ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. പല ടീമുകളും പരിശീലകരെയടക്കം മാറ്റിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയിട്ടുണ്ട്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്കെത്തിച്ച രാജസ്ഥാന്‍ രണ്ടാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
സഞ്ജു സാംസണെ നായകനാക്കിത്തന്നെ രാജസ്ഥാന്‍ മുന്നോട്ട് പോകുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വരുന്ന മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജുവിനൊപ്പം ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നുറപ്പാണ്. സഞ്ജുവിനെ നായകനാക്കി മുന്നോട്ട് പോകുന്നത് രാജസ്ഥാന് വലിയ ആരാധക പിന്തുണ ലഭിക്കാന്‍ കാരണമാവുന്നുണ്ട്.
എന്നാല്‍ യശ്വസി ജയ്‌സ്വാളിനെ നായകനാക്കി വളര്‍ത്താന്‍ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്. ഇത് ഭാവിയിലേക്ക് ടീമിന് വലിയ ഗുണം ചെയ്യും. ജയ്‌സ്വാളിനെ ക്യാപ്റ്റനായി വളര്‍ത്തേണ്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
ജയ്‌സ്വാള്‍ ഭാവി സൂപ്പര്‍ ഹീറോ
ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി വരാന്‍ സാധ്യതയുള്ളയാളാണ് യശ്വസി ജയ്‌സ്വാള്‍. ഇതിനോടകം ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി കളിക്കാനും മികച്ച പ്രകടനം നടത്താനും ജയ്‌സ്വാളിനായിട്ടുണ്ട്. സൗരവ് ഗാംഗുലിയോട് പോലും താരതമ്യപ്പെടുത്തുന്ന തരത്തിലാണ് ജയ്‌സ്വാളിന്റെ പ്രകടനം. ഇടം കൈയന്‍ ഓപ്പണര്‍ റോളില്‍ ജയ്‌സ്വാള്‍ തല്ലിത്തകര്‍ക്കുന്നു. 10 ടെസ്റ്റില്‍ നിന്ന് 67.75 ശരാശരിയില്‍ 1084 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്.
ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 23 ടി20യില്‍ നിന്ന് 36.15 ശരാശരിയില്‍ 723 റണ്‍സും ജയ്‌സ്വാളിന്റെ പേരിലുണ്ട്. ടി20യില്‍ സെഞ്ച്വറിയടക്കം നേടാന്‍ ഇതിനോടകം ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. 22കാരനായ താരം ഭാവിയില്‍ ഇന്ത്യയുടെ ഇതിഹാസമാണെന്ന് നിസംശയം പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിന്റെ മുഖമായി വളരാന്‍ കഴിവുള്ള താരമാണ്.

ക്യാപ്റ്റന്‍സി നല്‍കി ടീമില്‍ നിലനിര്‍ത്തണം
ജയ്‌സ്വാളിനെപ്പോലൊരു പ്രതിഭക്ക് ദീര്‍ഘകാലം രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം തുടരാനാവും. അതുകൊണ്ടുതന്നെ തന്നെ നായകസ്ഥാനം നല്‍കി ജയ്‌സ്വാളിനെ പതിയെ വളര്‍ത്താന്‍ രാജസ്ഥാന്‍ ശ്രമിക്കേണ്ടതായുണ്ട്. സഞ്ജു സാംസണ്‍ നായകനായി തുടരുമ്പോള്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കി ജയ്‌സ്വാളിനെ വളര്‍ത്താം. അടുത്ത രണ്ട് സീസണിലും സഞ്ജുവിന് കീഴില്‍ കപ്പടിക്കാന്‍ സാധിക്കാതെ പോയാല്‍ രാജസ്ഥാന്‍ പുതിയ നായകനെ തേടിയേക്കും.
ഈ സമയത്ത് പരിഗണിക്കാന്‍ സാധിക്കുന്ന താരം ജയ്‌സ്വാളാണ്. അപ്പോഴേക്കും ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമായി ജയ്‌സ്വാള്‍ മാറിയേക്കും. വലിയ ഭാവി ജയ്‌സ്വാളിനുണ്ടെന്ന് ഇതിനോടകം വ്യക്തമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ടീമില്‍ നിലനിര്‍ത്താന്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി പിന്തുണക്കേണ്ടത് അത്യാവശ്യമാണ്.
സഞ്ജുവിന് ഇനി വലിയ ഭാവിയില്ല
സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിനൊപ്പം ഇനി വലിയ ഭാവിയുണ്ടെന്ന് കരുതാനാവില്ല. സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജു ഡെക്കായിരുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണെ പരിഗണിച്ചേക്കും. എന്നാല്‍ സ്ഥിരതയില്ലാത്ത സഞ്ജുവിന് ഇനിയും അധികം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.
അതുകൊണ്ടുതന്നെ അടുത്ത സൂപ്പര്‍ താരമാകാന്‍ കെല്‍പ്പുള്ള ജയ്‌സ്വാളിനെപ്പോലൊരു താരത്തെ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാമെന്ന് പറയാം. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കടക്കം ജയ്‌സ്വാളിന് ഉയരാന്‍ സാധിച്ചേക്കും. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ക്യാപ്റ്റനായി വളര്‍ത്താതിരുന്നാല്‍ അത് രാജസ്ഥാന് വലിയ നഷ്ടമാവും.