വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 10ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വമ്പന്‍ തുടക്കം പ്രതീക്ഷിച്ച ഹൈദരാബാദിന് ഇത്തവണ തുടക്കം പിഴച്ചു. ട്രാവിസ് ഹെഡുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് അഭിഷേക് ശര്‍മ റണ്ണൗട്ടായി. ഒരു പന്ത് നേരിട്ട് ഒരു റണ്‍സാണ് അഭിഷേക് നേടിയത്.
മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷനും നിരാശപ്പെടുത്തി മടങ്ങിയിരിക്കുകയാണ്. രണ്ടാം ഓവറില്‍ മുകേഷ് കുമാറിന് മുന്നില്‍ എല്‍ബി ആകാതെ ഇഷാന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. എന്നാല്‍ ഈ ഭാഗ്യം മുതലാക്കാന്‍ താരത്തിനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്‌സറിന് ശ്രമിച്ച ഇഷാന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇത്തവണ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് ടീമിലെത്തിച്ച താരമാണ് ഇഷാന്‍. ആദ്യ മത്സരത്തില്‍ വമ്പന്‍ സെഞ്ച്വറിയോടെ താരം പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്.
സ്ഥിരത കാട്ടാതെ ഇഷാന്‍
ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്‍ കിഷന് ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഇഷാന്‍ സ്വപ്‌നം കണ്ടിരുന്നത്. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ഇഷാന്‍ കരുത്തുകാട്ടിയത്. ഹൈദരാബാദിനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ മിന്നിക്കാന്‍ ഇഷാന് സാധിച്ചു. 47 പന്തില്‍ 106 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. 11 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇഷാന്റെ വെടിക്കെട്ട്.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഇഷാന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും ഡെക്കിനാണ് താരം മടങ്ങിയത്. ലെഗ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ചാണ് ഇഷാന്റെ മടക്കം. മൂന്നാം മത്സരത്തില്‍ ഇഷാന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചപ്പോള്‍ വെറും രണ്ട് റണ്‍സില്‍ താരം മടങ്ങിയിരിക്കുകയാണ്. ഇഷാന്‍ സ്ഥിരതയോടെ കളിക്കാത്തത് താരത്തിന് വലിയ തിരിച്ചടിയാണ് നല്‍കുകയെന്നുറപ്പ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന ഇഷാന്റെ മോഹം ഇത് തകര്‍ക്കുമെന്നുറപ്പാണ്.

ഇഷാന് സ്ഥിരത കാട്ടാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് എളുപ്പമാവില്ല. സഞ്ജു സാംസണേയും റിഷഭ് പന്തിനേയും ജിതേഷ് ശര്‍മയേയും മറികടന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാമെന്നാണ് ഇഷാന്‍ പ്രതീക്ഷിക്കുന്നത്. അതിന് ഈ പ്രകടനം മതിയാവില്ലെന്നുറപ്പ്.
ബിസിസി ഐ കരാറിലേക്കെത്തുകയും കടുപ്പം
നിലവില്‍ ബിസിസി ഐ കരാറിന് പുറത്തുള്ള താരമാണ് ഇഷാന്‍. ഇന്ത്യ ഇഷാന്‍ കിഷനെ വീണ്ടും ടീമിലേക്കും കരാറിലേക്കും പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ ഇതിനിടെയാണ് താരത്തിന്റെ മോശം പ്രകടനം വരുന്നത്. സ്ഥിരതയില്ലാത്ത ഇഷാന്റെ പ്രകടനം കാരണം താരത്തിന് ബിസിസി ഐ കരാര്‍ നഷ്ടമാവാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. ഇഷാനെ ഇന്ത്യന്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടില്ല.
ആഭ്യന്തര മത്സരം കളിക്കാന്‍ തയ്യാറാവാത്തതിനാണ് ഇഷാനെ ബിസിസി ഐ കരാറില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും ഇഷാനെ വലിയ താല്‍പര്യമില്ല. മുംബൈ ഇന്ത്യന്‍സ് വിട്ടതിനാല്‍ ഈ മുന്‍തൂക്കവും ഇഷാന് ലഭിക്കില്ല. കളിച്ച് മികവ് കാട്ടി തിരിച്ചുവരിക എന്നത് മാത്രമാണ് ഇഷാന് മുന്നിലുള്ള ഏക വഴി. എന്നാല്‍ താരത്തിന് സ്ഥിരതയോടെ കളിക്കാനാവാത്തതും വലിയ തിരിച്ചടി നല്‍കാനാണ് സാധ്യത കൂടുതല്‍.
സഞ്ജു സാംസണ്‍ ഹാപ്പി
ഇഷാന്‍ കിഷന്‍ മികവ് കാട്ടാത്തത് സഞ്ജു സാംസണിന് ഗുണകരമാവുമെന്നുറപ്പാണ്. നിലവില്‍ ടി20 ഓപ്പണര്‍ സ്ഥാനത്താണ് സഞ്ജു സാംസണുള്ളത്. മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സ്ഥിരത സഞ്ജുവിന്റേയും പ്രശ്‌നമാണ്. ഇഷാന്‍ രാജസ്ഥാനെതിരേ സെഞ്ച്വറി നേടിയത് സഞ്ജുവിന് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ഫ്‌ളോപ്പാവുകയും സ്ഥിരത നഷ്ടമാവുകയും ചെയ്തത് സഞ്ജു സാംസണിന് ഗുണകരമായി മാറുമെന്നുറപ്പാണ്.