അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ സ്ഥിരതകൊണ്ട് ഞെട്ടിക്കുകയാണ് സായ് സുദര്‍ശന്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടം കൈയന്‍ ഓപ്പണറായ സായി തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ കുറച്ച് സീസണുകളിലായി കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും സുദര്‍ശന്‍ മികവ് കാട്ടുന്നുണ്ട്. വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള സായി സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചിലും മികച്ച സ്‌കോര്‍ നേടാന്‍ മിടുക്കനാണ്.
രാജസ്ഥാന്‍ റോയല്‍സിനെതിരേയും വെടിക്കെട്ട് പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്. 53 പന്ത് നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. തുടക്കത്തിലേ ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായിട്ടും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സായിക്കായി. ഇന്ത്യ ഏകദിനത്തില്‍ കളിപ്പിച്ചെങ്കിലും കാര്യമായ പരിഗണന സായ് സുദര്‍ശന് നല്‍കിയിട്ടില്ല. ടി20 ലോകകപ്പ് വരാനിരിക്കെ സായ് സുദര്‍ശന്റെ തകര്‍പ്പന്‍ പ്രകടനത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ ഇന്ത്യന്‍ പരിശീലകനും സെലക്ടര്‍മാര്‍ക്കും ആകില്ലെന്ന് തന്നെ പറയാം.
സഞ്ജുവിനും ജയ്‌സ്വാളിനും ഭീഷണി
ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍മാരാണ് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും. ഇവര്‍ക്കാണ് ഓപ്പണര്‍ റോളില്‍ നിലവില്‍ ഇന്ത്യ അവസരം നല്‍കുന്നത്. എന്നാല്‍ സായ് സുദര്‍ശന്‍ മിന്നിക്കുമ്പോള്‍ ഇനിയും താരത്തെ അവഗണിക്കാനാവില്ലെന്ന് തന്നെ പറയാം. പ്രകടനംകൊണ്ടാണ് സായി ഇന്ത്യന്‍ ടീമില്‍ അവസരം തേടുന്നത്. ഐപിഎല്ലില്‍ 30 ഇന്നിങ്‌സ് കഴിയുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സായ് സുദര്‍ശന്‍. 1307 റണ്‍സാണ് താരം നേടിയത്. 1338 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് മാത്രമാണ് സായ് സുദര്‍ശന് മുന്നിലുള്ളത്. ക്രിസ് ഗെയ്ല്‍ പോലും 1141 റണ്‍സാണ് 30 ഇന്നിങ്‌സില്‍ നേടിയത്.
കുറഞ്ഞത് 1000 റണ്‍സെടുത്ത താരങ്ങളില്‍ കൂടുതല്‍ മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റും സായ് സുദര്‍ശനാണുള്ളത്. 48.40 ശരാശരിയും 141.6 സ്‌ട്രൈക്ക് റേറ്റുമാണ് സായിക്കുള്ളത്. ഇന്ത്യ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരങ്ങളെയാണ് ടീമിലേക്ക് പരിഗണിക്കുന്നത്. സായ് പതിയെ തുടങ്ങി ആക്രമിക്കുന്ന താരമാണെന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ആക്രമിച്ച് സായ് ഈ പിഴവും നികത്തിയിരിക്കുകയാണ്.
യശ്വസി ജയ്‌സ്വാളിനും അഭിഷേക് ശര്‍മക്കും സഞ്ജു സാംസണിനും സ്ഥിരതയോടെ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ സായ് സുദര്‍ശനെ ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്.

ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരം
സായ് സുദര്‍ശന്റെ പ്രധാന സവിശേഷത ക്ലാസിക് ഷോട്ടുകളാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സായ് സുദര്‍ശന്‍. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ സായിക്ക് സാധിക്കുന്നുണ്ട്. അപ്പര്‍ കട്ട് ഷോട്ടുകളും നന്നായി വഴങ്ങുന്ന ബാറ്റ്‌സ്മാനാണ് സായ് സുദര്‍ശന്‍. വലിയ ഇന്നിങ്‌സ് കളിക്കുന്നുവെന്നതാണ് സായ് സുദര്‍ശനെ വ്യത്യസ്തനാക്കുന്നത്.
വലിയ ഇന്നിങ്‌സ് കളിക്കുകയെന്നത് ടി20യില്‍ എളുപ്പമല്ല. സ്ഥിരതയോടെ ഇത് സാധ്യമാക്കുന്നു എന്നതാണ് സായിയുടെ കരുത്ത്. താരത്തിന്റെ അവസാന 9 ഇന്നിങ്‌സിലെ സ്‌കോര്‍ തന്നെ ഇത് വ്യക്തമാക്കും. 65, 84*, 6, 103, 74, 63, 49, 5, 82 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. രണ്ട് ഇന്നിങ്‌സിലൊഴികെ ഏഴ് ഇന്നിങ്‌സിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സായിക്കായി. ആറ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് അവസാന ഒമ്പത് ഇന്നിങ്‌സിലെ സായ് സുദര്‍ശന്റെ നേട്ടം. ഇത് അത്ഭുതകരമായ കണക്കാണെന്ന് പറയാം.
മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാം
മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് സായ് സുദര്‍ശന്‍. ഇന്ത്യ എ ടീമിനൊപ്പം വിദേശത്തടക്കം മികവ് കാട്ടാന്‍ സായ് സുദര്‍ശന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇന്ത്യ മികച്ച യുവ പ്രതിഭകളെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. സായിക്ക് വിളിയെത്താന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് സായിയെന്ന് നിസംശയം പറയാം.