ജയ്പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ ബാറ്റിങ് പൊസിഷന്‍ മാറാനുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍. പരിക്കു ഭേദമായി ടീമിലേക്കുതിരിച്ചെത്തിയ അദ്ദേഹം ഓപ്പണിങ് റോള്‍ വിട്ട് മൂന്നാം നമ്പറിലേക്കാണ് മാറിയത്. കൗമാര താരം വൈഭവ് സൂര്യവംശിക്കു വേണ്ടിയാണ് തന്റെ ഓപ്പണിങ് റോള്‍ സ്ഞ്ജു വിട്ടുകൊടുത്തത്.
പരിക്കു കാരണം തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ നഷ്ടമായ ശേഷമാണ് അദ്ദേഹം ഈ കളിയില്‍ ടീമിലേക്കു മടങ്ങിയെത്തിയത്. നേരത്തേ കളിച്ച ഏഴു മല്‍സരങ്ങളിലും ഓപ്പണറായാണ് സഞ്ജു ബാറ്റ് വീശിയത്. മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിനായിരുന്നു. ഇതിനിടെയാണ് പരിക്കു കാരണം താരത്തിനു കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായത്.

എന്തുകൊണ്ട് ഓപ്പണിങ് വിട്ടുകൊടുത്തു?
വൈഭവ് സൂര്യവംശിക്കു വേണ്ടി എന്തുകൊണ്ടു ഓപ്പണിങ് റോള്‍ താന്‍ വിട്ടുകൊടുത്തുവെന്നതിനെക്കുറിച്ച് ടോസിനു ശേഷം സഞ്ജു തുറന്നു പറഞ്ഞിരുന്നു. വൈഭവ് സൂര്യവംശി ഇപ്പോള്‍ എവിടെയാണോ ബാറ്റ് ചെയ്യുന്നത് അതിനെ ഞാന്‍ ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഞങ്ങള്‍ക്കു വേണ്ടി നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ഞാന്‍ ബാറ്റിങില്‍ താഴേക്കു ഇറങ്ങുമെന്നായിരുന്നു തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജു വ്യകതമാക്കിയത്.
അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിക്കിടെ സഞ്ജുവിനേറ്റ പരിക്കാണ് വെറും 14 വയസ് മാത്രമുള്ള വൈഭവിനു ഐപിഎല്‍ അരങ്ങേറ്റത്തിവു വഴി തുറന്നത്. തനിക്കു ലഭിച്ച അവസരം താരം ശരിക്കു മുതലാക്കുകയും ചെയ്തു. കരിയറിലെ മൂന്നാമത്തെ കളിയില്‍ തന്നെ വൈഭവ് തീപ്പൊരി സെഞ്ച്വറിയും കുറിച്ചു. വെറും 35 ബോളുകളില്‍ നിന്നായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 209.45 സ്‌ട്രൈക്ക് റേറ്റില്‍ 155 റണ്‍സാണ് വൈഭവിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്.

ആരാധകര്‍ക്കു നിരാശ
രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ ഓപ്പണിങ് റോള്‍ വിട്ടുകൊടുക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍.
14 വയസ്സ് മാത്രമുള്ള ഒരാള്‍ക്കു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണിങ് റോള്‍ ത്യജിച്ചിരിക്കുകയാണ്. എങ്കിലും ചില ആളുകള്‍ അദ്ദേഹത്തെ സ്വാര്‍ഥനെന്നു വിളിക്കാറുണ്ട്. സഞ്്ജുവിന്റെ തീരുമാനത്തോടു യോജിക്കുന്നില്ല. അദ്ദേഹം ഓപ്പണറായി തന്നെയാണ് കളിക്കേണ്ടത്. ഇന്ത്യക്കു വേണ്ടി ഓപ്പണറായി മൂന്നു സെഞ്ച്വറികളടിച്ച താരമാണ് സഞ്ജു. പിന്നെ എന്തിനാണ് ഐപിഎല്ലില്‍ അദ്ദേഹം മൂന്നിലേക്കു മാറിയതെന്നും ആരാധകര്‍ ചോദിക്കുന്നു.
സഞ്ജു സാംസണ്‍ എത്ര വലിയ അബദ്ധമാണ് കാണിച്ചിരിക്കുന്നത്? പരിക്കേറ്റ് ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പുറത്താവും മുമ്പ് ഓപ്പണറായി ഇറങ്ങിയ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു. പരിക്കേറ്റില്ലായിരുന്നെങ്കില്‍ സഞ്ജുവിന്റെ അക്കൗണ്ടില്‍ വലിയ സ്‌കോര്‍ തന്നെ നമുക്കു കാണാമായിരുന്നു.
ഇന്ത്യന്‍ ടി20 ടീമില്‍ അദ്ദേഹം ഓപ്പണിങ് റോള്‍ ഭദ്രമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്നു പരമ്പരയ്ക്കിടെ മൂന്നു സെഞ്ച്വറിയും അദ്ദേഹം വാരിക്കൂട്ടി. രാജസ്ഥാന്‍ റോയല്‍സിലും ഈ റോള്‍ സഞ്ജു അരക്കിട്ടുറപ്പിക്കണമായിരുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു.
ടി20യില്‍ നിലവില്‍ ഇന്ത്യയുടെ ബെസ്റ്റ് ഓപ്പണറായ സഞ്ജു സാംസണ്‍ ഓപ്പണിങ് റോള്‍ ഒരു 14 കാരനു വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനു പിന്നില്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായിരുന്നതായി തോന്നുന്നില്ല. സഞ്ജു തന്നെയാവാം ഇത്തരമൊരു വലിയ തീരുമാനമെടുത്തത്. പക്ഷെ അദ്ദേഹം ഇതു ചെയ്യേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.