മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. പഞ്ചാബിന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 205 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്‌സിന് ഒമ്പത് വിക്കറ്റിന് 155 റണ്‍സാണ് നേടാനായത്.
ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും സഞ്ജു സാംസണ്‍ നടത്തിയ മികച്ച പ്രകടനം രാജസ്ഥാന്റെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായി. പഞ്ചാബിന്റെ തട്ടകമായ മുല്ലാന്‍പുറില്‍ 200 റണ്‍സ് നേടുന്ന ആദ്യത്തെ ടീമായി രാജസ്ഥാന്‍ റോയല്‍സ് മാറിയിരിക്കുകയാണ്. പഞ്ചാബിനെതിരേ രാജസ്ഥാന്‍ ആധിപത്യ ജയം നേടിയെങ്കിലും മത്സരത്തിലുടെനീളം സഞ്ജു സാംസണെ അല്‍പ്പം ദേഷ്യത്തോടെയാണ് കണ്ടത്. പതിവില്‍ നിന്ന് വിപരീതമായി അല്‍പ്പം ദേഷ്യത്തോടെയാണ് സഞ്ജു മത്സരത്തിലിറങ്ങിയത്. ഇത് സഞ്ജു കളത്തില്‍ കാട്ടുകയും ചെയ്തു.
വിക്കറ്റിന് പിന്നാലെ ബാറ്റ് വലിച്ചെറിഞ്ഞു
ആദ്യ മൂന്ന് മത്സരത്തിലും നായകനല്ലാതിരുന്ന സഞ്ജു നാലാം മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ശക്തരായ പഞ്ചാബിനെതിരേ എന്ത് വിലകൊടുത്തും ടീമിനെ ജയിപ്പിക്കേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമായിരുന്നു. ഇതിന്റെ സമ്മര്‍ദ്ദം സഞ്ജുവില്‍ പ്രകടമായിരുന്നു. ഓപ്പണിങ്ങിലിറങ്ങി യശ്വസി ജയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഒന്നാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 89 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സഞ്ജുവിനായി.
പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാതെ മോശം പന്തുകളെ ആക്രമിച്ച് റണ്‍സുയര്‍ത്താനാണ് സഞ്ജു സാംസണ്‍ ശ്രമിച്ചത്. 26 പന്ത് നേരിട്ട് 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 146.15 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചാണ് സഞ്ജു പുറത്തായത്. എന്നാല്‍ പുറത്തായതിന് പിന്നാലെ സഞ്ജു ബാറ്റ് മുകളിലേക്ക് എറിയുകയായിരുന്നു. ബാറ്റ് നിലത്തേക്കിട്ട് സഞ്ജു നിരാശ പ്രകടിപ്പിക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം.
എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ്‍ ഇത്തരത്തില്‍ നിരാശ പ്രകടിപ്പിച്ചത് എല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു. എന്തുകൊണ്ടാണ് സഞ്ജു ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്നാണ് ആരാധകര്‍ക്ക് കൗതുകമാകുന്നത്. സഞ്ജുവിന്റെ സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ ബാറ്റ് വലിച്ചെറിയാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് പറയാം. അതിവേഗം റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ ശ്രമമാണ് ക്യാച്ചില്‍ അവസാനിച്ചത്. ഷോട്ട് ഉദ്ദേശിച്ചതുപോലെ പോകാത്തതും രാജസ്ഥാന്‍ നായകനെ നിരാശനാക്കി.

സഞ്ജുവിന്റെ നീക്കങ്ങളെല്ലാം കിടിലന്‍
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന്റെ മത്സരത്തിലെ നീക്കങ്ങളെല്ലാം ഗംഭീരമായിരുന്നുവെന്ന് പറയാം. ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവും ക്യാപ്റ്റന്‍സിയുമെല്ലാം കിടിലനായിരുന്നുവെന്ന് തന്നെ പറയാം. രാജസ്ഥാനെ വമ്പന്‍ ജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. പഞ്ചാബിന്റെ തട്ടകത്തില്‍ ഇത്തരമൊരു അനായാസ ജയം നേടിയെടുക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ ജയത്തിന് ആവേശം ഉയരും.
മോശം ഫോമിലുണ്ടായിരുന്ന താരങ്ങളെക്കൂടി ഫോമിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. യശ്വസി ജയ്‌സ്വാളിന്റെ ആദ്യത്തെ മൂന്ന് മത്സരത്തിലെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ ജയ്‌സ്വാളിന് ഫോം വീണ്ടെടുക്കാനായി. റിയാന്‍ പരാഗിന്റേയും പ്രകടനം മെച്ചപ്പെട്ടു. ജോഫ്രാ ആര്‍ച്ചറുടെ ബൗളിങ് പ്രകടനവും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സഞ്ജു നായകനായതോടെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത.
വിജയം തുടരുമോ രാജസ്ഥാന്‍
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. നാല് മത്സരത്തില്‍ നിന്ന് രണ്ട് ജയവും തോല്‍വിയുമാണ് രാജസ്ഥാന്‍ നേരിട്ടത്. പ്ലേഓഫ് മുന്നില്‍ക്കണ്ട് മുന്നേറാന്‍ ഇനിയും തുടര്‍ ജയങ്ങള്‍ രാജസ്ഥാന് അത്യാവശ്യമാണ്. ക്യാപ്റ്റനെന്ന നിലയില്‍ രാജസ്ഥാനെ മുന്നില്‍ നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരതയോടെ എത്ര മത്സരത്തില്‍ മുന്നോട്ട് പോകാനാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.