ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പോരാട്ടം കടുക്കവെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ വ്യക്തമാവുകയാണ്. ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. കുമാര്‍ സംഗക്കാരയുടെ പരിശീലനത്തിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന രാജസ്ഥാന് ദ്രാവിഡിന് കീഴില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇത്തവണ മെഗാ ലേലത്തില്‍ത്തന്നെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങിയെന്ന് പറയാം.
ടീമിന്റെ വിശ്വസ്തരായ പല താരങ്ങളേയും രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞു. ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ കൈവിട്ടതാണ് രാജസ്ഥാന്‍ കാട്ടിയ വലിയ മണ്ടത്തരം. സീസണ്‍ തുടങ്ങിയപ്പോള്‍ രാജസ്ഥാനെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിലൊന്ന് സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്. ദ്രാവിഡ് ഏകാധിപത്യ തീരുമാനങ്ങള്‍ എടുത്തതോടെ സഞ്ജുവിന് ടീമില്‍ വിലയില്ലാതായിരിക്കുകയാണ്.
സൂപ്പര്‍ ഓവറില്‍പ്പോലും നായകന്റെ തീരുമാനത്തിന് വിലയില്ലാതെ ആയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ വിടണമെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്. സഞ്ജുവിനെ വളര്‍ത്തിയത് രാജസ്ഥാനാണെങ്കിലും നിലവിലെ തഴയല്‍ നോക്കുമ്പോള്‍ സഞ്ജു രാജസ്ഥാന്‍ വിടണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിടാന്‍ യാതൊരു സാധ്യതയുമില്ല. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.
മറ്റൊരു ടീമിലും നായകസ്ഥാനം ലഭിക്കില്ല
രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവും ദ്രാവിഡും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ സഞ്ജുവിനെത്തന്നെ നായകസ്ഥാനത്ത് നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തയ്യാറാവും. കാരണം സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ ടീമിനുള്ള വലിയ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാവും. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ സ
ഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാനാവില്ലെന്നുറപ്പാണ്.
മറ്റൊരു ടീമിലും രാജസ്ഥാന് നായകസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. മുംബൈ, സിഎസ്‌കെ, കെകെആര്‍ ടീമുകളെല്ലാം സഞ്ജു ലേലത്തിലേക്കെത്തിയാല്‍ ടീമിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവരൊന്നും സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ തയ്യാറായേക്കില്ല. മലയാളി താരമായ സഞ്ജുവിനെ പിന്തുണക്കാന്‍ പ്രമുഖരില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ സൂപ്പര്‍ ടീമുകള്‍ തയ്യാറാവില്ല. ഇത് സഞ്ജുവിനും നന്നായി അറിയാം.
രാജസ്ഥാന്‍ റോയല്‍സ് വിട്ടാല്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവും. ഇത് താരത്തിന്റെ പ്രതിഫലത്തിലും താരമൂല്യത്തിലും കുറവുണ്ടാക്കും. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനാവും താല്‍പര്യം കാട്ടുക. ദ്രാവിഡുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച് മുന്നോട്ട് പോകാനാവും സഞ്ജു ശ്രമിക്കുക. രാജസ്ഥാന്‍ വിടുന്ന കാര്യം അദ്ദേഹം ചിന്തിക്കില്ലെന്ന കാര്യം ഉറപ്പാണ്.

വൈകാരികമായി ടീമുമായുള്ള ബന്ധം
സഞ്ജു സാംസണിന് രാജസ്ഥാന്‍ റോയല്‍സിനോട് വൈകാരികമായ ബന്ധമുണ്ട്. സഞ്ജുവിന് ഇത്തരമൊരു കൂടുമാറ്റം നടത്തണമെങ്കില്‍ അത് നേരത്തെ ചെയ്യാമായിരുന്നു. വമ്പന്‍ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അന്ന് അതിന് തയ്യാറാവാതെ ഇരുന്നതിന് കാരണം രാജസ്ഥാന്‍ ടീമിനോടുള്ള വൈകാരികമായ അടുപ്പമായിരുന്നു. തന്നെ വളര്‍ത്തിയ ടീമിനൊപ്പം തുടരണമെന്ന ആഗ്രഹമാണ് സഞ്ജു തുറന്ന് പറഞ്ഞത്.
ദ്രാവിഡ് സഞ്ജുവിനെ സംബന്ധിച്ച് ഗുരുതുല്യനാണ്. സഞ്ജുവിനെ വളര്‍ത്തിയതിന് പിന്നില്‍ ദ്രാവിഡിന്റെ പങ്ക് വലുതാണ്. ദ്രാവിഡുമായി ഉടക്കി ടീം വിട്ടാല്‍ സഞ്ജുവിന് അത് ചീത്തപ്പേരാവും. അത് പല തരത്തിലും താരത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ വിടാന്‍ യാതൊരു സാധ്യതയും നിലവിലില്ലെന്നതാണ് വസ്തുത. സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുന്നതാണ് നിലവിലെ സാഹചര്യത്തിലും ടീമിനും താരത്തിനും നല്ലതെന്ന് തന്നെ പറയാം.