Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് സഞ്ജുവിനോട് മുട്ടാന്‍ നില്‍ക്കേണ്ട! ടി20 ടീമിലെത്താന്‍ ഒരു വഴി; നിര്‍ദേശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. പിന്നാലെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന തീപാറും പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. പല താരങ്ങള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്ലില്‍ മിന്നിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം നോട്ടമിട്ട് നിരവധി താരങ്ങളാണ് ഇത്തവണ ഇറങ്ങുന്നത്. നിലവില്‍ ടി20യിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുള്ളത് സഞ്ജു സാംസണാണ്. ഓപ്പണറായി കളിക്കുന്ന സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുകയും ചെയ്തു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജു സാംസണിന് സീറ്റ് ഉറപ്പ് പറയാനാവില്ല. സഞ്ജു മിന്നിച്ചതോടെ റിഷഭ് പന്ത് നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണുള്ളത്.

ഇത്തവണത്തെ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവാണ് റിഷഭ് ലക്ഷ്യമിടുന്നത്. എന്നാല്‍ റിഷഭ് സഞ്ജു സാംസണോട് മത്സരിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാനുള്ള വഴിയും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

മധ്യനിരയില്‍ മികവ് കാട്ടാന്‍ ശ്രമിക്കൂ

സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളിലാണ് മിന്നിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സീറ്റ് നോട്ടമിട്ട് റിഷഭ് ടോപ് ഓഡറില്‍ കളിക്കേണ്ടതില്ലെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിലേക്കെത്താന്‍ റിഷഭ് സഞ്ജുവിനോട് മത്സരിച്ചിട്ട് കാര്യമില്ല. പകരം മധ്യനിരയില്‍ തിളങ്ങാന്‍ ശ്രമിക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. റിഷഭ് നേരത്തെ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഇപ്പോള്‍ ഓപ്പണര്‍ റോളിലേക്ക് താരത്തെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത.

'റിഷഭ് പന്തിന് മുന്നില്‍ വലിയ അവസരമാണുള്ളത്. അവന്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിലെ നിര്‍ണ്ണായക ഘടകമല്ലാത്തതിനാലാണ് ഞാന്‍ ഇത് പറയുന്നത്. ഇത്രയും മികച്ച താരത്തിന് ടി20 ടീമില്‍ ഇടമില്ലാത്തത് എന്തുകൊണ്ടാണെന്നത് പല ആരാധകര്‍ക്കും ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഇത് നിന്റെ സീസണാണ്. സ്‌കോര്‍നേടി കാട്ടുക. അപ്പോള്‍ എല്ലാവരും ഞെട്ടും. എവിടെ ബാറ്റ് ചെയ്യണമെന്നതാണ് വലിയ ചോദ്യം. സഞ്ജു സാംസണുമായി മത്സരിക്കാന്‍ നില്‍ക്കേണ്ട.

നിന്റേതായ സ്ഥാനം നേടിയെടുക്കുകയാണ് വേണ്ടത്. മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുന്നതാണ് കൂടുതല്‍ നന്നാവുക. മികച്ച തുടക്കമാണ് ലഭിക്കുന്നതെങ്കില്‍ മൂന്നാം നമ്പറില്‍ തുടരുക' ആകാശ് ചോപ്ര പറഞ്ഞു.

rishabh pant

റിഷഭിന് പിഴച്ചത് എവിടെ?

റിഷഭ് പന്ത് എത്രത്തോളം പ്രതിഭയുള്ളവനാണെന്ന് ഇനി തെളിയിക്കേണ്ടതായില്ല. താരത്തിന്റെ മികവ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തല്ലിത്തകര്‍ക്കുന്ന റിഷഭ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനുമാണ്. എന്നാല്‍ റിഷഭിനെ ഇന്ത്യ ടി20യില്‍ നിന്ന് തഴയാനുള്ള കാരണം റിഷഭിന്റെ മോശം ഷോട്ട് തിരഞ്ഞെടുപ്പും ഉത്തരവാദിത്തക്കുറവുമാണെന്ന് പറയാം. എന്ത് പിഴവ് പറ്റിയാലും ടീമില്‍ തുടരുമെന്ന അമിത ആത്മവിശ്വാസം റിഷഭിനുണ്ടായിരുന്നു.

മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ പലപ്പോഴും റിഷഭ് തയ്യാറായിരുന്നില്ല. വലിയ സ്‌കോര്‍ നേടാന്‍ തുടര്‍ച്ചയായി സാധിക്കാതെ വന്നതോടെ റിഷഭിനെ മാറ്റി നിര്‍ത്താന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ സഞ്ജു സാംസണ്‍ ഓപ്പണറായി എത്തുകയും റിഷഭ് ബാക്കപ്പായി ഒതുങ്ങുകയും ചെയ്തു. സഞ്ജു ലഭിച്ച അവസരത്തെ നന്നായി മുതലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റിഷഭിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.

നിലവില്‍ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലാണ്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് സൂചന. സഞ്ജുവിന് കൂടുതല്‍ മത്സരം നഷ്ടമായാല്‍ റിഷഭിന് ഇത് മുതലാക്കി മികവ് കാട്ടി കൈയടി നേടിയെടുക്കാവുന്നതാണ്.

Story first published: Monday, March 17, 2025, 6:43 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+