ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് പ്രതീക്ഷിച്ചപോലൊരു തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും (13) യശ്വസി ജയ്‌സ്വാളിനും (29) നായകന്‍ റിയാന്‍ പരാഗിനും (25) കാര്യമായൊരു പ്രകടനം നടത്താനായില്ല. ടോപ് ഓഡറിന് അടിത്തറ പാകാന്‍ സാധിക്കാതെ പോയതോടെ മധ്യനിരയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. നിതീഷ് റാണയും (8) വനിന്‍ഡു ഹസരങ്കയും (4) മധ്യനിരയില്‍ ഫ്‌ളോപ്പായി.
രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് നിര തീര്‍ത്തും നിലവാരമില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. സഞ്ജു സാംസണ്‍ പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്തതിനാല്‍ നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണ്. ഇതിന്റെ തിരിച്ചടി ഇപ്പോള്‍ രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പറയാം. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ തകര്‍ച്ചക്ക് പിന്നാലെ താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ക്യാപ്റ്റനായ ശേഷമുള്ള പരാഗിന്റെ ചില പൊളിച്ചെഴുത്തുകളാണ് ടീമിന്റെ ടോപ് ഓഡറിന്റെ കരുത്ത് നഷ്ടപ്പെടുത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പരാഗ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
മധ്യനിര താരം എന്തിന് മൂന്നാം നമ്പറില്‍
അവസാന സീസണില്‍വരെ അഞ്ചാം നമ്പറിലോ അതിന് താഴെയോയാണ് റിയാന്‍ പരാഗ് ബാറ്റ് ചെയ്തിരുന്നത്. ഫിനിഷര്‍ റോളിലായിരുന്നു പരാഗിനെ പരിഗണിച്ചിരുന്നതെന്ന് പറയാം. ആഭ്യന്തര ക്രിക്കറ്റിലും താരം കൂടുതല്‍ ശോഭിച്ചത് മധ്യനിരയിലാണ്. എന്നാല്‍ നായകസ്ഥാനം ലഭിച്ചതോടെ മൂന്നാം നമ്പറിലേക്ക് താരം ബാറ്റിങ് സ്ഥാനം മാറ്റുകയായിരുന്നു. തകര്‍ത്തടിക്കുന്ന താരമാണ് പരാഗെങ്കിലും ഇന്നിങ്‌സ് കെട്ടിപ്പടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവില്ല.

മൂന്നാം നമ്പറില്‍ കളിക്കുന്ന താരം ഇത്തരമൊരു റോള്‍ ചെയ്യാന്‍ കഴിവുള്ളവനാവണം. അതുകൊണ്ടുതന്നെ പരാഗിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നത് തെറ്റായ തീരുമാനമാണ്. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും പുറത്താവുന്നതോടെ സമ്മര്‍ദ്ദത്തിലാവുന്ന താരത്തെയോ വിക്കറ്റ് വലിച്ചെറിയുന്ന താരത്തെയോ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതില്‍ കാര്യമില്ല. ഹൈദരാബാദിനെതിരേ ഫ്‌ളോപ്പായ പരാഗ് കെകെആറിനെതിരേ 15 പന്തില്‍ 25 റണ്‍സെടുത്താണ് പുറത്തായത്.
മൂന്ന് സിക്‌സര്‍ പറത്തിയെങ്കിലും നായകന്റെ ഇന്നിങ്‌സായിരുന്നു ഇതെന്ന് പറയാനാവില്ല. പരാഗ് മൂന്നാം നമ്പറില്‍ കളിക്കുന്നത് രാജസ്ഥാന്റെ ബാറ്റിങ് കരുത്തിനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.
നിതീഷിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന താരമാണ് നിതീഷ് റാണ. മൂന്നാം നമ്പറിലും മധ്യനിരയിലും ഒരുപോലെ മികവ് കാട്ടാന്‍ ശേഷിയുള്ള നിതീഷിന് കൂട്ടുകെട്ട് സൃഷ്ടിച്ച് ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായ ശൈലിയില്‍ കളിക്കാനാവാതെ നിതീഷ് പ്രയാസപ്പെടുകയാണ്. മൂന്നാം നമ്പറില്‍ കളിച്ചാല്‍ ന്യൂബോളില്‍ മികവ് കാട്ടാനും നിലയുറപ്പിച്ച് പിന്നീട് കടന്നാക്രമിക്കാനും നിതീഷിനാവും.
സ്പിന്നര്‍മാരെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ് നിതീഷ്. അതുകൊണ്ടുതന്നെ റിയാന്‍ പരാഗിനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റി നിതീഷ് റാണയെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരികയും പരാഗിനെ പഴയതുപോലെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്നതാണ് നല്ലത്. നാലാം നമ്പറിലേക്ക് ദ്രുവ് ജുറേലിനെ കൊണ്ടുവരുന്നത് രാജസ്ഥാന് ഗുണകരമായി മാറിയേക്കും. എന്തായാലും പരാഗിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം.
സഞ്ജു ക്യാപ്റ്റനായാല്‍ എല്ലാം ശരിയാവും
മെഗാ ലേലത്തില്‍ വലിയ അഴിച്ചുപണികള്‍ നടന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പല പ്രശ്‌നങ്ങളും ടീമിനെ വേട്ടയാടുന്നുണ്ട്. പുതിയ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. എന്നാല്‍ സഞ്ജു സാംസണ്‍ നായകനായി എത്തുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മത്സരത്തിലാണ് പരാഗ് നായകനാവുന്നത്. ഇതിനുള്ളില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് സഞ്ജുവിന് നായകസ്ഥാനത്തേക്ക് തിരിച്ചെത്താനാവുമോയെന്നത് കണ്ടറിയാം.