മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലികളായ താരങ്ങളുടെ നിരയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടി20യില്‍ ഒരേ സമയം മൂന്നോ നാലോ ടീമിനെ സൃഷ്ടിക്കാനുള്ള കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാം. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് വളരെയധികം കൂടിയിട്ടുണ്ട്. മികച്ച താരങ്ങളേയും നായകന്മാരേയും സൃഷ്ടിക്കാന്‍ ഐപിഎല്ലിലൂടെ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ നായകന്മാരെല്ലാം ഐപിഎല്ലിലൂട വളര്‍ന്നുവന്നവരാണെന്ന് പറയാം.
രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കപ്പിലേക്കെത്തിച്ചാണ് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം നായകനെന്ന നിലയില്‍ മികവ് തെളിയിച്ചത് ഐപിഎല്ലിലൂടെയാണ്. ഐപിഎല്ലില്‍ സമീപകാലത്തായി മികച്ച പ്രകടനങ്ങള്‍ നടത്തിയ മിക്ക നായകന്മാരും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് ഒരു തവണയെങ്കിലും എത്തിയിട്ടുള്ളതായി കാണാനാവും.
എന്നാല്‍ ആരാധകര്‍ വളരെയധികം പ്രതീക്ഷിക്കുന്ന ഒന്നാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ ശോഭിക്കുന്ന സഞ്ജു ഒരിക്കലെങ്കിലും ഇന്ത്യന്‍ ടീമിന്റെ നായകനാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ സഞ്ജു ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഒരിക്കലും ഉയരില്ല. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജുവിനെ പിന്തുണക്കാന്‍ പ്രമുഖരില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമെന്നത് അത്ര എളുപ്പത്തില്‍ ലഭിക്കുന്ന പദവിയല്ല. ഈ സ്ഥാനം നേടിയെടുക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് മാത്രം പോരാ. പ്രമുഖരുടെ പിന്തുണകൂടി ആവശ്യമാണ്. സഞ്ജുവിനെ പിന്തുണക്കാന്‍ ഇത്തരത്തില്‍ പ്രമുഖരില്ലെന്നതാണ് പ്രധാന പ്രശ്‌നം. സഞ്ജു കേരളക്കാരനായ താരമാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷന്റെ താരമായിരുന്നെങ്കില്‍ സഞ്ജുവിന് ഇന്ത്യയുടെ നായകനാവുക അസാധ്യമാകില്ല.
എന്നാല്‍ ഇപ്പോള്‍ കേരളക്കാരനായതിനാല്‍ സഞ്ജുവിനെ പിന്തുണക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം മികവിനെക്കാളേറെ ആരാധക പിന്തുണ കണ്ടിട്ടാണ്. സഞ്ജു കേരളത്തിന്റെ നായകനെന്ന നിലയില്‍ കാര്യമായ പ്രകടനം നടത്താത്ത താരമാണ്. എന്നാല്‍ വലിയ ആരാധക പിന്തുണ സഞ്ജുവിന് അവകാശപ്പെടാം.
ഇത് രാജസ്ഥാന് ഗുണമാകുന്നതിനാലാണ് നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇത് ആവശ്യമില്ലാത്തതിനാല്‍ സഞ്ജുവിനെ ഇന്ത്യ ക്യാപ്റ്റനാക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

സഞ്ജുവിന് ഐപിഎല്‍ കിരീടം നേടാനായിട്ടില്ല
സഞ്ജുവിനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഒരിക്കലെങ്കിലും പരിഗണിക്കണമെന്ന ആവശ്യം പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനുള്ള അര്‍ഹതയിലേക്ക് സഞ്ജു എത്തിയിട്ടില്ലെന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. രാജസ്ഥാനെ ഒരു സീസണില്‍ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കിരീടമെന്നത് ഇപ്പോഴും സഞ്ജുവിന് അന്യമാണ്.
ഇത്തവണ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്താന്‍ സഞ്ജുവിന് എളുപ്പമാവില്ല. ഇന്ത്യയുടെ രണ്ടാം നിര ടീമിനെ നയിക്കാനെങ്കിലും സഞ്ജുവിന് അവസരം ലഭിക്കണമെങ്കില്‍ ഐപിഎല്ലില്‍ ആദ്യം കപ്പടിപ്പിക്കണം. കപ്പിലേക്കെത്തിച്ചാല്‍ മാത്രം പോരാ ബാറ്റുകൊണ്ടും സ്ഥിരതയോടെ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
സഞ്ജുവിനെക്കാള്‍ മിടുക്കുകാട്ടുന്നവരുണ്ട്
ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണിനെക്കാള്‍ യോഗ്യനായ നിരവധി താരങ്ങളുണ്ടെന്ന് തന്നെ പറയാം. സഞ്ജുവിന് ഇപ്പോള്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലാം മറികടക്കേണ്ടതായുണ്ട്. ഇതിനുള്ള മികവ് സഞ്ജുവിനുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമെന്നത് സ്വപ്‌നം മാത്രമായിരിക്കുമെന്ന് തന്നെ പറയാം.