും (30) ഹെന്‍ റിച്ച് ക്ലാസനുമെല്ലാം (34) നിര്‍ണ്ണായക പ്രകടനം ഹൈദരാബാദിനായി കാഴ്ചവെച്ചു. ഇതോടെയാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലിലേക്ക് ഹൈദാരാബാദിനെ എത്തിച്ചത്.

മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ ടോപ് ഓഡര്‍ തകര്‍ന്നെങ്കിലും 44 റണ്‍സിന് മാത്രമാണ് ടീം തോറ്റത്. ദ്രുവ് ജുറേല്‍ 70 റണ്‍സും സഞ്ജു സാംസണ്‍ 66 റണ്‍സും നേടിയപ്പോള്‍ ഷിംറോന്‍ ഹെറ്റ്‌മെയറും (42) ശുബം ദുബേയും (34*) കാമിയോകളിലൂടെയും കരുത്തുകാട്ടി. രാജസ്ഥാനെ സംബന്ധിച്ച് ആദ്യ മത്സരത്തിലെ തോല്‍വി വലിയ തിരിച്ചടിയല്ലെന്ന് തന്നെ പറയാം. ടീമിന്റെ ആത്മവിശ്വാസം ഉയരുകയാണ് ചെയ്തിരിക്കുന്നത്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടോപ് ഓഡര്‍ ഫ്‌ളോപ്പായിട്ടും 242 റണ്‍സടിച്ചു

രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് കരുത്തിലേക്ക് വരുമ്പോള്‍ പ്രധാനമായും ടോപ് ഓഡറിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടോപ് ഓഡര്‍ ഫ്‌ളോപ്പാവുന്ന മത്സരത്തില്‍ 242 റണ്‍സ് നേടുകയെന്നത് രാജസ്ഥാന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. താല്‍ക്കാലിക നായകനായ റിയാന്‍ പരാഗ് നാല് റണ്‍സെടുത്ത് പുറത്തായപ്പോള്‍ പുതിയതായി ടീമിലേക്കെത്തിയ നിതീഷ് റാണ 11 റണ്‍സിലും പുറത്തായി.

50 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. എന്നിട്ടും 242 എന്ന സ്‌കോറിലേക്കെത്താന്‍ രാജസ്ഥാനായി എന്നത് ടീമിന്റെ കരുത്ത് തുറന്ന് കാട്ടുന്നതാണ്. നായകന്‍ സഞ്ജു സാംസണ്‍ കൈവിരലിന് പരിക്കേറ്റിരിക്കുകയായിരുന്നു. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത താരം 37 പന്ത് നേരിട്ട് ഏഴ് ഫോറും നാല് സിക്‌സുമാണ് പറത്തിയത്. ദ്രുവ് ജുറേലിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. 35 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സുമാണ് ജുറേല്‍ അടിച്ചെടുത്തത്.

ഹെറ്റ്‌മെയര്‍ 23 പന്ത് നേരിട്ട് ഒരു ഫോറും നാല് സിക്‌സും പറത്തിയപ്പോള്‍ ശുബം ദുബെ 11 പന്തില്‍ 34 റണ്‍സാണ് നേടിയത്. ഒരു ഫോറും നാല് സിക്‌സും ദുബെ നേടിയത്. ടോപ് ഓഡര്‍ തകര്‍ന്നാലും വലിയ സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ മധ്യനിരക്ക് ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ രാജസ്ഥാന് സാധിച്ചു. ഇത് ടീമിന് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്ന കാര്യമാണ്. ഹൈദരാബാദിന്റെ ബൗളിങ് നിര മികച്ചതാണ്. അതുകൊണ്ടുതന്നെ ഡെത്തോവറുകളിലടക്കം മിന്നിക്കാന്‍ രാജസ്ഥാന് സാധിച്ചത് വലിയ പ്രതീക്ഷ നല്‍കുന്നു.

dhruv jurel

മെച്ചപ്പെടേണ്ടത് ബൗളിങ് നിര

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയാണ് ഇനി മെച്ചപ്പെടേണ്ടത്. ടീം വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ജോഫ്രാ ആര്‍ച്ചറാണ് ഏറ്റവും ദുരന്തമായത്. നാല് ഓവറില്‍ 76 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ന്യൂബോളിലും ഡെത്തോവറിലും ശോഭിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കാതെ പോയി. റണ്‍സ് വിട്ടുകൊടുക്കാന്‍ താരം മടി കാട്ടാത്തത് രാജസ്ഥാന് വരുന്ന മത്സരങ്ങള്‍ക്ക് മുമ്പ് സമ്മര്‍ദ്ദം നല്‍കുന്നു. അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിയെ ടീമിലേക്ക് കൊണ്ടുവന്നത് ന്യൂബോളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

എന്നാല്‍ മൂന്ന് ഓവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. തുഷാര്‍ ദെശപാണ്ഡെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 44 റണ്‍സ് വഴങ്ങി. മഹേഷ് തീക്ഷണ 52 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. രാജസ്ഥാന്റെ ബൗളര്‍മാര്‍ നിലവാരം കാട്ടാത്തതാണ് ടീമിന് അല്‍പ്പം ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ ഹൈദരാബാദിലെ പിച്ച് ബാറ്റിങ്ങിന് പൂര്‍ണ്ണമായും പിന്തുണ ലഭിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ പ്രകടനത്തെ വിലയിരത്തുകയെന്നതും പ്രയാസമാണ്.

ഹൈദരാബാദിന്റെ പേരുകേട്ട ബൗളര്‍മാരും നന്നായി തല്ലുവാങ്ങിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ ബൗളര്‍മാരെക്കാള്‍ നിലവാരം കാട്ടാന്‍ ഹൈദരാബാദിനായി. ആകാശ് മധ് വാളിനെ ജോഫ്രാ ആര്‍ച്ചര്‍ക്ക് പകരം കൊണ്ടുവരുന്നതാവും രാജസ്ഥാന് കൂടുതല്‍ ഗുണം ചെയ്യുക. ആര്‍ച്ചറുടെ ഇക്കോണമി വളരെ മോശമായതിനാല്‍ ഇനിയും താരത്തെ പിന്തുണക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് പറയാനാവില്ല. സമീപകാലത്തെ ആര്‍ച്ചറുടെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു.

സഞ്ജു നായകനാവുന്നതോടെ പ്രശ്‌നം തീരും

ആദ്യത്തെ മൂന്ന് മത്സരത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. സഞ്ജു സാംസണിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു മാറ്റം വരുത്തിയിരിക്കുന്നത്. ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ തോല്‍വി നേരിടാന്‍ കാരണം റിയാന്‍ പരാഗിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്ന് പറയാം. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും മികച്ച ഫീല്‍ഡിങ് വിന്യാസം നടത്താനും പരാഗിനായിട്ടില്ല.

ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള നായകനല്ല പരാഗ്. അത് ആദ്യ മത്സരത്തില്‍ കൃത്യമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നതോടെ രാജസ്ഥാന്റെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്യും. രാജസ്ഥാന്റെ ടീം കരുത്ത് ശക്തമാണെന്ന് തെളിയിക്കാന്‍ ആദ്യ മത്സരത്തിലൂടെത്തന്നെ ടീമിനായിട്ടുണ്ട്. സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ടീമില്‍ ചെറിയ പൊളിച്ചെഴുത്തുകള്‍ നടത്തിയാല്‍ ഇത്തവണ കപ്പിലേക്കെത്താനുള്ള കെല്‍പ്പ് രാജസ്ഥാനുണ്ടെന്ന് തന്നെ പറയാം.

എന്തായാലും ഹൈദരാബാദിനെതിരായ മത്സരം തോറ്റതില്‍ നിരാശയെക്കാള്‍ രാജസ്ഥാന് സന്തോഷമാണെന്ന് തന്നെ പറയാം. മെഗാ ലേലത്തിന് ശേഷം വലിയ മാറ്റങ്ങള്‍ വന്ന രാജസ്ഥാന് തങ്ങളുടെ ദൗര്‍ബല്യവും കരുത്തും തിരിച്ചറിയാന്‍ ഈ മത്സരം സഹായിച്ചുവെന്ന് തന്നെ പറയാം.

Story first published: Monday, March 24, 2025, 7:04 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+